പാലിയേക്കരയിലെ ടോൾ പിരിവിന്റെ കാര്യത്തിൽ അപ്പീൽ നൽകി ആപ്പിലായിരിക്കുകയാണ് ദേശീയപാതാ അതോറിട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് കേരള ഹൈക്കോടതിയാണ് ആദ്യം നാലാഴ്ചത്തേക്ക് തടഞ്ഞത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിട്ടി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അപ്പോൾ കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്ചത്തെ സമയം അതോറിട്ടി ചോദിച്ചിരുന്നു. വീണ്ടും കേസ് പരിഗണിച്ചപ്പോൾ മൂന്നുമാസം കൂടി വേണമെന്ന് അതോറിട്ടി പറഞ്ഞപ്പോഴാണ് നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് അതോറിട്ടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ കേസ് പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ച ചോദ്യങ്ങൾ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചവ തന്നെയാണ്!
പന്ത്രണ്ട് മണിക്കൂർ ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന ജനങ്ങൾ എന്തിന് 150 രൂപ ടോൾ കൊടുക്കണമെന്ന് ആരാഞ്ഞ കോടതി, പണം നൽകേണ്ടത് യാത്രക്കാർക്കാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ്‌ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ടോൾ ചുമത്തുന്ന മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 65 കിലോമീറ്റർ ദൂരം പിന്നിടാൻ പരമാവധി ഒരു മണിക്കൂറാണ് വേണ്ടത്. ഇപ്പോൾ അവിടെ റോഡ് നിർമ്മാണം നടക്കുന്നതിനാൽ 11 മണിക്കൂർ വരെ കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്. പാലിയേക്കരയിൽ വാഹനങ്ങൾ നിരനിരയായി നിശ്ചലമായി കിടക്കുന്നത് സംസ്ഥാനത്തെ മിക്കവാറും വാർത്താമാദ്ധ്യമങ്ങളിലൊക്കെ വന്നിട്ടുള്ളതാണ്. എന്നാൽ അതോറിട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഫോട്ടോയിൽ കുരുക്ക് കാണാനില്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോയെടുക്കാൻ ദേശീയപാതാ അതോറിട്ടി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ദിവസങ്ങളോളം ക്ഷമയോടെ വനത്തിൽ കാത്തിരുന്നാണ് വന്യജീവി ഫോട്ടോഗ്രാഫർമാർ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും അപൂർവ ചിത്രങ്ങൾ പകർത്തുന്നത്. അതുപോലെ, മണിക്കൂറുകൾ കാത്തിരുന്ന് കുരുക്കഴിഞ്ഞപ്പോൾ എടുത്ത ചിത്രമല്ലേയിത് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യത്തിൽ നിന്ന് മനസിലാക്കേണ്ടത്. കേരളത്തിലെ മഴ കാരണമാണ് പാലിയേക്കരയിലെ സർവീസ് റോഡുകളുടെ പണി വൈകുന്നതെന്നാണ് അതോറിട്ടിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചത്. എന്നാൽ മഴ കഴിഞ്ഞതിനു ശേഷം ടോൾ പിരിച്ചാൽ പോരേ എന്നും, മഴ നിറുത്തണമെന്ന് തങ്ങൾക്ക് ഉത്തരവിറക്കാൻ കഴിയില്ലല്ലോ എന്നുമാണ് ജസ്റ്റിസ് വിനോദ്‌ചന്ദ്രൻ പറഞ്ഞത്. താനും ആ വഴി യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നുമാണ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചത്. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് രണ്ട് ജസ്റ്റിസുമാരും പറഞ്ഞു.
റോഡ് നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാഞ്ഞതിനെത്തുടർന്നാണ് ടോൾപിരിവ് നിറുത്തിവയ്പിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിലും മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡുകളിൽ അരമണിക്കൂറോളം വാഹനങ്ങൾക്ക് കിടക്കേണ്ടിവരുന്നുണ്ട്. ഇതു കഴിഞ്ഞ് കോവളത്തേക്ക് പോകുന്ന വണ്ടികൾക്ക് ടോൾ കൊടുക്കേണ്ടിവരുന്നു. ഇത്തരം നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ടോൾ പിരിവ് നിറുത്തിവയ്‌ക്കാനുള്ള സാമാന്യയുക്തിയും മര്യാദയുമാണ് ദേശീയപാതാ അതോറിട്ടി കാണിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |