ഏറ്റവും സുരക്ഷിത യാത്രാമാർഗമെന്ന നിലയിൽ ജനങ്ങൾക്കിടയിൽ ട്രെയിനുകൾക്ക് പ്രഥമസ്ഥാനമാണുള്ളത്. ആ വിശ്വാസത്തിനു ഭംഗം വരുത്തുന്ന തരത്തിൽ ഈയിടെയായി വലിയ ചില അപകടങ്ങൾ സംഭവിക്കുന്നു. സംസ്ഥാനത്ത് റെയിൽവേ സൗകര്യം ഇപ്പോഴും വേണ്ടതോതിൽ വികസിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി ട്രെയിനുകൾ ഓടുന്നുണ്ട്. പുതിയ ട്രെയിനുകൾക്കുവേണ്ടി നിരന്തരം മുറവിളികൾ ഉയരാറുണ്ടെങ്കിലും അതിനുവേണ്ട സൗകര്യങ്ങളുടെ അഭാവത്താൽ ആവശ്യങ്ങൾ നിറവേറ്റപ്പെടാറില്ല. അതിനിടയിലാണ് ജനങ്ങളിൽ ഭയംജനിപ്പിക്കുംവിധം ചിലരുടെ സംഘടിതമായ ദുഷ്‌പ്രവൃത്തികൾ. വടക്കൻ ജില്ലകളിൽ ഈ അടുത്തകാലത്ത് യാത്രാവണ്ടികൾക്കു നേരെ കല്ലേറുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവമായി അവഗണിക്കാനാകില്ല. ഈ സാമൂഹ്യവിരുദ്ധ പ്രവൃത്തികൾക്ക് സംഘടിത സ്വഭാവം കൈവന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഒന്നര വർഷത്തിനിടെ ഇരുപതോളം ട്രെയിനുകൾക്കു നേരെയാണ് കല്ലേറ് നടന്നത്. വന്ദേഭാരത് ഉൾപ്പെടെ പല ട്രെയിനുകൾക്കും നേരെയും കല്ലേറുണ്ടായി. ട്രെയിനുകളുടെ ചില്ലുവാതിലുകൾ പൊട്ടിയ സംഭവവും ഉണ്ട്.
കുട്ടികളുടെ കുരുത്തക്കേടുകളല്ല ഈ സംഭവങ്ങൾക്കു പിന്നിലെന്നു കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാകണം റെയിൽവേ സംരക്ഷണസേന ആക്രമണം നടന്ന പ്രദേശങ്ങളുൾപ്പെടുന്ന സ്റ്റേഷനുകളുടെ പരിധിയിൽ വിപുലമായ അന്വേഷണം നടത്തുന്നത്. കണ്ണൂരിലും നീലേശ്വരത്തും മൂന്ന് ദിവസം മുൻപും ട്രെയിനുകൾക്കു നേരെ കല്ലേറ് നടന്നു. ട്രെയിനിലെ ജനൽഗ്ളാസ് പൊട്ടുകയും ചെയ്തു. യാത്രക്കാർക്കും ചില്ലറ പരിക്ക് പറ്റാറുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന കല്ലേറ് യാത്രക്കാരെ പരിഭ്രാന്തരാക്കുന്നത് സ്വാഭാവികമാണ്. എപ്പോൾ, എവിടെ നിന്നാണ് കല്ലേറ് വരുന്നതെന്നു നിശ്ചയമില്ലാത്തതിൽ ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഓരോ നിമിഷവും യാത്രക്കാർ പേടിച്ചാണ് ഇരിക്കുന്നത്.
കേരളത്തിൽ തീവണ്ടിപ്പാതകൾ അധികവും കടന്നുപോകുന്നത് ജനവാസ മേഖലകളിലൂടെയാണ്. അതുകൊണ്ടുതന്നെ രാപകൽ ഭേദമെന്യേ ഏറ്റവും സുരക്ഷിതമാണ് ഇവിടെ ട്രെയിൻ യാത്ര. തുടർച്ചയായുണ്ടാകുന്ന കല്ലേറിനു പിന്നിൽ കുത്സിത ശക്തികൾക്കു പങ്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സാമൂഹ്യവിരുദ്ധശക്തികളെ കണ്ടുപിടിച്ച് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം. ഇപ്പോൾ ട്രെയിനിനു കല്ലെറിയാൻ മടിക്കാത്തവർ കൂടുതൽ അപകടകരമായ പ്രവൃത്തികൾക്കു തുനിയുകയില്ലെന്നു ആർക്കു പറയാനാകും. സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളങ്ങളിൽ ഉടനീളം കാവലേർപ്പെടുത്തുക സാദ്ധ്യമല്ല. അതുകൊണ്ടുതന്നെ അക്രമികളെ കണ്ടെത്താൻ ജനസഹകരണവും കൂടിയേ തീരൂ. അസ്വാഭാവിക നീക്കങ്ങൾ പാളങ്ങൾക്ക് ഇരുവശവും താമസിക്കുന്നവർക്ക് കണ്ടെത്താനാവും. ജനങ്ങൾകൂടി നിരീക്ഷിക്കുന്നുണ്ടെന്നു കണ്ടാൽ സാമൂഹ്യവിരുദ്ധർ മാളത്തിലൊളിക്കുമെന്നു തീർച്ചയാണ്. റെയിൽ പാളങ്ങളുടെ ഇരുവശങ്ങളിലെയും കുറ്റിക്കാടുകൾ വെട്ടിവൃത്തിയാക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഇപ്പോൾ പലേടത്തും ആൾപൊക്കത്തിലാണ് കാട്ടുപുല്ലും ചെടികളും വളർന്നുനില്‌ക്കുന്നത്. ഇവയ്ക്കിടയിൽ ഒളിച്ചുനിന്ന് കല്ലെറിയാൻ നല്ല സൗകര്യമാണ്. പാളങ്ങളുടെ സുരക്ഷയിൽ കാണിക്കുന്ന താത്‌പര്യം പാളം കടന്നുപോകുന്ന പ്രദേശങ്ങളിലും കാണിക്കേണ്ട കാലമാണിത്. ശക്തമായ നിരീക്ഷണവും പരിശോധനയും കൂടിയേ തീരൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |