ശമ്പളത്തിന് ആനുപാതികമായ ഉയർന്നപെൻഷൻ നൽകണമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി ഉത്തരവിട്ടതാണെങ്കിലും ഇക്കാര്യത്തിലുള്ള അവ്യക്തതകൾ ഇനിയും നീങ്ങിയിട്ടില്ല. ഉയർന്ന പെൻഷനുള്ള ഒാപ്ഷൻ നൽകിയവർക്ക് ഉയർന്നതുക ലഭിക്കുമോ എന്നതിലും സംശയങ്ങൾ നിലനിൽക്കുന്നു. ഇക്കാര്യത്തിൽ തുടക്കം മുതൽ ഇ.പി.എഫ്.ഒ യുടെ ഭാഗത്തുനിന്നും നിഷേധാത്മക സമീപനമാണുള്ളത്. അസാദ്ധ്യമായ പല ഉപാധികളും മുന്നോട്ടുവച്ച് പരമാവധി പേരെ എങ്ങനെ ഒഴിവാക്കാം എന്നതിലാണ് ഇ.പി.എഫ്.ഒ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഉയർന്ന പെൻഷന് ഒാപ്ഷൻ നൽകാൻ സുപ്രീംകോടതി നാലുമാസം അനുവദിച്ചിരുന്നെങ്കിലും മൂന്നരമാസത്തോളം ഇ.പി.എഫ്.ഒ അനങ്ങാതിരുന്നു. ഒടുവിൽ ഫെബ്രുവരി 20നാണ് ഒാപ്ഷൻ ലഭ്യമാക്കി സർക്കുലർ പുറപ്പെടുവിച്ചത്. അപ്പോൾപ്പിന്നെ നാലുമാസം അവസാനിക്കാൻ 12 ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിൽ ശക്തമായ വിമർശനം ഉയർന്നതിനെത്തുടർന്നാണ് രണ്ടുമാസം കൂടി നീട്ടി മേയ് മൂന്ന് വരെ സമയം നൽകിയത്. എന്നിട്ടും പല കാര്യങ്ങളിലും ആശങ്കകൾ നിലനിൽക്കുകയാണ്. അതിലൊന്ന് ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാനുള്ള ഒാപ്ഷൻ നൽകിയതിന്റെ പകർപ്പ് ഹാജരാക്കണമെന്ന നിബന്ധനയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ പകർപ്പ് ഹാജരാക്കാതെ തന്നെ ഉയർന്ന ഒാപ്ഷൻ നൽകാൻ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി ഒാൺലെെൻ പ്ളാറ്റ്ഫോമിൽ മാറ്റം വരുത്തണമെന്നും കഴിയുന്നില്ലെങ്കിൽ ഉയർന്ന പെൻഷനുള്ള ഒാപ്ഷൻ പേപ്പർ രൂപത്തിൽ സ്വീകരിക്കണമെന്നുമുള്ള ജസ്റ്റിസ് എ.എ സിയാദ് റഹ്‌മാന്റെ ഉത്തരവ് നിരവധി പേർക്ക് ആശ്വാസം പകരുന്നു. ഉയർന്ന പെൻഷന് ഒാപ്ഷൻ നൽകാൻ ഇ.പി.എഫ്.ഒ സ്കീമിലെ 26(6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാൻ ഒാപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥക്കെതിരെ വിരമിച്ച ബി.എസ്.എൻ.എൽ ജീവനക്കാരാണ് ഹർജി നൽകിയത്. പത്തുദിവസത്തിനുള്ളിൽ ഇതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സമയം മേയ് മൂന്നിന് അവസാനിക്കുന്നത് കണക്കിലെടുത്താണ് അടിയന്തര നടപടിക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാനുള്ള ഒാപ്ഷൻ നൽകാതെതന്നെ ഒട്ടേറെ ജീവനക്കാർ കൂടിയ തുക അടച്ചിട്ടുണ്ടെന്ന് ഹർജിക്കാർ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്താലാണ് ഉത്തരവ്. വിചാരിച്ചിരുന്നെങ്കിൽ പെൻഷൻകാരെ വീണ്ടും കോടതികയറ്റാതെ ഇ.പി.എഫ് ഒയ്ക്ക് തന്നെ പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളാണ് ഇവയൊക്കെ. എന്നാൽ അതിന് അവർ തയാറാകുന്നില്ലെന്ന് മാത്രമല്ല കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ച് പരമാവധി പേരെ ഉയർന്ന പെൻഷൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് സുപ്രീംകോടതി വിധിക്കുശേഷം നടന്നുകൊണ്ടിരിക്കുന്നത്.
ജോലിചെയ്തിരുന്ന കമ്പനികളിൽ നിന്നുള്ള പേപ്പറുകൾ ഹാജരാക്കണമെന്നതിലും ആശങ്കയുണ്ട്. 2014 ന് ശേഷം പൂട്ടിപ്പോയ കമ്പനികളിൽ നിന്നുള്ളവർ ഇതെങ്ങനെ ഹാജരാക്കാനാണ്. ജീവനക്കാരന്റെ പി.എഫ് നമ്പർ നോക്കിയാൽ ഇ പി.എഫഫ്.ഒയ്ക്ക് തന്നെ അയാൾ ഉയർന്ന പെൻഷന് അർഹനാണോ എന്ന് തീരുമാനിക്കാവുന്നതാണ്. അതിന് കൂടുതൽ തുക അങ്ങോട്ട് അടയ്ക്കണമെങ്കിൽ അതറിയിച്ചാൽ ഭൂരിപക്ഷംപേരും തയാറാകും. അതിന് പി.എഫ് നമ്പരുകാരൻ ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നുണ്ടോ അങ്ങനെ തിരഞ്ഞെടുത്താൽ കൂടുതൽ തുക നൽകാൻ തയാറാണോ എന്നീ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതി. ഇത്രയും ലളിതമായി പരിഹരിക്കേണ്ട പ്രശ്നം നൂലാമാലകൾ സൃഷ്ടിച്ച് ആശങ്ക ഉയർത്തി മുന്നോട്ട് കൊണ്ടുപോകുന്നത് ശരിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |