SignIn
Kerala Kaumudi Online
Thursday, 02 May 2024 4.16 PM IST

പ്രാകൃത സമരമുറ മാറണം

hartal

ഹർത്താൽ ആഹ്വാനം ആരു പുറപ്പെടുവിച്ചാലും ജനങ്ങൾ പഞ്ചപുച്ഛമടക്കി അതു അനുസരിച്ചുകൊള്ളണമെന്നത് കേരളത്തിൽ അലിഖിത നിയമമാണ്. ഹർത്താൽദിനം വാഹനങ്ങൾ നിരത്തിലിറക്കുകയോ ആളുകൾ യാത്രയ്ക്കൊരുങ്ങുകയോ ചെയ്താൽ ഹർത്താലനുകൂലികളുടെ നിർദ്ദയമായ ദണ്ഡനമുറകൾ നേരിടേണ്ടിവരുമെന്നുള്ളത് തീർച്ചയാണ്. കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതും തുറന്നിരിക്കുന്ന സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതും സംസ്ഥാനത്ത് സാധാരണ ഹർത്താൽ കാഴ്ചകളാണ്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് പലയിടത്തും അക്രമങ്ങൾ അരങ്ങേറി.

അക്രമമുണ്ടായാൽ നേരിടുമെന്നും സാധാരണ ജനജീവിതം തടസപ്പെടുത്താൻ അനുവദിക്കുകയില്ലെന്നും ഹർത്താൽ തലേന്ന് സർക്കാർ പ്രസ്താവനയിറക്കിയിരുന്നു. പതിവുപോലെ അതിന് കടലാസിന്റെ വില പോലുമില്ലായിരുന്നുവെന്ന് വെള്ളിയാഴ്ച നടന്ന വ്യാപകമായ അക്രമസംഭവങ്ങൾ തെളിയിച്ചു. കേരളത്തെ സംബന്ധിച്ച് ഇതൊന്നും പുതുമയുള്ള കാ‌ര്യമല്ലെങ്കിലും ജനജീവിതം ഇതുപോലെ തടസപ്പെടുത്തുന്ന പ്രതിഷേധമുറകൾ നിർവിഘ്നം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വല്ലാത്ത ദുര്യോഗം തന്നെയാണ്. റെയ്‌ഡും അറസ്റ്റും നടന്ന മറ്റ് പതിനാലു സംസ്ഥാനങ്ങളിലൊന്നും കേരളത്തിലേതുപോലുള്ള ഹർത്താൽ സമരമുറ പുറത്തെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ജനങ്ങളുടെ നിത്യജീവിതം തകർക്കുന്ന അങ്ങേയറ്റം പ്രാകൃതവും മനുഷ്യവിരുദ്ധവുമായ സമരമുറയാണ് ഓരോ ഹർത്താൽ ദിനത്തിലും ഇവിടെ അരങ്ങേറുന്നത്. കടക്കെണിയിൽപ്പെട്ട് പാതാളത്തോളം എത്തിനിൽക്കുന്ന കെ.എസ്.ആർ.ടി.സിയുടെ എത്ര ബസുകളാണ് കഴിഞ്ഞ ദിവസം ഹർത്താലുകാർ എറിഞ്ഞുതകർത്തത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പാങ്ങില്ലാതെ ഉഴറുന്ന കോർപ്പറേഷന് ഒരു ദിവസത്തെ വരുമാനം മുടങ്ങിയാലുണ്ടാകാവുന്ന പ്രയാസം ഉൗഹിക്കാവുന്നതേയുള്ളൂ. അതിനെക്കാൾ വലുതാണ് ട്രാൻസ്പോർട്ട് ബസുകൾ ഓടാതിരുന്നാൽ പൊതുജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ.

നിരവധി കൊച്ചുകൊച്ചു സ്ഥാപനങ്ങളാണ് ഹർത്താലുകാർ അടിച്ചുതകർത്തത്. അത്യാവശ്യ കാര്യങ്ങൾക്കായി സ്വന്തം വാഹനങ്ങളിലും വാടക വാഹനങ്ങളിലും യാത്രചെയ്തവർക്കു നേരെയും അക്രമങ്ങളുണ്ടായി. കേന്ദ്ര സർക്കാർ നടപടികളെ എതിർക്കാൻ ജനങ്ങളുടെമേൽ കുതിരകയറരുത്. ഇന്നലെ പല കേന്ദ്രങ്ങളിലും സുശക്തമായ പൊലീസ് സാന്നിദ്ധ്യത്തിലാണ് അക്രമസംഭവങ്ങൾ നടന്നത്. ഹർത്താൽ ഇവിടെ എല്ലാ കക്ഷികളും ആശ്രയിക്കുന്ന സമരമുറയായതിനാൽ ഒരു പാർട്ടിയും അതിനെ തള്ളിപ്പറയാൻ മുന്നോട്ടുവരില്ല. അതുകൊണ്ടാണ് കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിച്ച് കൂടക്കൂടെ ഇവിടെ ഹർത്താൽ കൊണ്ടാടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PFI PROTEST VIOLENCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.