SignIn
Kerala Kaumudi Online
Friday, 26 April 2024 11.56 PM IST

ഭവന പദ്ധതികൾക്ക് പൂങ്കുളം മാതൃക വേണ്ട

photo

തിരുവനന്തപുരം നഗരസഭ പൂങ്കുളത്ത് പാവപ്പെട്ടവർക്കു വേണ്ടി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസം ഗുണഭോക്താക്കൾക്ക് കൈമാറുകയുണ്ടായി. രണ്ടു ഫ്ളാറ്റുകളിലുമായി പന്ത്രണ്ടു കുടുംബങ്ങൾക്കാണ് ഇതിനുള്ള ഭാഗ്യം ലഭിച്ചത്. മൂന്നു നിലകൾ വീതമുള്ള പന്ത്രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ ഇതിനകം രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനേ കഴിഞ്ഞുള്ളൂ. സർക്കാർ പദ്ധതി നിർവഹണത്തിലെ കാലതാമസം ഏവർക്കും അറിയാവുന്നതിനാൽ ഫ്ളാറ്റ് നിർമ്മാണം ഇത്രയധികം വൈകിയതെന്ത് എന്ന ചോദ്യത്തിനു പ്രസക്തിയില്ല. നൂറും ഇരുനൂറും ഫ്ളാറ്റുകളുള്ള വമ്പൻ സമുച്ചയങ്ങൾ രണ്ടോ മൂന്നോ വർഷം കൊണ്ട് സ്വകാര്യ ബിൽഡർമാർ പൂർത്തിയാക്കാറുണ്ട്. എന്നാൽ ഏറ്റവും കുറവു സൗകര്യങ്ങളോടെ സർക്കാരിനോ തദ്ദേശസ്ഥാപനങ്ങൾക്കോ പാർപ്പിട കേന്ദ്രങ്ങൾ കെട്ടിപ്പൊക്കാൻ വർഷങ്ങൾതന്നെ വേണ്ടിവരും. പൂങ്കുളത്തെ ഫ്ളാറ്റുകൾക്കുള്ള പദ്ധതി തയ്യാറായിട്ട് ഒരു വ്യാഴവട്ടത്തിനുമേലായി. വല്ലവിധേനയും ഇപ്പോഴാണ് അവയിൽ രണ്ടെണ്ണമെങ്കിലും തീർത്ത് ഭവനരഹിതർക്കു കൈമാറാനായത്.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭവനനിർമ്മാണ പദ്ധതികൾ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് സ്വന്തം വീടിനായി കാത്തിരിക്കുന്ന ഭവനരഹിതർ ഇനിയും പത്തുലക്ഷത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്തവരാണ് ഇവരിൽ ഭൂരിപക്ഷവും. ഇടതു സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അഞ്ചുലക്ഷം പേർക്ക് പാർപ്പിടം നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ലക്ഷ്യം പ്രാവർത്തികമാകണമെങ്കിൽ കഠിനപ്രയത്നം തന്നെ വേണ്ടിവരും. പൂങ്കുളം മാതൃകയിലാണ് നീങ്ങുന്നതെങ്കിൽ പത്തുകൊല്ലം കൊണ്ടും പാവപ്പെട്ടവർക്കു വീടുകൾ ഉണ്ടാകാൻ പോകുന്നില്ല.

പുതുതായി തയ്യാറാക്കിയ ഭവനരഹിതരുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഇനി നിർമ്മാണഘട്ടമാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ അത്യദ്ധ്വാനം തന്നെ വേണ്ടിവരും. ഇച്ഛാശക്തിയും ആർജ്ജവവും വേണ്ടതിലധികം ഉണ്ടെങ്കിലേ വിജയകരമായി പദ്ധതി പൂർത്തിയാവുകയുള്ളൂ. അതിനു വേണ്ട നടപടികൾ ഉണ്ടാകണം.

വിപണിയിൽ നിർമ്മാണ സാമഗ്രികൾക്കെല്ലാം അനുദിനം വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലും താളം തെറ്റിക്കുന്ന വിധത്തിലാണ് നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം. അൻപതു ചതുരശ്ര മീറ്ററിൽ ചെറിയൊരു പാർപ്പിടം നിർമ്മിക്കാൻ പോലും ലക്ഷങ്ങൾ വേണ്ടിവരും. നാലോ അഞ്ചോ ലക്ഷമാണ് സർക്കാർ ഭവനനിർമ്മാണ പദ്ധതിയനുസരിച്ച് നൽകുന്നത്. ഗുണഭോക്താക്കൾ ലക്ഷക്കണക്കിനുള്ളതിനാൽ ഉയർന്ന തോതിൽ സഹായം നൽകാൻ സർക്കാരിനാവില്ല. എന്നാൽ സമയക്ളിപ്തതയും മെച്ചപ്പെട്ട ആസൂത്രണ വൈദഗ്ദ്ധ്യവും ഉണ്ടെങ്കിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന നിർമ്മാണച്ചെലവ് ഒരു പരിധിവരെയെങ്കിലും മറികടക്കാനാവും. പാവപ്പെട്ടവർക്കു വേണ്ടിയുള്ള ഭവനനിർമ്മാണ പദ്ധതികളുടെ നടത്തിപ്പ് വഴിപാടായി കാണാൻ ശ്രമിക്കരുത്. വലിയൊരു പുണ്യപ്രവൃത്തിയായി കണ്ട് അർപ്പണബോധമുള്ളവരെ വേണം അതിന്റെ നടത്തിപ്പ് ഏല്പിക്കാൻ.

പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ചെറ്റക്കുടിലുകളിൽ കഴിയുന്നുണ്ട്. ഒറ്റയടിക്ക് മുഴുവൻപേരെയും പുനരധിവസിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഭവനരഹിതർക്കായുള്ള വിവിധ പദ്ധതികളുടെ ഗതിവേഗം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാൻ സർക്കാർ വിചാരിച്ചാൽ കഴിയും. ഭവനരഹിതരോടു കാണിക്കാവുന്ന ഏറ്റവും വലിയ സഹായകമാകും അത്. രണ്ട് മുറികളും അടുക്കളയുമുള്ള ചെറിയൊരു വീട് പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവരുന്നത് ഇതൊക്കെ നോക്കാനും വിലയിരുത്താനും ആരുമില്ലാത്തതുകൊണ്ടാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POONKULAM HOUSING PROJECT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.