SignIn
Kerala Kaumudi Online
Saturday, 27 April 2024 1.20 AM IST

സ്വകാര്യ ബസ് സമരം ഒഴിവാക്കണം

photo

ടിക്കറ്റ് നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ ഒൻപതു മുതൽ സർവീസ് നിറുത്തിവച്ച് സമരം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ബസുടമകളുടെ പന്ത്രണ്ടു സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. മിനിമം ടിക്കറ്റ് നിരക്ക് പന്ത്രണ്ടു രൂപയാക്കണം എന്നതടക്കം പല ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കുക തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്. ബസ് നടത്തിപ്പ് നാൾക്കുനാൾ ബാദ്ധ്യതയാകുന്ന സാഹചര്യത്തിൽ ബസുടമ സംഘടനകളുടെ ആവശ്യം അന്യായമെന്നോ അതിരുകടന്നതാണെന്നോ പറയാനാകില്ല. സ്വകാര്യ ബസുകളിൽ നല്ലൊരു ഭാഗം സാധാരണക്കാരുടേതാണ്. ചെലവ് തട്ടിക്കഴിച്ചാൽ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാൻ അധികമൊന്നും കാണുകയില്ല. ഓരോ വർഷം കഴിയുന്തോറും നിരത്തുകളിൽ നിന്ന് ഒഴിഞ്ഞുപോകുന്ന ബസുകളുടെ കണക്കെടുത്താലറിയാം ഈ മേഖല എത്രമേൽ അനാകർഷകമായി തീർന്നിരിക്കുകയാണെന്ന്.

നൂറു രൂപയും കടന്ന് നില്‌ക്കുന്ന ഡീസൽ വിലയാണ് ബസുടമകളുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. ഒപ്പം കൊവിഡ് മഹാമാരി സൃഷ്ടിച്ച കനത്ത ആഘാതത്തെയും നേരിടേണ്ടി വരുന്നു. യാത്രക്കാരുടെ സംഖ്യ ഗണ്യമായി കുറഞ്ഞതിനൊപ്പം കയറ്റാവുന്ന യാത്രക്കാരുടെ സംഖ്യയിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളും വൻതോതിലുള്ള വരുമാനച്ചോർച്ചയ്ക്കു കാരണമാകുന്നു. പത്തുവർഷം മുൻപ് മുപ്പതിനായിരത്തിലധികം സ്വകാര്യ ബസുകൾ ഓടിയിരുന്നെങ്കിൽ ഇപ്പോൾ പന്ത്രണ്ടായിരമായി ചുരുങ്ങിയിരിക്കുകയാണ്. പ്രവർത്തനച്ചെലവ് ഭീമമായി വർദ്ധിക്കുന്നതിന് അനുസരണമായി വരുമാനമുണ്ടാക്കാനായില്ലെങ്കിൽ സർവീസ് നിറുത്തിവയ്ക്കുകയല്ലാതെ പലർക്കും വേറെ വഴിയില്ല.

നാലായിരമോ അയ്യായിരമോ കെ.എസ്.ആർ.ടി.സി ബസുകളാണ് സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങൾക്കും ആശ്രയം സ്വകാര്യ ബസുകൾ തന്നെയാണ്. ഇവ മുടങ്ങിയാലുണ്ടാകാവുന്ന ആഘാതം സർക്കാരിനും ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ബസുടമ പ്രതിനിധികളെ വിളിച്ച് കൂടിയാലോചനയിലൂടെ പ്രശ്നപരിഹാരം നേടാൻ ഒട്ടും വൈകരുത്. സമരം തുടങ്ങിയശേഷം ചർച്ചയെന്ന സമീപനവും പാടില്ല. ഇന്ധനവില പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനു മാത്രമായി വലുതായൊന്നും ചെയ്യാനില്ലെന്നതു സ്പഷ്ടമാണ്. ആകെ ചെയ്യാനാവുന്നതു ബസ് ചാർജ് ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പരിഷ്കരിക്കുക മാത്രമാണ്. മിനിമം നിരക്ക് ബസുടമകൾ ആവശ്യപ്പെട്ടതുപോലെ പന്ത്രണ്ടാക്കിയില്ലെങ്കിലും പത്തെങ്കിലുമായി പുതുക്കാവുന്നതാണ്. അതുപോലെ കിലോമീറ്റർ നിരക്കിലും യുക്തിസഹമായ മാറ്റം വരുത്തേണ്ടതാണ്. ബസ് നടത്തിപ്പിൽ കെ.എസ്.ആർ.ടി.സിക്ക് എത്ര നഷ്ടം വന്നാലും സർക്കാർ സഹായത്തിനെത്തും. അതുകൊണ്ടുതന്നെ കെ.എസ്.ആർ.ടി.സി യാകരുത് ബസ് നിരക്കു നിശ്ചയിക്കുന്നതിന് ആധാരം. സ്വകാര്യ ബസിൽ വിദ്യാർത്ഥികളുടെ കുറഞ്ഞ നിരക്ക് വളരെക്കാലമായി വലിയ തർക്കവിഷയമാണ്. മാറ്റമില്ലാതെ അത് നിലനിറുത്തണമെന്നു വാദിക്കുന്നത് അനീതിയാണ്. നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ സ്‌കൂൾ ട്രിപ്പിന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട വലിയ നിരക്കു നോക്കിയാൽ സ്വകാര്യ ബസുടമകളുടെ ആവശ്യം എങ്ങനെ നിരാകരിക്കാനാകും?

പലവിധത്തിലുള്ള പ്രാരാബ്ധങ്ങളിൽപ്പെട്ട് ഉഴലുന്ന ജനങ്ങൾക്ക് ഇനി ബസ് സമരം കൂടി നേരിടേണ്ടിവന്നാൽ വല്ലാത്ത ദുര്യോഗമാകും . അതിനിടകൊടുക്കാതെ സമരം ഒഴിവാക്കാനുള്ള വഴി തേടണം. ബസ് നിരക്ക് നിർണയത്തിന്റെ പ്രധാന ഘടകം ഇന്ധന വിലയാണ്. അതാകട്ടെ മുൻപ് നിരക്കു പരിഷ്കരിച്ച സമയത്തുണ്ടായിരുന്നതിന്റെ എഴുപത്തഞ്ച് ശതമാനം ഉയർന്നുകഴിഞ്ഞു. ഈ ഒറ്റക്കാരണം മതി ഗതാഗത നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE BUS STRIKE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.