SignIn
Kerala Kaumudi Online
Saturday, 27 April 2024 3.15 AM IST

അഗ്നിപഥും പ്രക്ഷോഭവും

photo

അതീവ കാര്യക്ഷമമായും അച്ചടക്കത്തോടെയും പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും സുപ്രധാനമായ വിഭാഗമാണ് സായുധസേന. രാഷ്ട്രീയവത്‌കരണം തീരെ കടന്നുകയറിയിട്ടില്ലാത്ത മേഖല. വിദഗ്ദ്ധരും വീരന്മാരുമായ മേധാവികളാണ് അതിന് നേതൃത്വം നൽകുന്നത്. അതിന്റെ പ്രയോജനം രാജ്യത്തിന് അളവില്ലാതെ ലഭിക്കുന്നുണ്ട്.

സ്ഥിരം നിയമനവും പെൻഷനും ലഭിക്കുന്ന സംവിധാനമാണ് പട്ടാളത്തിന് നിലവിലുള്ളത്. അഗ്‌നിപഥ് പദ്ധതിയുടെ ആവിഷ്ക്കാരത്തോടെയാണ് അതിൽ മാറ്റം വരാൻ പോകുന്നത്. കാലങ്ങൾ കഴിയുമ്പോൾ ഏതൊരു സ്ഥാപനത്തിലും സംവിധാനത്തിലും മാറ്റങ്ങൾ വേണ്ടിവരും. പ്രായം കൂടിയവരുടെ എണ്ണം അധികരിച്ച് നിൽക്കുന്ന ഒരു സേന ഒരു രാജ്യത്തിനും അഭികാമ്യമല്ല. ചൈന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പ്രായം കൂടിയ പട്ടാളക്കാരുടെ എണ്ണം അധികരിച്ചതാണ്. പട്ടാളത്തിലായാലും ജുഡിഷ്യറിയിലായാലും രാഷ്ട്രീയത്തിലായാലും ചെറുപ്പക്കാരുടെ എണ്ണം കൂടേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണ്. ചെറുപ്പക്കാർ പുതിയ സാങ്കേതികവിദ്യകളുമായി വേഗം ചേർന്നുപോകുമ്പോൾ പഴയ തലമുറയിലുള്ളവർക്ക് ഏറെ സമയവും പ്രയത്നവും ആവശ്യമാണ്. ഇത് മുൻകൂട്ടിക്കണ്ടാണ് പ്രതിരോധവകുപ്പ് അഗ്നിപഥിന് രൂപം നൽകിയത്.

ഭാവിയിൽ രാജ്യം അഭിമുഖീകരിക്കേണ്ടിവരുന്ന സുരക്ഷാവെല്ലുവിളികളെ നേരിടാൻ യുവസൈനികരെ കൊണ്ടുവരാൻ ഉദ്ദേശിച്ച് രൂപം നൽകിയ പ്രക്രിയയാണ് അഗ്ന‌ിപഥ്. ഇതനുസരിച്ച് 46,000 പേരെ കര, നാവിക, വായു സേനകളിൽ 90 ദിവസത്തിനുള്ളിൽ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ പദ്ധതി. ഇതിനുള്ള പ്രായം നിശ്ചയിച്ചതിൽ രാജ്യത്തെ നിലവിലുള്ള സാഹചര്യം കൂടി പരിഗണിക്കേണ്ടതായിരുന്നു. 17.5 വയസിനും 21നും ഇടയിലുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹത നൽകിയിരുന്നുള്ളൂ. കൊവിഡ് ആയതിനാൽ കഴിഞ്ഞ രണ്ടുവർഷമായി പട്ടാളത്തിലേക്കുള്ള സ്ഥിരം റിക്രൂട്ട്‌മെന്റ് ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. അന്ന് അപേക്ഷിക്കാൻ കഴിയാത്തവരെ കൂടി പരിഗണിക്കാത്തതാണ് പ്രക്ഷോഭത്തിന്റെ പ്രധാന കാരണം. ഈ പിഴവ് തിരിച്ചറിയുകയും അടിയന്തരമായി കേന്ദ്ര മന്ത്രിസഭ കൂടി പ്രായപരിധി 23 ആയി ഈ വർഷത്തേക്ക് ഉയർത്തുകയും ചെയ്തു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് യു.പി, ബീഹാർ, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പട്ടാളത്തിൽ ചേരുന്നത്. ഇത്തരം സംസ്ഥാനങ്ങളിൽ മദ്ധ്യവർഗ കുടുംബങ്ങളിൽ നിന്ന് ഒരംഗമെങ്കിലും പട്ടാളത്തിലുണ്ടായിരിക്കും. അത്തരം കുടുംബങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടുവർഷമായി കാത്തിരുന്നവർക്ക് ഇനി അപേക്ഷിക്കാൻ കഴിയില്ലെന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. കേന്ദ്ര സർക്കാർ അതു തിരുത്തുകയും ചെയ്തു. അതിനപ്പുറം ട്രെയിൻ കത്തിച്ചും വ്യാപകമായ അക്രമസംഭവങ്ങൾ നടത്തിയും രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന് പിന്നിൽ പ്രതിപക്ഷകക്ഷികൾ മാത്രമല്ല മറ്റ് പലരും നുഴഞ്ഞുകയറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേന്ദ്ര ബഡ്‌ജറ്റിന്റെ മുപ്പതു ശതമാനത്തോളം നീക്കിവയ്ക്കുന്നത് പ്രതിരോധത്തിനാണ്. ഇതിൽ സിംഹഭാഗവും ശമ്പളവും പെൻഷനും നൽകാനാണ് ചെലവഴിക്കുന്നത്. ലോകം മാറുമ്പോൾ സൈന്യത്തിലും മറ്റു രാജ്യങ്ങളോട് കിടപിടിക്കുന്ന മാറ്റം ആവശ്യമാണ്. പ്രത്യേകിച്ചും ആധുനിക യുദ്ധോപകരണങ്ങളും സാങ്കേതികവിദ്യയും കൈവരിക്കുന്നതിൽ. അതിനൊക്കെ സഹായകരമായ അഗ്നിപഥ് പദ്ധതി ചിലർ തെരുവിലിറങ്ങി എന്നതിന്റെ പേരിൽ ഒരു കാരണവശാലും പിൻവലിക്കരുത്. അതേസമയം സ്ഥിരം റിക്രൂട്ട്‌മെന്റുകൾ തുടരുമെന്നതുൾപ്പെടെ വിശദീകരിച്ച് പ്രക്ഷോഭകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST AGAINST AGNEEPATH SCHEME
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.