SignIn
Kerala Kaumudi Online
Friday, 26 April 2024 6.34 PM IST

10,000 കോടിയുടെ മാസ്റ്റർ പ്ളാൻ

photo

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുകയും വളർത്തുകയും ചെയ്യുക എന്നതാണ് ഇടതു മന്ത്രിസഭയുടെ നയം. ഇതിന്റെ ചുവടുപിടിച്ച് പല പദ്ധതികളും സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലായതിനാൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുക എന്ന നയത്തിനാണ് കേന്ദ്ര സർക്കാർ കൂടുതൽ മുൻഗണന നൽകുന്നത്. സർക്കാർ എന്തുചെയ്താലും രക്ഷിക്കാൻ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന് നഷ്ടമേ വരുത്തൂ. അതേസമയം ചില മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭനഷ്ടത്തിനപ്പുറം ജനങ്ങൾക്ക് സേവനം നൽകുന്നതാണെങ്കിൽ അത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഇനിയുള്ള കാലത്ത് നഷ്ടത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെയും നികുതിപ്പണം നൽകി പിടിച്ചുനിറുത്താനാകില്ല. നഷ്ടം നികത്തി ലാഭത്തിലാക്കാൻ പുതിയ ടെക്നോളജിയും വൈവിദ്ധ്യവത്‌കരണവും ആവശ്യമാണ്. ഇതിലേക്കുള്ള ഒരു ചുവടുവയ്‌പ് എന്ന നിലയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വൈവിദ്ധ്യവത്കരണത്തിനുമായി 10,000 കോടിയുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുകയാണെന്ന് സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ് നടത്തിയ പ്രഖ്യാപനം തികച്ചും സ്വാഗതാർഹമാണ്.

കൊച്ചിയിൽ റിയാബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബിസിനസ് അലയൻസ് സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. വ്യവസായ വിദഗ്ദ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വ്യവസായ മേഖലയുമായി സഹകരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന നിലവാരമുള്ള ഉത്‌പന്നങ്ങൾ വികസിപ്പിക്കുക എന്നതാണ് മാസ്റ്റർ പ്ളാനിന്റെ ലക്ഷ്യം. 2021 സാമ്പത്തികവർഷം വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 32 ശതമാനം വർദ്ധിച്ച് 3,892.13 കോടിയിലെത്തിയതായുള്ള വിവരം പ്രതീക്ഷ നൽകുന്നതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനും സർക്കാർ ശ്രമം നടത്തണം. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇവിടത്തെ ചെറുപ്പക്കാർക്ക് പ്രയോജനപ്പെടണം. ഒരു ലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,11,091 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും മന്ത്രി അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 100 കോടി വീതം വിറ്റുവരവുള്ള 1000 ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. പ്രഖ്യാപനങ്ങളിൽ മാത്രം കാര്യങ്ങൾ ഒതുങ്ങരുത്. പ്രവർത്തനമാണ് പ്രധാനം. അതിനാൽ ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനവും വളർച്ചയും ഉറപ്പാക്കി ജനങ്ങളെ അറിയിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകണം. 10,000 കോടിയുടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപനം കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ വഴിത്തിരിവായി മാറാൻ ഇടയാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUBLIC SECTOR DEVELOPMENT; 10000 CRORE MASTER PLAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.