SignIn
Kerala Kaumudi Online
Thursday, 19 September 2024 5.04 AM IST

കാലത്തിനൊപ്പം മാറിയേ തീരൂ

Increase Font Size Decrease Font Size Print Page

photo

പ്രമാണം രജിസ്ട്രേഷനും അതുമായി ബന്ധപ്പെട്ട നൂലാമാലകളും വലിയ തലവേദന തന്നെയാണ്. മാറിയ കാലത്തിന് അനുസൃതമായി രജിസ്ട്രേഷൻ നടപടികൾ മാറാത്തതാണ് പ്രശ്നമാകുന്നത്. മുദ്ര‌പ്പത്രവും പഴയ മട്ടിലുള്ള എഴുത്തുരീതിയും രജിസ്ട്രേഷൻ ഓഫീസിനു മുമ്പിലുള്ള മനംമടുപ്പിക്കുന്ന കാത്തിരിപ്പുമൊക്കെ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള സേവനങ്ങളും ലളിതവും എളുപ്പവുമാക്കാൻ ഒരു വിഷമവുമില്ല. എന്നാൽ പുതിയ സാങ്കേതികവിദ്യ വരുമ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ടവർക്ക് തൊഴിൽ മുടങ്ങുമെന്നതിനാൽ മാറ്റത്തിന് അവർ എതിരാണ്. എല്ലാ വിഭാഗങ്ങളുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള സർക്കാരും ധൃതിപിടിച്ച് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ മടിക്കും.

ഭൂമി രജിസ്ട്രേഷന് ലളിതമായ ഫോറം സമ്പ്രദായം ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഭൂമി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണിത്. വിലയാധാരം, ധനനിശ്ചയം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങി ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് ഓരോന്നിനും പ്രത്യകം ഫോറം ഉണ്ടായിരിക്കും. നിശ്ചിത കാര്യത്തിന് ഫോറം തിരഞ്ഞെടുത്ത് പൂരിപ്പിച്ച് ആവശ്യമായ ഫീസുകൾ അടച്ചാൽ രജിസ്ട്രേഷൻ നടത്താനാവും. ഇതിനുവേണ്ടി അക്ഷയ സെന്ററുകളെ സമീപിക്കാം. അതല്ല തനിയെ ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് അങ്ങനെയുമാകാം. ഓൺലൈനിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതി. നെറ്റ് വഴി തന്നെ രജിസ്ട്രേഷൻ ഫീസും ഡ്യൂട്ടിയുമൊക്കെ അടയ്ക്കുകയും ചെയ്യാം.

നൂറു ശതമാനവും ജനസൗഹൃദപരമായ ഈ സമ്പ്രദായം പുതുവർഷാരംഭത്തിൽ നടപ്പാക്കണമെന്നാണ് കേന്ദ്ര ശുപാർശ. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം ഭൂമി രജിസ്ട്രേഷൻ നടപടികൾ പുതിയ രീതിയിലേക്കു മാറ്റിയിട്ടുണ്ട്. ഏതു കാര്യത്തിലും കേന്ദ്രത്തോട് ഇടഞ്ഞുനിൽക്കുന്ന തമിഴ്‌നാട് ഈ വിഷയത്തിലും കേന്ദ്രനിർദ്ദേശം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളവും തീരുമാനമെടുക്കാതെ താളം ചവിട്ടുകയാണ്.

കേരളം ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ മടിക്കുന്നത് പ്രധാനമായും ആധാരമെഴുത്തുകാരുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ്. ഫോറം സമ്പ്രദായം നടപ്പാക്കുന്നതിനെതിരെ ഇക്കഴിഞ്ഞ ഒരു ദിവസം സംസ്ഥാന വ്യാപകമായി ആധാരമെഴുത്തുകാർ പണിമുടക്കിയിരുന്നു. രജിസ്ട്രേഷൻ ഓഫീസുകൾ അന്ന് പ്രവർത്തിച്ചതുമില്ല. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി ഒത്തുതീർപ്പുണ്ടാക്കിയ ശേഷമേ കേന്ദ്ര ശുപാർശയെപ്പറ്റി ആലോചിക്കൂ എന്നതാണ് സർക്കാർ നിലപാട്. അതൊക്കെ വേണ്ടതുതന്നെ. അതേസമയം ഭരണരംഗം അടിമുടി ഇ - ഗവേണൻസിലേക്കു മാറ്റാൻ ഒരുങ്ങുന്ന സർക്കാരിന് രജിസ്ട്രേഷൻ വകുപ്പിനെ മാത്രം അതിൽനിന്ന് എങ്ങനെ മാറ്റിനിറുത്താനാകും എന്നതാണ് ചോദ്യം.

ആധാരം ചമയ്ക്കൽ കമ്പ്യൂട്ടറിലേക്കു മാറ്റിയാൽ തങ്ങളുടെ തൊഴിൽ ഇല്ലാതാകുമെന്നാണ് ആധാരമെഴുത്തുകാരുടെ സംഘടനകൾ ഭയപ്പെടുന്നത്. അതുപോലെ മുദ്ര‌പ്പത്ര വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന വെണ്ടർമാരും പ്രതിസന്ധിയിലാകും. സാങ്കേതിക മാറ്റങ്ങൾക്കൊപ്പം അതുമായി യോജിച്ചുപോകാനുള്ള വഴി കണ്ടുപിടിക്കാൻ ശ്രമിക്കണം. എല്ലാ മേഖലകളിലും പുതിയ സാങ്കേതിവിദ്യകൾ വന്നുകൊണ്ടിരിക്കുകയാണ്. അതു കണ്ടില്ലെന്നു നടിക്കാൻ ആർക്കുമാകില്ല. പൂർണമായും ഒഴിഞ്ഞുനിൽക്കാനും പ്രയാസമാണ്. ടൈപ്പ് റൈട്ടറുകൾ മാറ്റി കമ്പ്യൂട്ടറുകൾ വന്നപ്പോഴുമുണ്ടായി ഇതുപോലുള്ള പ്രശ്നങ്ങൾ. ടൈപ്പ്റൈട്ടറുകൾ ഉപയോഗിച്ചിരുന്നവർ ഡെസ്‌ക‌്‌‌ടോപ്പിലേക്കും മറ്റും മാറി. പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചവരിലാർക്കും തൊഴിൽ നഷ്ടപ്പെട്ടില്ല. കയർ മേഖലയിൽ യന്ത്രവത്‌കരണം വന്നപ്പോഴും ഇതുപോലുള്ള പ്രതിഷേധവും പ്രക്ഷോഭവുമൊക്കെ ഉണ്ടായി. ഇപ്പോൾ എവിടെയെങ്കിലും പഴയമട്ടിൽ തൊണ്ടുതല്ലും ചകിരിപിരിയുമൊക്കെ ഉണ്ടോ? റോഡ് നിർമ്മാണം പണ്ട് മനുഷ്യാദ്ധ്വാനത്തിലൂടെയാണു നടന്നിരുന്നത്. ഇപ്പോഴാകട്ടെ ഒരു കാര്യത്തിനും മനുഷ്യാദ്ധ്വാനം വേണ്ടെന്നായിരിക്കുന്നു. മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പഠിച്ചില്ലെങ്കിൽ പിന്തള്ളപ്പെടുകയേ ഉള്ളൂ. രജിസ്ട്രേഷൻ രംഗം നവീകരിക്കുന്നതിനൊപ്പം ശുദ്ധീകരിക്കാൻ കൂടി ഫോറം സമ്പ്രദായം ഉപകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: REGISTRATION DELAYS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.