SignIn
Kerala Kaumudi Online
Friday, 19 April 2024 7.46 PM IST

തട്ടിപ്പിനിരയാകാൻ കാത്തുനിൽക്കുന്നവർ

photo

കേരളം കബളിപ്പിച്ച് പണം തട്ടാൻ വളക്കൂറുള്ള മണ്ണായി മാറുകയാണ്. പ്രൊഫഷണൽ കവർച്ചാ സംഘങ്ങൾ ഇരുട്ടിന്റെ മറവിൽ നാട്ടാരെയും പൊലീസിനെയുമൊക്കെ പേടിച്ചാണ് 'ഓപ്പറേഷൻ" നടത്തിയിരുന്നതെങ്കിൽ അത്യാധുനിക തട്ടിപ്പുവീരന്മാർക്ക് ഇരുട്ടിന്റെ മറവൊന്നും ആവശ്യമില്ല. പുത്തൻ സാങ്കേതികവിദ്യകളിൽ അപാരജ്ഞാനം വേണമെന്നു മാത്രം. ബാങ്കുകളിൽ തിരിമറി കാണിച്ച് പണം തട്ടുന്നത് സംസ്ഥാനത്ത് വ്യാപകമല്ലെങ്കിലും കള്ളക്കമ്പനികൾ സ്ഥാപിച്ച് നാട്ടുകാരെ കബളിപ്പിച്ചു മുങ്ങുന്നവർ ധാരാളമുണ്ട്. മുംബയ് കേന്ദ്രമായി മലയാളികൾ പ്രൊമോട്ടർമാരായി പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനം നിക്ഷേപകരിൽ നിന്ന് നൂറുകോടിയിൽപ്പരം രൂപ കൈക്കലാക്കി മുങ്ങിയ വാർത്ത വന്നിട്ട് ഒരാഴ്ചയായില്ല. ഒൻപതു വർഷം കൊണ്ടാണ് കമ്പനി ഇത്രയധികം പണം നിക്ഷേപമായി തരപ്പെടുത്തിയത്. ഒൻപതുവർഷം തുടർച്ചയായി നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ ഇരട്ടി പണം നൽകുമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകാലത്ത് സകലവിധ മെഡിക്കൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഒൻപതു വർഷമായപ്പോൾ സ്ഥാപനംപൂട്ടി ഉടമകൾ മുങ്ങിയെന്ന വാർത്തയാണു കേൾക്കുന്നത്. കമ്പനിയുടെ പ്രധാനിയെ തമിഴ്‌നാട്ടിൽനിന്നു പിടികൂടിയിട്ടുണ്ട്. സമാന തട്ടിപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ നിക്ഷേപകരുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ എന്ന കാര്യം സംശയം തന്നെ.

മുംബയിലെ സ്ഥാപനത്തിന്റെ വൻ തട്ടിപ്പുവാർത്തയുടെ ചൂടാറും മുമ്പാണ് എറണാകുളത്ത് മറ്റൊരു വമ്പൻ തട്ടിപ്പ് നടന്നത്. ഓഹരി നിക്ഷേപം മറയാക്കി തൃക്കാക്കരയിലെ നാല്പതുകാരനും ഭാര്യയും ചേർന്ന് സമൂഹത്തിലെ ധനാഢ്യന്മാരെ കബളിപ്പിച്ച് ഇരുനൂറു കോടിയോളം രൂപ കബളിപ്പിച്ചാണ് സ്ഥലംവിട്ടത്. ഒന്നിലേറെ സ്ഥാപനങ്ങളുടെ പേരിലാണ് ഇവർ പരിചയക്കാരെയും മറ്റും സമീപിച്ച് നിക്ഷേപം സ്വീകരിച്ചുവന്നത്. നിക്ഷേപത്തിന് 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ആളുകളെ വലയിലാക്കിയത്. ഇത്ര ഉയർന്ന പലിശ വാഗ്ദാനത്തിൽ ഭ്രമിക്കാൻ മാത്രം കഥയില്ലാത്തവരായിപ്പോയല്ലോ നിക്ഷേപകരെന്നു ചിന്തിച്ചിട്ടു കാര്യമില്ല. കൈയിലുള്ള സമ്പത്ത് ഏതു വിധവും വർദ്ധിപ്പിക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നത് മനുഷ്യന്റെ ദൗർബല്യമാണ്. ആളുകളുടെ ഈ മനഃശാസ്ത്രം നന്നായി ഗ്രഹിച്ചാകണം തൃക്കാക്കരയിലെ ദമ്പതികൾ വൻ വലവിരിച്ച് ഇരകളെ പിടികൂടിയത്.

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഇരുപത്തിയൊന്നു കോടി തിരിമറിക്കു പിന്നിലെ മാനേജർ ഇനിയും പൊലീസ് പിടിയിലായിട്ടില്ല. നഷ്ടമായ 21 കോടിയിൽ പകുതിയും കോഴിക്കോട് നഗരസഭയുടേതാണ്. പരിശോധനകളും ഓഡിറ്റുമൊന്നും നേരെ ചൊവ്വേ നടക്കാതെ വരുമ്പോഴാണ് ഇതുപോലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നത്. മാസങ്ങൾക്കു മുൻപ് കരുവന്നൂർ സഹകരണബാങ്കിൽ നടന്ന 150 കോടിയോളം രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും ഇഴയുകയാണ്.

സംസ്ഥാനത്തെ ചില ട്രഷറികളിൽ ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിന്ന് അവരറിയാതെ പണം തട്ടുന്ന സംഭവങ്ങൾ പിടിക്കപ്പെട്ടിരുന്നു. തട്ടിപ്പ് വെളിച്ചത്തായിട്ടും ആരുടെയും ജോലി പോയില്ലെന്നതാണ് എടുത്തുപറയേണ്ടത് ! സാമ്പത്തിക തിരിമറികൾക്ക് ഇവിടെയെന്നല്ല എവിടെയും യാതൊരു കുറവുമില്ല. ഒരു തുള്ളി രക്തം പരിശോധിച്ചാൽ സകല രോഗവിവരങ്ങളും അറിയാമെന്ന വ്യാജപ്രചാരണം നടത്തി അമേരിക്കയിൽ അനവധി പേരെ കബളിപ്പിച്ചതിന് കോടതി പതിമൂന്നു വർഷത്തെ തടവുശിക്ഷ വിധിച്ചകേസിലും പ്രധാനി ഒരു ഇന്ത്യൻ വംശജനാണത്രേ. എട്ടുവർഷത്തിനിടെ ഇയാൾ ഈ തട്ടിപ്പിലൂടെ 7800 കോടി രൂപയ്ക്കു സമാനമായ 94 കോടി ഡോളറാണത്രെ തട്ടിയെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCAMS AND FRAUDS IN INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.