SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.38 AM IST

സെക്രട്ടേറിയറ്റിന് പുതിയ മന്ദിരം ?

photo

നമ്മുടെ പാർലമെന്റ് മന്ദിരത്തിന് തൊണ്ണൂറ് വയസ് കഴിഞ്ഞ വേളയിലാണ് സെൻട്രൽ വിസ്ത എന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നി‌ർമ്മാണം തുടങ്ങിയത്. പ്രധാനമന്ത്രി മോദിയാണ് 2020-ൽ തറക്കല്ലിട്ടതെങ്കിലും പുതിയ മന്ദിരം വേണമെന്ന നിർദ്ദേശത്തിന് പത്തുവർഷത്തെ പഴക്കമുണ്ടായിരുന്നു. പ്രധാനമായും പുതിയ മന്ദിരത്തിന്റെ ആവശ്യകത ഉയർന്നത് സുരക്ഷാകാരണങ്ങളാലായിരുന്നു. പഴയ കാലത്തിന്റെ തോക്കുകളും വെടിക്കോപ്പുകളുമല്ല ഇപ്പോഴുള്ളത്. മാത്രമല്ല നമ്മുടെ പാർലമെന്റ് മന്ദിരത്തിന് നേരെ ഭീകരാക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. അതെല്ലാം കണക്കിലെടുക്കുമ്പോൾ പുതിയ മന്ദിരം ഇൗ കാലഘട്ടത്തിന്റെ ആവശ്യമായി മാറുകയായിരുന്നു.

പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനെ സി.പി.എം ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷകക്ഷികളും എതിർക്കുക മാത്രമല്ല സുപ്രീംകോടതി വരെ കേസും നടന്നു. ഒടുവിൽ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് നിർമ്മാണം തുടങ്ങാനായത്. നിർമ്മാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 900കോടിയോളം രൂപ ചെലവിലാണ് മന്ദിര നിർമ്മാണം. പുതിയ ടെക്നോളജി ഉപയോഗിക്കാൻ പറ്റുന്ന എല്ലാ സംവിധാനങ്ങളും മന്ദിരത്തിൽ ഉണ്ടാവും. ഭാവിയിൽ ഒാരോ ഭാരതീയനും അഭിമാനം പകരുന്ന, നമ്മൾ നമുക്ക് വേണ്ടി നിർമ്മിച്ച മന്ദിരമായി അതു മാറും. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളുടെ സെക്രട്ടേറിയറ്റുകളെല്ലാം സ്ഥിതി ചെയ്യുന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച മന്ദിരങ്ങളിലാണ്. എല്ലാം വാസ്തുശിൽപ്പപരമായും മറ്റും മനോഹരമായ മന്ദിരങ്ങളാണെന്ന് സമ്മതിക്കുമ്പോൾത്തന്നെ ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് കൂടി പറയേണ്ടിവരും. ഇൗ പശ്ചാത്തലത്തിൽ വേണം കേരളത്തിന് ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ആവശ്യമാണോ എന്ന് ചിന്തിക്കേണ്ടത്. നമ്മുടെ സെക്രട്ടേറിയറ്റിന്റെ മുഖ്യമന്ദിരത്തിന് 150 വർഷത്തോളം പഴക്കമുണ്ട്. ഏതു മനുഷ്യനും ആയുസിന്റെ പരിമിതി ഉള്ളതുപോലെ കെട്ടിടങ്ങൾക്കുമുണ്ട്. പുതിയ സെക്രട്ടേറിയറ്റിനെ എതിർക്കുന്ന ഒരാളും 150 വർഷം മുമ്പ് അവരുടെ പൂർവികർ പണിത കെട്ടിടങ്ങളിൽ താമസിക്കുന്നവരല്ല. കാലത്തിന്റെ മാറ്റം തങ്ങൾക്കാവാം, നമ്മുടെ സെക്രട്ടേറിയറ്റ് മന്ദിരത്തിന് ആയിക്കൂടാ എന്ന നിലപാട് ഒന്നാന്തരം കാപട്യമാണ്. ആധുനിക ഇൗ ഗവേർണൻസിന് പറ്റുന്ന സജ്ജീകരണങ്ങളുള്ളതും ഹെലിക്കോപ്റ്റർ ഇറങ്ങാൻ സൗകര്യത്തോടും വരും തലമുറകൾക്ക് വേണ്ടി പുതിയ സെക്രട്ടേറിയറ്റ് മന്ദിരം പണിയുകതന്നെ വേണം. രൂപകൽപ്പനയിൽ വിയോജിപ്പുണ്ടെങ്കിൽ അത് പരിഗണിക്കപ്പെടണം. അതിനാൽ കെട്ടിടത്തിന്റെ പ്ളാൻ ‌ച‌ർച്ചകൾക്കായി പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കണം. അല്ലാതെ എതിർപ്പ് കണ്ട് ഒരു കാരണവശാലും ഇത് വേണ്ടെന്ന് തീരുമാനിക്കരുത്.

തമിഴ്നാട്ടിൽ കരുണാനിധി നിർമ്മിച്ച സെക്രട്ടേറിയറ്റ് വ്യക്തിപരമായ വിരോധത്തിന്റെയും ഇൗഗോയുടെയും പേരിലാണ് ജയലളിത ഉപയോഗിക്കാതെ മെഡിക്കൽ കോളേജാക്കി മാറ്റിയത്. മെഡിക്കൽ കോളേജിന് വേണ്ടി രൂപകൽപ്പനചെയ്ത കെട്ടിടമല്ല അത്. അത്തരം അബദ്ധങ്ങൾ നമുക്ക് മാതൃകയാവരുത്. സെക്രട്ടേറിയറ്റ് മാറ്റി പുതിയ മന്ദിരം നിർമ്മിക്കണമെന്ന നി‌ർദ്ദേശം മുന്നോട്ടുവച്ചത് ഭരണപരിഷ്കാര കമ്മിഷനാണ്. എല്ലാത്തിനെയും എതിർക്കുക എന്ന നാട്ടുനടപ്പിൽ ഇതിനെയും എതിർക്കുന്നത് വിഢ്ഢിത്തമാണ്. സെക്രട്ടേറിയറ്റ് മാറ്റാൻ ശ്രമിക്കുന്നത് രണ്ട് ലക്ഷം കോടി തട്ടാനാണെന്നാണ് പ്രതിപക്ഷത്തുള്ള ഒരു പ്രമുഖനേതാവ് ആരോപിച്ചിരിക്കുന്നത്. പുതിയ പാർലമെന്റിന് പോലും 1000 കോടി ആവുന്നില്ല. പിന്നെ എങ്ങനെയാണ് നമ്മുടെ പുതിയ സെക്രട്ടേറിയറ്റിന് രണ്ട് ലക്ഷം കോടി ചെലവാകുക?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECRETARIAT KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.