SignIn
Kerala Kaumudi Online
Saturday, 04 May 2024 9.57 AM IST

മുല്ലപ്പെരിയാർ ഡാമും കേന്ദ്രമന്ത്രിയുടെ പരാമർശവും

mullapperiyar

ഡാമുകളുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടയിൽ കേന്ദ്ര ജലമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് നടത്തിയ ഒരു പരാമർശം തികച്ചും കേരളത്തിന് എതിരായതും എതിർക്കപ്പെടേണ്ടതുമാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഡാമുകൾ വരെ ലോകത്ത് സുരക്ഷിതമായി നിലനില്‌ക്കുന്നുണ്ടെന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ പേരു പറയാതെ മന്ത്രി പറഞ്ഞത്. രാജ്യസഭയിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എം.പിമാർ നടത്തിയ ചൂടേറിയ ചർച്ചയ്ക്ക് മറുപടി പറയവേയാണ് മന്ത്രി ഈ അനുചിതമായ പ്രസ്താവന നടത്തിയത്. പുതിയ ഡാം വേണമെന്നതാണ് കേരള നിയമസഭയുടെ ഏകകണ്ഠമായ ആവശ്യം. അതേസമയം പുതിയ ഡാം നിർമ്മിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാട് തുടക്കം മുതൽ ആവശ്യപ്പെടുന്നത്. ഇതൊരു തർക്കവിഷയമാണ്. മാത്രമല്ല ഈ വിഷയം ഉൾപ്പെടെയുള്ളവ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിൽ കേന്ദ്ര നിലപാട് തമിഴ്‌നാടിന് അനുകൂലമാണെന്ന ധാരണ പരക്കെ സൃഷ്ടിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന.

നമ്മുടെ ഡാമുകൾ സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ലെന്നും 150 വർഷത്തോളം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ സംശയിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻജിനിയറിംഗിൽ ബിരുദമുണ്ടായിരിക്കില്ലെങ്കിലും അനുഭവസമ്പത്തിന്റെ ബലത്തിൽ നിർമ്മിച്ചതിനാൽ പഴമക്കാരുടെ അനുഭവസമ്പത്തിനെ ചോദ്യം ചെയ്യരുതെന്നുമാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്. ഡാമിന്റെ സുരക്ഷയെപ്പറ്റി മന്ത്രിയല്ല അഭിപ്രായം പറയേണ്ടത്. അതിന് ചുമതലപ്പെടുത്തുന്ന വിദഗ്ദ്ധ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ കേന്ദ്രം ഏകപക്ഷീയമായ നിലപാട് എടുക്കുന്നു എന്ന തോന്നൽ കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കാൻ മന്ത്രിയുടെ പ്രസ്താവന ഇടയാക്കിയിരിക്കുകയാണ്. അതിനാൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി തെറ്റിദ്ധാരണ അകറ്റാൻ തയ്യാറാകണം.

ഒരു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും മറ്റൊരു സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതുമായ നാല്പതിലധികം ഡാമുകൾ ഇന്ത്യയിലുണ്ട്. അതിനാൽ ഇതുപോലുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്ന കേന്ദ്രമന്ത്രിമാർ കൂടുതൽ മിതത്വം പാലിക്കണം. അതേസമയം തമിഴ്‌നാട് തുടർച്ചയായി മൂന്നാം ദിവസവും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂട്ടത്തോടെ തുറന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവുന്ന സംഗതിയല്ല. പെരിയാറിന്റെ കരയിൽ താമസിക്കുന്ന കുടുംബങ്ങളുടെ പത്തിലേറെ വീടുകളിൽ ഇതുകാരണം വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുപകരണങ്ങൾ നശിക്കുകയും കുടുംബങ്ങൾക്ക് ഓർക്കാപ്പുറത്ത് വീടുപേക്ഷിച്ച് മാറേണ്ടിയും വന്നു.

നേരത്തേ അറിയിച്ചിട്ടാണ് വെള്ളം തുറന്നുവിട്ടിരുന്നതെങ്കിൽ മുന്നൊരുക്കങ്ങളിലൂടെ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. ഈ പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ ജലം തുറന്നുവിടരുതെന്നും മണിക്കൂറുകൾക്ക് മുമ്പ് മുന്നറിയിപ്പ് നല്‌കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചിരിക്കുകയാണ്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ തമിഴ്‌‌‌‌നാട് തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHANKAR SINGH SHEKHAWAT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.