SignIn
Kerala Kaumudi Online
Saturday, 27 April 2024 1.43 AM IST

ഇനിയും തല മൊട്ടയടിപ്പിക്കരുത്

motta

സർക്കാർ ജോലി തേടിയുള്ള കായികതാരങ്ങളുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി തുടരുകയാണ്. നിരത്തിൽ മുട്ടിലിഴഞ്ഞും തലമുണ്ഡനം ചെയ്തും അവർ തങ്ങളുടെ നിസഹായാവസ്ഥ സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നു. ഇതാദ്യമായല്ല ജോലിക്കുവേണ്ടി കായികതാരങ്ങൾ സമരത്തിനിറങ്ങുന്നത്. ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്കായി കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ദീർഘനാൾ സമരംചെയ്ത് വിജയം നേടിയിരുന്നു.

നമ്മുടെ കായിക താരങ്ങൾക്ക് സർക്കാരിൽ നിന്ന് ജോലി ലഭിക്കാൻ മെഡൽ നേടിയാൽ പോര സമരം ചെയ്യുകയും വേണമെന്ന സ്ഥിതിയുണ്ടായത് എന്തുകൊണ്ടെന്നത് ചിന്തനീയമാണ്. കായിക താരങ്ങൾക്ക് സർക്കാർ ജോലി എന്നത് ഒൗദാര്യമല്ല. സംസ്ഥാനത്തിനായും രാജ്യത്തിനായുമൊക്കെ മെഡലുകൾ നേടിയെടുക്കാൻ മത്സരവേദികളിൽ അവരൊഴുക്കിയ വിയർപ്പിനോടുള്ള ആദരവാണ് സർക്കാർ ജോലി. ചെറുപ്രായത്തിൽ കായിക രംഗത്തേക്ക് വഴിമാറിപ്പോകുമ്പോൾ ജീവിതത്തിലെ മറ്റവസരങ്ങൾ നഷ്ടമാകുന്നവർക്ക് സ്വാന്തനമാകേണ്ടതും സുരക്ഷിതത്വബോധം പകരേണ്ടതും ഈ തൊഴിലവസരങ്ങളാണ്. ആരോഗ്യമുള്ള ചെറിയ ഒരു കാലയളവിൽ മാത്രമാണ് ആർക്കും കായികരംഗത്ത് തിളങ്ങാനാവുക. ശേഷമുള്ള അവരുടെ ജീവിതത്തിന് വഴി കാട്ടേണ്ടത് സർക്കാരിന്റെ ചുമതലയാണ്.

2010 മുതൽ 2014 വരെ ദേശീയതലത്തിൽ മെഡൽ നേടിയ 54 കായികതാരങ്ങൾക്കാണ് ഇനിയും നിയമനം ലഭിക്കാനുള്ളത്. പ്രതിവർഷം 50 സ്പോർട്‌സ് ക്വാട്ട നിയമനങ്ങളാണ് നടത്തേണ്ടതെന്നും ഇക്കാലയളവിൽ 249 നിയമനങ്ങൾ നടത്തിയെന്നും സർക്കാർ പറയുന്നു. എന്നാൽ സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തങ്ങൾക്ക് നിയമനം ലഭിച്ചില്ലെന്നുമാണ് സമരം നടത്തുന്ന കായികതാരങ്ങൾ പറയുന്നത്. 196 പേർക്കാണ് നിയമനം ലഭിച്ചതെന്ന് സമരരംഗത്തുള്ളവർ വ്യക്തമാക്കുന്നു. ബാക്കി നിയമനത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് പരാതി.

വൈകിയാണെങ്കിലും സമരക്കാരുമായി കായികകമന്ത്രി ചർച്ച നടത്താൻ തയ്യാറായത് നല്ല കാര്യം. എന്നാൽ കായികവകുപ്പിന് മാത്രമായി ഇവരുടെ നിയമനകാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നതാണ് യാഥാർത്ഥ്യം.സർക്കാർ നിയമനങ്ങൾ മുഖ്യമന്ത്രിക്ക് കീഴിൽ വരുന്ന പൊതുഭരണ വകുപ്പിന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുക മാത്രമാണ് കായികവകുപ്പിന് മുന്നിലുള്ള വഴി.

എന്നാൽ കായിക താരങ്ങൾക്ക് ജോലി ഉറപ്പാക്കുന്നതിൽ കായികവകുപ്പ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. കായികവകുപ്പിന് കീഴിൽ സംസ്ഥാന-ജില്ലാ സ്പോർട്സ് കൗൺസിലുകളിലും സ്പോർട്സ് ഡയറക്ടറേറ്റിലുമൊക്കെ താത്കാലിക തസ്തികകൾ സൃഷ്ടിച്ച് വേണ്ടപ്പെട്ടവർക്ക് നിയമം നല്‌കി സ്ഥിരമാക്കുന്ന രീതി കാലങ്ങളായി തുടരുകയാണ്. ഈ തസ്തികകൾ മെഡൽ നേടിയവർക്കായി സംവരണം ചെയ്താൽ അത് സംസ്ഥാന കായികരംഗത്തിനുതന്നെ പ്രയോജനപ്രദമാകും.

വിദേശരാജ്യങ്ങളിൽ കായികതാരങ്ങൾ നാടിന്റെ പൊതുസ്വത്താണ് . അവരുടെ നേട്ടങ്ങൾക്ക് അനുസൃതമായ പ്രോത്സാഹനം അവിടുത്തെ സർക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ കഴിവുള്ളവർ കായികരംഗത്തേക്ക് ധൈര്യപൂർവം കടന്നുവരുന്നു. ഇവിടെ മക്കളെ സ്പോർട്സിലേക്ക് വിടാൻ രക്ഷിതാക്കൾക്ക് താത്പര്യം കുറയുന്നത് അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൊണ്ടു കൂടിയാണ്.

മുമ്പ് സ്കൂൾ കായികമേളയിൽ മത്സരിക്കാൻ സ്കൂളുകളിൽ നിന്ന് മൊട്ടക്കൂട്ടങ്ങളെത്തുമ്പോൾ ആവേശം അലയടിച്ചിരുന്നു. എന്നാലിന്ന് കായിക താരങ്ങൾക്ക് ജോലി കിട്ടാനായി മൊട്ടയടിക്കേണ്ടി വരുന്നത് നമ്മുടെ നാടിന്റെ കായികപാരമ്പര്യത്തിന് തന്നെ നാണക്കേടാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPORTSPERSONS PROTEST FOR GOVT JOB
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.