
എനിക്ക് വളരെ ഇഷ്ടപ്പെട്ട കലാകാരനായിരുന്നു ശ്രീനിവാസൻ. കലാകാരൻ എന്നു പറഞ്ഞാൽ ശ്രീനി സിനിമയിൽ അഭിനയിക്കും, എഴുതും, സംവിധാനം ചെയ്യും, നിർമ്മിക്കുകയും ചെയ്യും. ആ നിലയ്ക്ക് 'അനന്യൻ" ആയിരുന്നു. അഭിനയത്തിലും എഴുത്തിലും സംവിധാനത്തിലുമെല്ലാം ഒരുപോലെ ശോഭിച്ചു. ഞങ്ങൾ തമ്മിൽ
സ്നേഹ ബഹുമാനമുണ്ടായിരുന്നു.
ഞാൻ ശ്രീനിയെ ആകെ മൂന്നുവട്ടമേ കണ്ടിട്ടും സംസാരിച്ചിട്ടുമുള്ളൂ. ഒരിക്കൽ ഒരു തീവണ്ടിയാത്രയിലായിരുന്നു. പിന്നെ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്ത രണ്ട് പരിപാടികളുടെ വേദികളിലും. തീവണ്ടി യാത്രയിൽ ദീർഘനേരം സംസാരിച്ചിരുന്നു. വളരെക്കാലത്തെ പരിചയവും അടുപ്പവുമുള്ള ആളെപ്പോലെയായിരുന്നു ശ്രീനിയുടെ സംസാരം. സംസാരത്തിൽ പരാമർശിക്കുന്ന വിഷയങ്ങൾ കേൾക്കുമ്പോൾ മനസിലാകും, പരന്ന വായനയുള്ളയാളാണെന്ന്.
ഞാൻ അന്ന് ശ്രീനിയോട് സിനിമാക്കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്. എല്ലാത്തിനും മറുപടി പറയുന്നുണ്ടായിരുന്നു. ഒരുമിച്ച് ദീർഘകാലം അഭിനയിച്ച ചില നടന്മാരുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് മറുപടി ചില മൂളലുകളിൽ ഒതുക്കി. ശ്രീനിവാസന്റെ ഏറെക്കുറെ എല്ലാ സിനിമകളും ഞാൻ കാണുമായിരുന്നു. പ്രത്യേകിച്ച്, ചാനലുകളിൽ വരുന്നത്. മരിക്കുന്നതിന്റെ തലേദിവസവും സരോജ് കുമാർ എന്ന ചിത്രം കണ്ട് ഒരുപാട് ചിരിച്ചു. മനുഷ്യരെ ചിരിപ്പിക്കുക, ആ ചിരിയിലൂടെ ചിന്ത പടർത്തുക... ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.
ശ്രീനിവാസന്റെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹം ശുദ്ധമായ ഹാസ്യത്തിലൂടെ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു അപൂർവത, താൻ ശരിയെന്നു വിശ്വസിച്ച കാര്യങ്ങൾ ഉറക്കെ പരസ്യമായി വിളിച്ചുപറയാൻ ഒരു മടിയും കാണിച്ചില്ല എന്നതാണ്. അതിനൊക്കെ നല്ല തന്റേടവും ഉണ്ടായിരുന്നു. അത്ര നിർഭയനായിരുന്നു. ആരോടു പറയാനും മടിച്ചിട്ടുമില്ല, ഭയപ്പെട്ടിട്ടുമില്ല.
വലിയ ശാരീരിക ക്ളേശമൊക്കെ ഉള്ളപ്പോഴും കുറിക്കുകൊള്ളുന്ന മറുപടി ആ നാവിൻതുമ്പത്ത് ഉണ്ടാകുമായിരുന്നു. ശുദ്ധമായ നർമ്മമായിരുന്നു ശ്രീനിയുടെ എഴുത്തിന്റെ സവിശേഷത. അതു കേട്ട് ഓർത്തോർത്ത് ചിരിക്കുമ്പോഴാണ് അതിലടങ്ങിയിരിക്കുന്ന സന്ദേശം കൂടി പ്രകടമാവുക. ശ്രീനിക്ക് അസുഖങ്ങൾ ഒക്കെ ഉള്ളതായും പലവട്ടം ആശുപത്രിയിൽ പോയതായുമൊക്കെ കേട്ടിരുന്നു. എന്നാൽ ഇത്രവേഗം മടങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. കാലം ശ്രീനിവാസനെപ്പോലെ ഒരു കലാകാരനെ സംഭാവന ചെയ്യാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരും?പകരംവയ്കാനില്ലാത്ത പ്രതിഭയെയാണ് നഷ്ടമായത്. പ്രണാമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |