മണിപ്പൂർ കലാപത്തിൽ അമ്പതിലേറെപ്പേർക്കാണ് ജീവഹാനി സംഭവിച്ചത്. മുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇരുപതിനായിരത്തിലധികം പേർ ഭവനരഹിതരായി. നിരവധി വീടുകളും പള്ളികളുമാണ് അഗ്നിക്കിരയായത്. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള ഉത്തരവിന് ശേഷമാണ് കലാപം കെട്ടടങ്ങിയത്. സംസ്ഥാനത്ത് സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കേണ്ടിവന്നു. ഇവിടെ വംശീയകലാപത്തിന് പെട്ടെന്ന് പ്രകോപനമായത് മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഒരു ഉത്തരവാണ്. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മെയ്‌തി വിഭാഗത്തെ പട്ടികവർഗലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനം പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഉത്തരവിട്ട സിംഗിൾ ബെഞ്ച് ജഡ്‌ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ മുരളീധരനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംവരണം പോലുള്ള ചൂടുപിടിച്ച വിഷയങ്ങളിൽ അതീവ കരുതലോടെയും ജാഗ്രതയോടെയും വേണം ഹൈക്കോടതികൾ ഉത്തരവുകളിറക്കാൻ എന്ന മുന്നറിയിപ്പ് ഉൾക്കൊള്ളുന്നതാണ് സുപ്രീംകോടതിയുടെ വിമർശനം.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പിന്നീട് മാറ്റി. സംസ്ഥാനത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്തും ഇതിനെതിരെയുള്ള ഹർജി മണിപ്പൂർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതും കണക്കിലെടുത്താണ് സുപ്രീംകോടതി ഇടപെടാതിരുന്നത്. പരാതികൾ ഡിവിഷൻ ബെഞ്ചിന്റെ മുന്നിൽ ബോധിപ്പിക്കാൻ ഹർജിക്കാരോട് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തു.
''ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാമെന്നാണ് വിചാരിക്കുന്നത്. ഉത്തരവിലുള്ള പിഴവ് തിരുത്താൻ ജസ്റ്റിസ് മുരളീധരന് സമയം നല്‌കിയിട്ടും അദ്ദേഹം അതിന് മുതിർന്നില്ല. ഭരണഘടനാ ബെഞ്ചുകളുടെ വിധി പിന്തുടരാൻ ഹൈക്കോടതി ജഡ്‌ജിമാർ തയ്യാറായില്ലെങ്കിൽ എന്തുചെയ്യണമെന്ന് സുപ്രീംകോടതിക്ക് അറിയാം" ഈ കേസ് പരിഗണിച്ച വേളയിൽ ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇങ്ങനെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ തീരുമാനിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകൾ നിരവധി വിധികൾ പ്രസ്താവിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായ ഉത്തരവാണ് മണിപ്പൂർ ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഏതൊരു സംസ്ഥാനത്തും ആളിക്കത്താൻ തയ്യാറായി നില്‌ക്കുന്ന വിഷയങ്ങളിലൊന്നാണ് സംവരണം. ഇത്തരമൊരു വിഷയത്തിൽ വസ്തുതാപരമായി തെറ്റായ ഉത്തരവ് ഹൈക്കോടതിയിൽ നിന്നുണ്ടായത് തികച്ചും ദൗർഭാഗ്യകരമാണ്. സംവരണം നയപരമായ ഒരു കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ്. ആ അധികാരത്തിലേക്ക് കോടതികൾ കടന്നുകയറുന്നത് നാട്ടിൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനേ ഇടയാക്കൂ. അതിനാൽ മണിപ്പൂർ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനത്തിന്റെ അന്തസത്ത മറ്റ് ഹൈക്കോടതികളും ഉൾക്കൊള്ളേണ്ടതാണ്. ഇക്കാര്യങ്ങളിൽ സുപ്രീംകോടതി പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്ന ഉത്തരവുകൾ ഭാവിയിലും ഒരു കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |