നിയമവാഴ്‌ചയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ അരാജകത്വമാവും ഫലം. കഴിഞ്ഞ നാലുമാസമായി മണിപ്പൂരിൽ നിലനില്‌ക്കുന്ന സാഹചര്യം സമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഒട്ടും ഭൂഷണമല്ല. ഈ പശ്ചാത്തലത്തിലാണ് മൂന്ന് സുപ്രധാന നടപടികളുമായി സുപ്രീംകോടതി രംഗത്തുവന്നിരിക്കുന്നത്. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപം ശമിപ്പിച്ച് മുറിവുണക്കാനും നിയമവാഴ്‌ചയിലുള്ള ജനവിശ്വാസം വീണ്ടെടുക്കാനും ഉദ്ദേശിച്ചാണ് സുപ്രീംകോടതി ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. മൂന്നംഗ മുൻ വനിതാ ജഡ്‌ജിമാരുടെ സമിതി രൂപീകരിച്ചതാണ് ഇതിലേറ്റവും പ്രധാനം. പുരുഷന്മാർക്ക് പരിഹരിക്കാൻ കഴിയാത്തത് വനിതകൾക്ക് പരിഹരിക്കാനാവുമെന്ന സന്ദേശം കൂടിയാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്.
മനുഷ്യത്വപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും നിയമം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ് പ്രധാനമായും ഈ സമിതിയുടെ ചുമതല. സമിതിയുടെ അദ്ധ്യക്ഷ ജമ്മുകാശ്‌മീർ ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ്. ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജിയും മലയാളിയുമായ ആശാ മേനോൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്‌ജി ശാലിനി ജോഷി എന്നിവരാണ് മറ്റ് രണ്ടംഗങ്ങൾ. ഇവർ മൂന്നുപേരും മണിപ്പൂർ സന്ദർശിച്ച് നിലവിലുള്ള കേസുകളുടെ നിജസ്ഥിതി പരിശോധനാവിധേയമാക്കും. കലാപവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‌കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും ഇവരുടെ തീരുമാനം നിർണായകമായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പരാതികൾ കേൾക്കുക, അടിയന്തര പരിഹാരമുണ്ടാക്കേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്നീ ചുമതലയും ഇവർക്കുണ്ട്. പുനരധിവാസം, ആരാധനാലയങ്ങൾ, വീട് എന്നിവയുടെ പുനഃസ്ഥാപനം എന്നിവയ്ക്കുള്ള നടപടികളും ഇവർ നിർദ്ദേശിക്കും.
വനിതകൾക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിന്റെ മേൽനോട്ടം മഹാരാഷ്ട്ര മുൻ ഡി.ജി.പി ദത്താത്രേയ് പട്‌സാൽഗികറിനെ ഏല്പിച്ചതാണ് സുപ്രീംകോടതിയുടെ രണ്ടാമത്തെ ശ്രദ്ധേയമായ നടപടി. വനിതകളെ നഗ്നരാക്കി നടത്തിയതടക്കം സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട 11 കേസുകളാണ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കി സുപ്രീംകോടതിയിൽ നേരിട്ട് റിപ്പോർട്ട് സമർപ്പിക്കുക മഹാരാഷ്ട്ര മുൻ ഡി.ജി.പി ആയിരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉയർന്ന റാങ്കിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് മണിപ്പൂരിലെ വിവിധ സ്റ്റേഷനുകളിൽ ആറായിരം കേസുകൾ എടുത്തിട്ടുണ്ട്. ഇത് മണിപ്പൂർ പൊലീസിന്റെതന്നെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതിനും സുപ്രീംകോടതി അനുമതി നല്‌കിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിലെ നിഷ്‌പക്ഷത ഉറപ്പാക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആറ് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ വേണം ഇതിന് മേൽനോട്ടം വഹിക്കാനെന്ന നിർദ്ദേശവും കോടതി നല്‌കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത 42 ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗമാകും.
നിയമവാഴ്ച ഉറപ്പാക്കാൻ അധികാര പരിധിക്കുള്ളിലെ എന്തും ഉപയോഗിക്കുകയെന്ന വിശാല കാഴ്ചപ്പാടാണ് സുപ്രീംകോടതിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എടുത്തുപറഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്നതാണ് പരമോന്നത കോടതിയെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ ഉതകുന്നതാണ് സുപ്രീംകോടതി കൈക്കൊണ്ട ഈ നടപടികൾ. കലാപം അവസാനിപ്പിക്കുന്നതിനൊപ്പം പ്രശ്നപരിഹാരത്തിനുള്ള വഴികൾ തുറക്കാനും കേന്ദ്ര സർക്കാരിന് വലിയ അവസരം ഒരുക്കുന്നതാണ് കോടതിയുടെ ഈ നീക്കം. അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള നടപടികളാണ് ഇനി കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |