SignIn
Kerala Kaumudi Online
Friday, 29 March 2024 10.57 AM IST

ലോകം അവരുടെ കണ്ണീരൊപ്പട്ടെ

photo

മനുഷ്യകല്പനകൾക്കൊന്നും വഴങ്ങാത്ത പ്രകൃതി തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിലൂടെ വരുത്തിവച്ച നാശനഷ്ടങ്ങൾ വിവരണാതീതമാണ്. ഇരുരാജ്യങ്ങളിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പങ്ങളിലെ മരണം കൃത്യമായി അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഇരുപതിനായിരവും കവിയുമെന്നാണ് രക്ഷാസമിതി റിപ്പോർട്ടിൽ പറയുന്നത്. ബഹുനിലകെട്ടിടങ്ങൾ ചീട്ടുകൊട്ടാരം പോലെ നിമിഷനേരംകൊണ്ട് തകർന്നു പതിച്ചപ്പോൾ അവയ്ക്കടിയിൽ പെട്ടുപോയത് ആയിരക്കണക്കിനാളുകളാണ്. തെക്കുപടിഞ്ഞാറൻ തുർക്കിയും വടക്കൻ സിറിയയും അതിഭീകരമായ യുദ്ധം കഴിഞ്ഞാലെന്നവണ്ണം തകർന്നു തരിപ്പണമായി. അവശിഷ്ടങ്ങൾ മാറ്റി ജീവനുള്ളവരെയും പുറത്തെടുക്കുക എന്നതു അതികഠിനമായ ജോലി തന്നെയാണ്. ഇന്ത്യ ഉൾപ്പെടെ അനേകം രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ ഇരുരാജ്യങ്ങളിലും എത്തിയിട്ടുണ്ട്. അവർ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകഴിഞ്ഞു. ദൗത്യം അതീവ ശ്രമകരമായതിനാൽ ക്ഷമയോടെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

ഭൂകമ്പക്കെടുതികൾക്ക് ഇരയായവർക്കു വേണ്ട അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നാനാരാജ്യങ്ങളിൽ നിന്നും ദുരന്തഭൂമിയിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലൊരു കൊടിയ ദുരന്തം ഓർക്കാപ്പുറത്തു നേരിടേണ്ടിവന്ന തുർക്കിക്കും സിറിയയ്ക്കുമൊപ്പം വേദനയും ദുഃഖവും പങ്കിടാൻ ലോകമൊന്നാകെ അണിനിരക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ഇപ്പോൾ സംഭവിച്ചതുപോലുള്ള ഭൂകമ്പങ്ങൾ ഏറെ കണ്ട രാജ്യങ്ങളാണ് തുർക്കിയും സിറിയയും. അതുകൊണ്ടുതന്നെ മനസാന്നിദ്ധ്യം വീണ്ടെടുത്ത് ദുരന്തത്തെ നേരിടാനും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനും ഇരുജനതയ്ക്കും കഴിയും. എന്നാൽ ആഭ്യന്തരയുദ്ധത്തിൽ സർവനാശം നേരിടുന്ന സിറിയയെ സംബന്ധിച്ചിടത്തോളം ഭൂകമ്പത്തിന്റെ കെടുതികളിൽ നിന്ന് മോചിതമാകാൻ ദീർഘകാലം വേണ്ടിവരും.

തിങ്കളാഴ്ച പുലർച്ചെയും പകലുമായി മൂന്ന് ഭൂകമ്പങ്ങളാണ് തുർക്കിയെ തകർത്തത്. ആദ്യ രണ്ടു ഭൂകമ്പങ്ങളും ഏറ്റവും ശക്തിയേറിയവയായിരുന്നു. നാശനഷ്ടങ്ങൾ ഇത്രയധികം ഉണ്ടാക്കിയതും അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന ഈ ഭൂകമ്പങ്ങളാണ്. അയ്യായിരം കിലോമിറ്റർ അകലെ വരെ ഇതിന്റെ അലകൾ ചെന്നെത്തിയെന്നു പറയുമ്പോൾ തുർക്കിയിലും തൊട്ടടുത്ത രാജ്യമായ സിറിയയിലും അതു സൃഷ്ടിച്ച അതിഭയങ്കരമായ ആഘാതത്തെക്കുറിച്ച് ഉൗഹിക്കാവുന്നതേയുള്ളൂ. പ്രതികൂല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ തകർച്ചയും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ ഏറെ പരിചയവും ഏതു പ്രതിബന്ധങ്ങളെയും നേരിടാൻ ഉറച്ചമനസുമുള്ള ദുരന്തനിവാരണ പ്രവർത്തകർ ധാരാളമായി എത്തിയിട്ടുള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾ ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണു പ്രതീക്ഷ.

പാർപ്പിടകേന്ദ്രങ്ങളിൽ പലതും തകർന്നടിഞ്ഞതോടെ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വാസസ്ഥലം ഒരുക്കേണ്ടത് അടിയന്തരാവശ്യമാണ്. ടെന്റുകളും പുതപ്പുകളും ആഹാരസാധനങ്ങളും വൻതോതിൽ എത്തുന്നുണ്ട്. കടുത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ സുരക്ഷിത വാസസ്ഥലം ഒരുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആദ്യ ഭൂകമ്പം തുർക്കി സമയം വെളുപ്പിനായതിനാൽ ജനങ്ങളിലേറെയും സുഖനിദ്ര‌യിലായിരുന്നു. മരണസംഖ്യ ഇത്രയധികം ഉയരാനുള്ള കാരണവും ഇതാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഏറെക്കാലം എടുക്കുമെന്നതിനാൽ അടിയന്തര ദുരിതാശ്വാസ നടപടികൾക്കാണ് ഇപ്പോൾ മുൻഗണന നല്‌കുന്നത്. ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും സംയുക്തമായി ദുരിതബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. പ്രകൃതിദുരന്തത്തിന്റെ ഭീകരമുഖം കണ്ട് തളർന്നുനില്‌ക്കുകയല്ല എല്ലാ വിഭവങ്ങളും സമാഹരിച്ച് ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുകയാണ് വേണ്ടത്. ലോകം ഒറ്റക്കെട്ടായി ആ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. അതിർത്തി ഭേദമില്ലാതെ വികസിത - വികസ്വര രാജ്യങ്ങൾ ഒത്തുശ്രമിച്ചാൽ തുർക്കിയുടെയും സിറിയയുടെയും കണ്ണീര് തുടച്ചുമാറ്റാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SYRIA TURKEY EARTHQUAKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.