SignIn
Kerala Kaumudi Online
Thursday, 25 April 2024 9.27 AM IST

എയർപോർട്ടിന് സർക്കാർ പാരയാകരുത്

photo

സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. തലസ്ഥാനത്തെ വിമാനത്താവളമെന്ന നിലയ്ക്ക് അതിന്റെ വികസനം പതിറ്റാണ്ടുകൾക്കു മുൻപേ നടക്കേണ്ടതായിരുന്നു. അതു നടന്നില്ലെന്നു മാത്രമല്ല, വേറെയും വമ്പൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വന്നതോടെ തിരുവനന്തപുരം വിമാനത്താവളം തഴയപ്പെടുന്ന അവസ്ഥയുമായി. സർക്കാരിന്റെ മൂക്കിനു താഴെയുള്ള അതിന്റെ വികസനത്തിന് ഏതു നിലയിൽ നോക്കിയാലും മുന്തിയ പരിഗണന ലഭിക്കേണ്ടതാണ്. എന്നാൽ വളർച്ച മുരടിച്ച് ദുർഗതിയിലായിട്ടും സഹായത്തിന് സർക്കാർ എത്തുന്നില്ല. അടുത്തകാലത്ത് കേന്ദ്രസർക്കാർ രാജ്യത്തെ പല വിമാനത്താവളങ്ങളുടേയും നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിടുകയുണ്ടായി. തിരുവനന്തപുരം വിമാനത്താവളവും അതിൽ ഉൾപ്പെട്ടു. അദാനി ഗ്രൂപ്പാണ് അത് ലേലത്തിൽ കൊണ്ടത്. അൻപതുവർഷമാണ് കരാർ കാലാവധി. നടത്തിപ്പ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും ശ്രമിച്ചതാണ്. സർക്കാരിന് നേരിട്ട് പങ്കെടുക്കാനാവാത്തതിനാൽ സർക്കാർവക കമ്പനി വഴിയാണ് ശ്രമം നടന്നത്. എന്നാൽ കൂടിയ തുക ക്വോട്ട് ചെയ്ത അദാനിയുടെ കമ്പനിക്കാണ് കരാർ ലഭിച്ചത്. എയർപോർട്ട് അതോറിട്ടിയേക്കാളും നല്ല നിലയിലാണ് ഇപ്പോൾ വിമാനത്താവള നടത്തിപ്പെന്നാണ് യാത്രക്കാരുടെ പൊതുവേയുള്ള അഭിപ്രായം. പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും പടിപടിയായി നടപടി എടുത്തുകൊണ്ടിരിക്കുകയാണ്.

വലിപ്പം വച്ചുനോക്കിയാൽ സംസ്ഥാനത്തെ ഏറ്റവും ചെറിയ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. വെറും 628 ഏക്കറാണ് അതിന്റെ വിസ്തൃതി. കൊച്ചിക്ക് 1300 ഏക്കറും കണ്ണൂരിന് 3200 ഏക്കറുമാണ് വിസ്‌തൃതി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം റൺവേ കൂടുതൽ സുരക്ഷിതമാക്കാനും രണ്ട് സ്ഥലത്തു പ്രവർത്തിക്കുന്ന ടെർമിനലുകൾ ഒരേ സ്ഥലത്താക്കാനും സ്ഥലം ആവശ്യമാണ്. റൺവേയ്ക്ക് ഇരുവശവും 150 മീറ്റർ വീതം ഒഴിച്ചിടണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായിട്ടും അതിനുള്ള നടപടിയുണ്ടാകുന്നില്ല. അദാനി കമ്പനി ഏറ്റെടുക്കുന്നതിനു മുൻപ് രണ്ടാം ടെർമിനലിനോടു ചേർന്നുകിടക്കുന്ന 18 ഏക്കർ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്കു കൈമാറാൻ സർക്കാർ നടപടി തുടങ്ങിയതാണ്. വിജ്ഞാപനമിറക്കുകയും സ്ഥലവില നിശ്ചയിക്കുകയും സാമൂഹ്യാഘാതപഠനം നടത്തുകയും ചെയ്തതാണ്. നടത്തിപ്പ് സ്വകാര്യ കമ്പനിക്കു കൈമാറിയതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാനടപടികളും മരവിപ്പിച്ചിരിക്കുകയാണ്. അദാനിക്ക് വിമാനത്താവളം വികസിപ്പിക്കാനായി ഒരിഞ്ചു ഭൂമി എടുത്തുകൊടുക്കുകയില്ലെന്ന ഉറച്ച നിലപാടെടുത്തിരിക്കുകയാണു സർക്കാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പോവുകയും പലയിടത്തുനിന്നും ഇവിടെ വന്നിറങ്ങുകയും ചെയ്യുന്നവർ അദാനിയുടെ വീട്ടുകാരോ സ്വന്തക്കാരോ ആകണമെന്നില്ല.

നടത്തിപ്പ് അദാനി കമ്പനിക്കായതിനാൽ ഇനി ഒരുതുണ്ടു ഭൂമി വിമാനത്താവള വികസനത്തിനായി ഏറ്റെടുത്തു നൽകുകയില്ലെന്ന സർക്കാർ നിലപാട് ആത്മഹത്യാപരമാണ്. വ്യക്തികൾക്ക് ഇതുപോലുള്ള നീരസവും വൈരാഗ്യബുദ്ധിയുമൊക്കെ ഉണ്ടായേക്കാം. എന്നാൽ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു സർക്കാർ ഒരിക്കലും ഇത്തരം നിഷേധാത്മക മനസ്ഥിതി വച്ചുപുലർത്തരുത്. സംയുക്ത ടെർമിനലിനായി 18 ഏക്കർ കൂടാതെ റൺവേയുടെ ഇരുഭാഗത്തും സുരക്ഷാമേഖലയ്ക്കായി ചാക്കയിലെ ഫയർഫോഴ്സ്, ബ്രഹ്മോസ് സ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടിവരും. ഇവയ്ക്കു മുന്നിലുള്ള റോഡും മാറ്റി നിർമ്മിക്കണം. സർക്കാർ മുൻകൈയെടുത്താൽ മാത്രമേ ഇതൊക്കെ സാദ്ധ്യമാവൂ. വിമാനസർവീസുകളുടെ കുറവുകൊണ്ടു മാത്രം തിരുവനന്തപുരത്തിന് ഇതിനകം നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ നഷ്ടമായിട്ടുണ്ട്. ടെക്നോപാർക്കിന്റെ ഇനിയുള്ള വികസനഘട്ടങ്ങളിലും വിമാനത്താവള വികസനം പരമപ്രധാനം തന്നെയാണ്. വിഴിഞ്ഞം തുറമുഖം പൂർത്തിയാവുകയും തലസ്ഥാനത്തെ ദേശീയപാത - റിംഗ് റോഡ് പദ്ധതികൾ യാഥാർത്ഥ്യമാവുകയും ചെയ്യുന്നതോടെ വൻ വികസന സാദ്ധ്യതകളാണ് വരാൻ പോവുന്നത്. എന്തു വിട്ടുവീഴ്ച ചെയ്തും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാൻ അഹോരാത്രം പാടുപെടുന്ന സംസ്ഥാന സർക്കാരിന് പരമപ്രധാനമായ എയർപോർട്ട് വികസനത്തിന് എങ്ങനെ വിലങ്ങുതടിയാകാനാകും. ശാന്തമായി ചിന്തിക്കേണ്ട കാര്യമാണിത്. തിരുവനന്തപുരം എയർപോർട്ടിന് സർക്കാർ പാരയാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM AIRPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.