SignIn
Kerala Kaumudi Online
Friday, 26 April 2024 12.29 PM IST

കണ്ണുരുട്ടി പേടിപ്പിക്കല്ലേ

twitter

സാമൂഹ്യ മാദ്ധ്യമമായ ട്വിറ്റർ ഇന്ത്യയിൽ 1.75 കോടി പേർ ഉപയോഗിക്കുന്നു. ട്വിറ്ററിൽ ചേരുന്നതിന് വ്യക്തിയുടെ പേരും മേൽവിലാസവും ഇ - മെയിലും ഫോൺ നമ്പരും അവരെ അറിയിക്കണം. ഇതവർ മാതൃകമ്പനിക്ക് മറിച്ച് കൊടുക്കും. അതും കൂടി സമ്മതിച്ചാണ് ഓരോരുത്തരും ഇതിൽ അംഗമാകുന്നത്. ഒരു വ്യക്തിയുടെ വിവരങ്ങൾ അഥവാ ഡേറ്റ മറിച്ച് വിറ്റ് പണമുണ്ടാക്കുന്നത് അടിസ്ഥാനപരമായി സ്വകാര്യതാ ലംഘനമാണ്. അവരാണ് സ്വകാര്യതാ ലംഘനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ ഇന്ത്യയുടെ പുതിയ ഐ.ടി ചട്ടത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നത്. അതിന് പുറമെ ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മിഷൻ വിദഗ്ദ്ധരും ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കുകയുണ്ടായി. ഈ പ്രശ്നത്തിൽ അത്യുക്തി കലർന്ന ആശങ്കയാണ് നി​ങ്ങൾ പ്രകടി​പ്പി​ക്കുന്നതെന്നും നി​ങ്ങൾ പറയുന്ന പോലുള്ള മനുഷ്യാവകാശ ലംഘനമൊന്നും ഇതി​ൽ ഇല്ലെന്നും ഇന്ത്യ മറുപടി​ നൽകി​യി​ട്ടുണ്ട്. ഇന്ത്യയുടെ പ്രതി​കരണമടക്കം ചേർത്താവും യു.എൻ. മനുഷ്യാവകാശ കൗൺ​സി​ലി​ൽ ഇത് അവതരി​പ്പി​ക്കുക. അവരുടെ തീരുമാനം എന്തായാലും പരമാധി​കാര രാജ്യമായ ഇന്ത്യ അംഗീകരി​ക്കണമെന്ന് നിർബന്ധമൊന്നുമി​ല്ല. തീരെ സഹി​ക്കാൻ വയ്യാത്ത മനുഷ്യാവകാശ ലംഘനം ഇന്ത്യയി​ൽ നടക്കുന്നതായി​ തോന്നുന്നുണ്ടെങ്കി​ൽ ട്വി​റ്ററി​ന് ഇന്ത്യയി​ലെ സേവനം മതി​യാക്കാമല്ലോ‌? അതി​നവർ തയ്യാറാകുമോ ?അമേരി​ക്കയും ജപ്പാനും കഴി​ഞ്ഞാൽ ട്വി​റ്ററി​ന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് ഇന്ത്യയി​ലാണ്. ഇതി​ലൂടെ അവർ വൻതോതിൽ പണമുണ്ടാക്കുകയും ചെയ്യുന്നു. അതി​ന് ചെറി​യ തടസം വരുന്ന ഒന്നും അവർക്ക് പി​ടി​ക്കി​ല്ല. എന്തും കാണി​ക്കാനുള്ള സ്വാതന്ത്ര്യമാണ് ട്വിറ്റർ ആവശ്യപ്പെടുന്നത്. പുതി​യ ഐ.ടി​ ചട്ടം വന്നപ്പോൾ അത് നടക്കി​ല്ല എന്നവർക്ക് മനസി​ലായി​. അതി​ന്റെ വെപ്രാളമാണ് മനുഷ്യാവകാശത്തി​ന്റെ പ്ളക്കാർഡുയർത്തി​ തടയാൻ ശ്രമി​ക്കുന്നതി​ന്റെ പി​ന്നി​ൽ. തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ചതിന്റെ പേരിൽ ഒരിടത്ത് വർഗീയ കലാപം ഉണ്ടായാൽ അതാരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് പറയാനുള്ള ഉത്തരവാദിത്വം ട്വിറ്ററിനില്ലേ? അതു പറ്റില്ലെങ്കിൽ പണി നിറുത്തി പോകാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടല്ലോ. അതിനും അവർ തയ്യാറല്ല. കാരണം അതിലൂടെ അവർക്ക് സംഭവിക്കുന്ന നഷ്ടം ഭീമമായിരിക്കും.

ഇന്ത്യ 2020ലെ ഐ.ടി ചട്ടം വിജ്ഞാപനം ചെയ്തത് ഫെബ്രുവരി 25 നാണ്. നടപ്പിലാക്കിയത് മേയ് 25നും. 2018 മുതൽ സോഷ്യൽ മീഡിയ കമ്പനികളുടെ പ്രതിനിധികളുമായും മനുഷ്യാവകാശ വിദഗ്ദ്ധരുമായും അസോസിയേഷനുകളുമായും അന്തർ സംസ്ഥാന മന്ത്രിതലത്തിലും വിശദമായ ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ പരിഗണിച്ചതിനു ശേഷമാണ് ചട്ടത്തിന് രൂപം നൽകിയത്. അപ്പോഴൊന്നും ഉന്നയി​ക്കാത്ത പരാതി​ ചട്ടം നിലവി​ൽ വരുന്നതി​ന്റെ തലേന്നാണ് ട്വി​റ്റർ കോടതി​യി​ൽ ഉന്നയി​ച്ചത്. ഇന്ത്യ നി​യമങ്ങൾ രൂപീകരി​ച്ചത് ഉപഭോക്താവി​ന്റെ അവകാശങ്ങളും രാജ്യത്തി​ന്റെ അഖണ്ഡതയും സുരക്ഷയും സംരക്ഷി​ക്കാനും വേണ്ടി​യാണ്. അതി​ൽ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് ട്വിറ്ററിന് മനസിലായി. അതാണ് ഇപ്പോൾ ഐക്യരാഷ്ട്ര സഭയെ ഇടപെടുത്താനുള്ള മാർഗം നോക്കുന്നത്. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിഭാഗവുമായി ബന്ധപ്പെട്ട ഐറീൻ ഖാൻ, ക്ളമന്റ് വോൾ, ജോസഫ് കനാടാസി എന്നിവരാണ് ജൂൺ11ന് കത്തയച്ചത്. മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതാ അവകാശം, ഡിജിറ്റൽ അവകാശം എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായും ബന്ധപ്പെട്ടവരുമായും ഇന്ത്യ കൂടിയാലോചന നടത്തണമെന്നാണ് അവർ കത്തിൽ ആദ്യം പറഞ്ഞത്. രണ്ടുവർഷം നീണ്ട ഇത്തരം കൂടിയാലോചനകൾക്കു ശേഷമാണ് ഇന്ത്യ ചട്ടം രൂപീകരിച്ചത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും അവർക്ക് അറിഞ്ഞുകൂടാ എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ അല്ല ഐക്യരാഷ്ട്രസഭ ആദ്യം മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വരേണ്ടത്. തൊട്ടപ്പുറത്ത് കിടക്കുന്ന ചൈനയെയാണ് ധൈര്യമുണ്ടെങ്കിൽ അത് പഠിപ്പിക്കേണ്ടത്. ചൈന സ്വന്തം രാജ്യത്തും മറ്റു രാജ്യങ്ങളിലും കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പത്തിലൊന്ന് പോലും ഇന്ത്യയിൽ നടക്കുന്നില്ല. കണ്ണുരുട്ടിയാൽ ഇന്ത്യ പേടിക്കുന്ന കാലം കഴിഞ്ഞുപോയെന്ന് ഐക്യരാഷ്ട്ര സഭയിലെ വിദഗ്ദ്ധർ മനസിലാക്കിയാൽ നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TWITTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.