SignIn
Kerala Kaumudi Online
Friday, 20 September 2024 11.19 PM IST

സർവകലാശാലകളും അക്കാഡമിക് സ്വാതന്ത്ര്യ‌വും

Increase Font Size Decrease Font Size Print Page

photo

സർവകലാശാലകൾക്ക് അക്കാഡമിക് സ്വാതന്ത്ര്യം‌ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ശുപാർശകൾ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ മുന്നോട്ടു വച്ചിരിക്കുകയാണ്. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർ വേണമെന്നതാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയ്ക്കും വിവാദത്തിനും ഇടയാക്കുന്ന ശുപാർശ. അപ്പോൾ സ്വാഭാവികമായും ഗവർണറുടെ ചാൻസലർ പദവി ഇല്ലാതാകും. കൂടാതെ സർവകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ശുപാർശയുണ്ട്. ഡോ.ശ്യാം ബി. മേനോൻ അദ്ധ്യക്ഷനായ കമ്മിഷനാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യങ്ങളിലൊക്കെ ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയെ വിസിറ്ററാക്കുന്നത് അടക്കമുള്ള ശുപാർശകൾ നടപ്പാക്കാൻ നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടിവരും. ഗവർണറെ ചാൻസലറാക്കിയത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സർവകലാശാലകളുടെ ഭരണസമിതികളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടാകുന്നത് അതിന്റെ മികവിന് കോട്ടമല്ലാതെ നേട്ടമൊന്നും നൽകില്ല. സഹകരണ ബാങ്കുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം രാഷ്ട്രീയത്തിന്റെ ഇടപെടൽ എല്ലാ അതിരുകളും ലംഘിച്ചതാണ്. ബാങ്കിംഗ് സ്ഥാപനങ്ങൾ നിയമസംവിധാനത്തിന്റെ പരിധിയിൽനിന്ന് പ്രവർത്തിക്കേണ്ടവയാണ്. അതിനുപകരം ഏതു രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾക്കാണോ ഭരണത്തിൽ മേൽക്കോയ്മ ലഭിക്കുന്നത് അവരുടെ ഇച്ഛയ്‌ക്കനുസരിച്ച് നിയമങ്ങൾ ലംഘിച്ച് വായ‌്‌പ നൽകാനും മറ്റ് തിരിമറികൾ നടത്താനും തുടങ്ങിയതാണ് സഹകരണമേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയാൽ ആ രംഗത്തിന്റെ തകർച്ചയാവും അനന്തരഫലം. സർക്കാരിന്റെ മുന്നിലുള്ള ഈ ഉദാഹരണം കൂടി കണക്കിലെടുത്ത് വേണം ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണങ്ങളും നടപ്പാക്കാൻ. സർവകലാശാലകളുടെ ഭരണസമിതികളിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളുടെ എണ്ണം കുറയുകയും അക്കാഡമിക് വിദഗ്ദ്ധരുടെ പ്രാതിനിദ്ധ്യം കൂടുകയും വേണം. ഇപ്പോൾത്തന്നെ രാഷ്ട്രീയ ഇടപെടലിന്റെ പുറത്ത് മികച്ച അക്കാഡമിക് റെക്കാഡുള്ളവരെ തഴഞ്ഞ് രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്കും മറ്റും നിയമനം നൽകുന്നതായ പരാതികൾ നിരന്തരം ഉയരുന്നു. ഇതിലൊക്കെയാണ് ഗുണപരമായ മാറ്റം വരേണ്ടത്. ചാൻസലറായി ഗവർണർ വേണ്ടെന്നും വിസിറ്ററായി മുഖ്യമന്ത്രി വേണമെന്നുമൊക്കെ തീരുമാനിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് അവകാശമുണ്ട്. രാഷ്ട്രീയ ശുപാർശകളുടെയും മറ്റും അടിസ്ഥാനത്തിൽ അക്കാഡമിക് പാണ്ഡിത്യമുള്ളവരെ തഴഞ്ഞ് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതികൾ അവസാനിപ്പിച്ചില്ലെങ്കിൽ എന്തെല്ലാം നടപ്പാക്കിയാലും ഉന്നതവിദ്യാഭ്യാസരംഗം പ്രതീക്ഷിക്കുന്ന രീതിയിൽ ശോഭിക്കില്ല. അക്കാഡമിക് തീരുമാനങ്ങളിൽ യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയവും അനുവദിക്കരുത്. അക്കാഡമിക് സ്വാതന്ത്ര്യം എന്നത് ലഭിക്കാതെ ഒരു സർവകലാശാലയ്ക്കും ഉയരാനാകില്ല. അതോടൊപ്പം സർവകലാശാലകളിൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലുള്ള പഠനമാറ്റങ്ങളും ഉണ്ടാകണം. പല വകുപ്പുകളായി നിലനിറുത്താതെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലാക്കണമെന്ന ശുപാർശ പ്രായോഗികമായ കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ഉപകരിക്കുന്നതാണ്. തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിന് പകരം തൊഴിൽദാതാക്കളെ പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പഠനത്തിനൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കുമെന്നും മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടത് ഭാവിയിൽ നടപ്പാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNIVERSITIES AND ACADEMIC FREEDOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.