SignIn
Kerala Kaumudi Online
Friday, 26 April 2024 10.40 PM IST

വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കരുത്

photo

സർവകലാശാലാ വിഷയത്തിൽ രണ്ട് തട്ടിൽനിന്ന് സർക്കാരും ഗവർണറും പോരാട്ടം തുടരുകയാണ് . ഇതിൽ സർക്കാരിന്റെ പക്ഷമാണ് ശരിയെന്ന് വാദിക്കുന്നവരും അതല്ല ഗവർണറാണ് ശരിയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ശരിയും തെറ്റും വിലയിരുത്തി ഏതുപക്ഷം ജയിച്ചാലും ഇൗ കാലയളവിൽ അദ്ധ്യയനത്തിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട വിദ്യാർത്ഥികളാണ് ഒടുവിൽ തോൽക്കുന്നത്. ഇവരുടെ വക്കാണത്തിൽ ഉലഞ്ഞാടുന്നത് വിദ്യാർത്ഥികളുടെ ഭാവിയാണ്. ഇതിന് പുറമെ കേരളത്തിലെ കോളേജുകൾക്ക് ദേശീയ അന്തർദേശീയരംഗത്ത് ആവശ്യത്തിലധികം ചീത്തപ്പേരും ബോണസായി ലഭിക്കുന്നുണ്ട്. ഇത് ദൂരവ്യാപകമായ ദോഷങ്ങൾക്ക് ഇടയാക്കാതിരിക്കില്ല.

സാങ്കേതിക സർവകലാശാലയിൽ കാര്യങ്ങൾ അപ്പാടെ കുത്തഴിഞ്ഞ് കിടക്കുകയാണ്. ആറുമാസമായി പരീക്ഷാഫലമില്ല. മൂവായിരം രൂപ അടച്ച് അപേക്ഷിച്ചിട്ടും ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നില്ല. പല വിദ്യാർത്ഥികളുടെയും വിദേശത്തെ ‌ജോലിയും പഠനവും വെള്ളത്തിലാവുന്ന സ്ഥിതിയാണ്. ഇൗ സർവകലാശാലയുടെ വിസി നിയമനം അടുത്തിടെ സുപ്രീംകോടതിയാണ് റദ്ദാക്കിയത്. അതിനാൽ വിസിയുടെ താത്‌കാലിക ചുമതല ഗവർണർ പ്രൊഫ. സിസാ തോമസിന് നൽകി. ചുമതലയേൽക്കാനെത്തിയ ഇവരെ സർവകലാശാലാ ജീവനക്കാരും എസ്.എഫ് എെ പ്രവർത്തകരും ചേർന്ന് തടഞ്ഞു. ഒപ്പിടാൻ രജിസ്റ്ററും നൽകിയില്ല. തുടർന്ന് പൊലീസെത്തിയാണ് അവരെ അകത്ത് കടത്തിയത്. താത്‌കാലിക വിസിയായി നിയമിക്കുന്നതായ വിവരം പുറത്തുവന്ന ഉടനെ തന്നെ ഇൗ അദ്ധ്യാപികയുടെ മെയിലിലും മറ്റും വിദ്യാർത്ഥികൾ നിരവധി പരാതികൾ അയച്ചിരുന്നു. കോഴ്സ് തീർന്ന് ഒരു വർഷമായിട്ടും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെക്കുറിച്ചാണ് ഇതിൽ ഭൂരിപക്ഷം പരാതികളും. കാമ്പസ് സെലക്‌ഷൻ ലഭിച്ച വിദ്യാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പിരിച്ചുവിടപ്പെടും. രാഷ്ട്രീയമായ വഴക്കുകൾ എന്നെങ്കിലും തീരട്ടെ. അതിൽ ആരും ഒരിക്കലും തോൽക്കാറില്ല. ജീവിതത്തിലും സമൂഹത്തിലും ജയിച്ചുകഴിഞ്ഞവരാണ് വടംവലികൾ നടത്തുന്നത്. അതിന്റെ പേരിൽ സാധാരണകുടുംബങ്ങളിൽ നിന്നുള്ള വിദ്യാ‌ർത്ഥികളുടെ ഭാവി തുലയ്ക്കരുത്. ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിനും പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനും പ്രഥമ പരിഗണന നൽകുമെന്ന് താത്‌കാലിക വി.സി പ്രഖ്യാപിച്ചത് തികച്ചും സ്വാഗതാർഹമാണ്.

പരീക്ഷാഫലം ഇനിയെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കിൽ എെ.എെ.ടി, എൻ.എെ ടി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിൽ ചേരാനുള്ള അവസരമാവും വിദ്യാർത്ഥികൾക്ക് നഷ്ടമാവുക. ഇക്കാര്യങ്ങളൊക്കെ പൂർത്തിയാക്കാൻ സർവകലാശാല ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. എന്നാൽ അവരും കൂടി ചേർന്ന് താത്‌കാലിക വി.സിയെ തടഞ്ഞതിൽനിന്ന് ഒരു കാര്യവും സമയത്ത് നേരെ ചൊവ്വേ നടക്കാൻ പോകുന്നില്ലെന്നുതന്നെ ഉൗഹിക്കേണ്ടി വരും. ബിരുദ സർട്ടിഫിക്കറ്റിനും മറ്റുമുള്ള നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇൗ അവസരത്തിൽ വിദ്യാർത്ഥികളോടൊപ്പം ചേർന്ന് സമരത്തിൽ പങ്കെടുക്കുന്ന സർവകലാശാലജീവനക്കാർ സാങ്കേതിക സർവകലാശാലയിലെ വിദ്യാ‌ർത്ഥികളുടെ ഭാവിയാണ് പന്താടുന്നത്. ദേഷ്യം വരുമ്പോൾ സ്വന്തംവീടിന് തീയിടുന്നതു പോലുള്ള പ്രവൃത്തിയാണിത്. പരീക്ഷാ കൺട്രോളർ ഉൾപ്പെടയുള്ളവർ ആത്മാർത്ഥമായി പരിശ്രമിച്ചാലേ കുത്തഴി‍ഞ്ഞ കാര്യങ്ങൾ നേരയാക്കാനാവൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതുണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം. സർക്കാർ -ഗവർണർ യുദ്ധം തീരുംവരെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു കിടന്നാൽ സർവകലാശാലയ്ക്കും സംസ്ഥാനത്തിനും അതുണ്ടാക്കുന്നത് അപരിഹാര്യമായ നഷ്ടമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITIES IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.