രാഷ്ട്രീയ വിജയത്തിന്റെ ഒരു വലിയ പ്രതീകമായി മാറിയിരിക്കുകയാണ് വന്ദേഭാരത് എക്‌സ്‌പ്രസ്. എന്നാൽ ഇതിന്റെ ആശയം ആദ്യം ഉദിച്ചത് രാഷ്ട്രീയക്കാരുടെയോ സർക്കാരിന്റെയോ മസ്തിഷ്‌കത്തിലല്ല. സുധാംശു മണിയെന്ന ഉന്നത റെയിൽവേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരുസംഘം റെയിൽവേ ഉദ്യോഗസ്ഥരാണ് ഇങ്ങനെ ഒരാശയം മുന്നോട്ടുവച്ചതും അത് നടപ്പാക്കാൻ അഹോരാത്രം പ്രവർത്തിച്ചതും. ഇൗ ആശയത്തെ മുളയിലേ നുള്ളാനാണ് റെയിൽവേ ബോർഡിലെ ഉന്നതർ ആദ്യം ശ്രമിച്ചത്. തുടക്കത്തിൽ കേന്ദ്രഭരണനേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചില്ല. അദ്ദേഹത്തിന് ഇതിന്റെ രൂപരേഖയുമായി നിരവധി മാസങ്ങൾ റെയിൽവേ ബോർഡ‌് മെമ്പർമാരുടെ ഒാഫീസുകൾ കയറിയിറങ്ങേണ്ടി വന്നു.
പഴയതിൽനിന്നുള്ള മാറ്റം ഒരു സ്ഥാപനവും അത്രവേഗം അംഗീകരിക്കില്ല. സാധാരണ ജനങ്ങളും മാറ്റങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. പല പദ്ധതികളെയും തകിടം മറിക്കാൻ രാഷ്ട്രീയക്കാർ ഈ ആശങ്ക മുതലെടുക്കുകയും ചെയ്യും. വൈതരണികൾ പിന്നിട്ട് ഇത്തരം പദ്ധതികൾ നടപ്പാകുമ്പോൾ അതിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത് സാധാരണക്കാർക്കാവും. വന്ദേഭാരത് ട്രെയിൻ നിർമ്മിച്ചത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ നിർമ്മിതി നടന്നത്. അതുവരെ മെട്രോയുടെയും മറ്റും ആവശ്യത്തിനായി ഇത്തരം കോച്ചുകൾ വിദേശത്തുനിന്ന് വിലയ്ക്ക് വാങ്ങുകയാണ് ചെയ്തത്. വിദേശത്തെ കോച്ചുകളോട് കിടപിടിക്കുന്ന കോച്ചുകൾ ഇവിടെ 18 മാസത്തിനുള്ളിലാണ് നിർമ്മിച്ചത്. ആദ്യം ഇൗ ട്രെയിനിന് നല്‌കിയിരുന്ന പേര് ട്രെയിൻ 18 എന്നായിരുന്നു. പിന്നീട് ഇതിന്റെ സാദ്ധ്യതകൾ രാഷ്ട്രീയ ഭരണനേതൃത്വം മനസ്സിലാക്കിയപ്പോഴാണ് വന്ദേഭാരത് എന്ന പേരിട്ടത്. ന്യൂഡൽഹിയിൽ നിന്ന് വാരാണാസിയിലേക്കുള്ള ആദ്യത്തെ ട്രെയിൻ 2019 ഫെബ്രുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഒാഫ് ചെയ്തത്. ഇപ്പോൾ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും തങ്ങൾക്ക് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വേണമെന്ന് മുറവിളി കൂട്ടുകയാണ്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ വൻ വിജയമായി മാറുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാക്കാൻ പറ്റുന്ന രീതിയിലായിരിക്കുന്നു വന്ദേഭാരത്. അതുകൊണ്ടാണ് സാധാരണക്കാർക്കുവേണ്ടിയും വന്ദേഭാരത് ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. വളരെ നല്ല തീരുമാനമാണത്. എ.സി കോച്ചുകളില്ലാത്ത ഇത്തരം ട്രെയിനുകളിൽ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കായിരിക്കും ഇൗടാക്കുക. ഒക്ടോബറിൽ രാജ്യത്തെ ഒൻപത് കേന്ദ്രങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കും. കേരളത്തിന് എറണാകുളം - ഗുവാഹതി പ്രതിവാര സർവീസാകും ലഭിക്കുകയെന്നാണ് ഇപ്പോഴുള്ള വാർത്തകൾ. അത് മാറ്റി കേരളത്തിന് തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്രതിദിന വന്ദേ സാധാരൺ ട്രെയിൻ അനുവദിക്കുകയാണ് വേണ്ടത്. ഇതിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തണം. പേരിൽ സാധാരൺ
എന്നാണെങ്കിലും വേഗതയിൽ വന്ദേഭാരതിന് തുല്യമാണ്. അതിനാൽ കേരളത്തിന് ഇൗ ട്രെയിൻ അനുവദിച്ചാൽ അതും റെയിൽവേയ്ക്ക് വൻ വരുമാനം നേടിക്കൊടുക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. വേഗതയേറിയ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കേരളത്തിന് ഒരു പുതിയപാത വേണമെന്ന ആവശ്യം ഏറെക്കുറെ ഏവരും അംഗീകരിച്ചതിന് പിന്നിൽ വന്ദേഭാരതിന്റെ വരവിനും ഒരു പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |