
'അയ്യപ്പാ... നിന്നെ നീ തന്നെ കാത്തോണേ...!" ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ അടിച്ചുമാറ്റി, പകരം ചെമ്പുപാളികൾ പിടിപ്പിച്ച സൂത്രപ്പണി പുറത്തു വന്നപ്പോൾത്തന്നെ ഭക്തരുടെ പ്രാർത്ഥന ഇതായിരുന്നു! അയ്യപ്പന്റെ യോഗദണ്ഡിലെയും പ്രഭാ വിളക്കിലെയും വരെ സ്വർണം വെളുപ്പിച്ചെന്ന വിവരം പിന്നാലെ പുറത്തുവന്നു. രണ്ട് മുൻ ദേവസ്വം പ്രസിഡന്റുമാരും കമ്മിഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ജാമ്യം കിട്ടാതെ അഴിയെണ്ണുകയാണ്. അപ്പോഴും, ക്ഷേത്രത്തിലെ തന്ത്രി അയ്യപ്പന്റെ സ്വർണം കട്ട് കടത്താൻ
കൂട്ടുനിന്നു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് റിമാൻഡിലായി. എന്താ കഥ! മൂക്കത്തു വിരൽവച്ച് ഭക്തകോടികൾ.
വിശ്വാസ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും... ഇതൊക്കെയാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരെ ചാർത്തിയ കുറ്റങ്ങൾ. കലികാലത്ത് ദൈവത്തിനും നാട്ടിൽ രക്ഷയില്ല! ശബരിമല ക്ഷേത്രത്തിലെ ഓരോ സ്വർണത്തരിയും കടത്തിയത് ആരെന്നും, എവിടെ കൊണ്ടു പോയി വിറ്റ് കാശാക്കിയെന്നും എല്ലാം കാണുന്ന അയ്യപ്പനറിയാം. അതിന്റെ പണിയാണ് തന്ത്രി വരെ എത്തി നിൽക്കുന്ന പ്രതിക്കൂട്ടത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് ഭക്തജനങ്ങളുടെ ആശ്വാസം!
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മറയാക്കി സ്വർണം കടത്തിയത് തന്ത്രിയുടെ അറിവോടെയല്ലെന്നായിരുന്നു നേരത്തേ പ്രത്യേക അന്വേഷണ സംഘം കോടതിൽ ബോധിപ്പിച്ചിരുന്നത്. ഇപ്പോൾ എങ്ങനെ തന്ത്രി പതിമൂന്നാം പ്രതിയായി? ശ്രീകോവിൽ വാതിലിന്റെയും കട്ടിളപ്പാളികളുടെയും അറ്റകുറ്റപ്പണിക്കും അയ്യപ്പന്റെ അനുജ്ഞ നൽകിയത് തന്ത്രിയാണത്രെ. അയ്യപ്പന്റെ പ്രതിനിധിയാണ് തന്ത്രിയെന്നാണ് വിശ്വാസം. നിശ്ചിത ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി അവ പുന:സ്ഥാപിക്കാമെന്ന് 'മേലാളന്മാർ" പ്രതിജ്ഞയെടുത്തത് തന്ത്രിയുടെ മുമ്പാകെയാണ്.
ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ ക്ഷേത്രത്തിൽ വച്ചുതന്നെ നടത്തണമെന്ന നിയമം ലംഘിച്ചും, ഹൈക്കോടതിയെ പോലും അറിയിക്കാതെയും സ്വർണപ്പാളികളും മറ്റും ഇളക്കി കേരളത്തിനു പുറത്തേക്ക് കൊണ്ടുപോയപ്പോഴും തിരികെയെത്തിക്കാൻ ഒന്നര മാസത്തോളം വൈകിയപ്പോഴും തന്ത്രി മൗനം പാലിച്ചത്
എന്തുകൊണ്ട്? ശബരിമലയിൽ ഇത്രയേറെ സ്വർണം നഷ്ടപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നാണ് തന്ത്രി കണ്ഠരര് രാജിവര് കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞത്. വിശ്വാസികളെ സംബന്ധിച്ച് വളരെയധികം വേദനാജനകമായ കാര്യമാണെന്നും പറഞ്ഞു. കവർച്ചയ്ക്ക് കൂട്ടുനിന്നെങ്കിൽ അയ്യപ്പന്റെയും ഭക്തകോടികളുടെയും കാര്യം അന്ന് തന്ത്രി ഓർക്കാതിരുന്നത് സ്വർണം കണ്ട് കണ്ണ് മഞ്ഞളിച്ചുപോയതു കൊണ്ടായിരുന്നോ?
'എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും" എന്നാണ് പ്രമാണം. ശബരിമല ക്ഷേത്രത്തിലെ പരമോന്നത ആചാര അധികാരിയാണ് തന്ത്രി. മൂലവിഗ്രഹ സംബന്ധമായ എല്ലാ കാര്യങ്ങളിലും അന്തിമ അധികാരം തന്ത്രിക്കാണ്. ആചാരലംഘനം സംഭവിച്ചാൽ പരിഹാരമാർഗം നിർദ്ദേശിക്കേണ്ട തന്ത്രി തന്നെ ആചാരം ലംഘിച്ചാലോ! 'ദൈവതുല്യ"രായ ആളുകൾ സ്വർണക്കൊള്ളയ്ക്കു പിന്നിൽ ഉണ്ടെന്നായിരുന്നു പദ്മകുമാറിന്റെ മൊഴി. 'ദൈവതുല്യൻ" മന്ത്രിയാണോ തന്ത്രിയാണോ എന്ന ചോദ്യം അന്ന് ഉയർന്നിരുന്നു. ഇപ്പോൾ ആളെ പിടികിട്ടി. എങ്കിലും എന്റെ അയ്യപ്പ സ്വാമീ...!
സ്വർണക്കൊള്ളയിൽ ഇനി കുടുങ്ങുന്നതാര് എന്നതാണ് പൊതുവെ ഉയരുന്ന പോദ്യം. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമോ? പക്ഷേ, ക്ഷേത്രത്തിന്റെയോ ദേവസ്വം ബോർഡിന്റെയോ കാര്യങ്ങളിൽ നിയമപരമായി വകുപ്പു മന്ത്രിക്ക് യായൊരു റോളുമില്ല. തീരുമാനങ്ങളെടുക്കുന്നതിന് മന്ത്രിയുടെ അനുമതിയും വേണ്ട. മന്ത്രിയെ കേസിൽ കുടുക്കുക അത്ര എളുപ്പമല്ലെന്ന് സാരം. പക്ഷേ,ക്ഷേത്രത്തിലെ വാതിൽപ്പാളികളും മറ്റും ഇളക്കി സ്വർണം പൂശാൻ കൊണ്ടു പോയത് സർക്കാരിന്റെയും മന്ത്രിയുടെയും അറിവോടെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അന്വേഷണ സംഘത്തിനു നൽകിയ മൊഴിയോ?ഒരു നിശ്ചയമില്ല ഒന്നിനും...
'എറിഞ്ഞ കല്ലും, പറഞ്ഞ വാക്കും" തിരിച്ചെടുക്കാനാവില്ല. പറഞ്ഞ വാക്ക് ചിലപ്പോൾ കുരുക്കായും മാറും. 'നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദയവുചെയ്ത് വായ തുറക്കരുത്. ഇങ്ങനെ വായ തുറന്നാൽ ഉള്ള വോട്ടുകൾ പോലും നഷ്ടപ്പെടും." മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലനോട് കൈ കൂപ്പി തൊഴുകയാണ് പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി. ബാലൻ വായ തുറക്കാതിരിക്കാൻ എന്നാണ് വേണ്ടതെന്നു വച്ചാൽ കൊടുക്കണമെന്നു വരെ കമ്മിറ്റിയിൽ പരിഹാസമുയർന്നു. ഇത്തരം ചില മാരണങ്ങളെ
കൊണ്ടുനടക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാവുമത്രെ.
തദ്ദേശ തിരഞ്ഞടുപ്പിലെ തകർച്ചയ്ക്കു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെറ്റുകൾ തിരുത്തി എങ്ങനെയും ഭരണത്തിൽ മൂന്നാമൂഴം നേടാനുള്ള കഠിനാദ്ധ്വാനത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും. അതിനിടയ്ക്കാണ് ബാലന്റെ കത്തിവേഷം ഉള്ള കഞ്ഞിയിൽ പാറ്റയെ വീഴ്ത്തിയത്. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്നും, മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള ബാലന്റെ വിടുവായത്തമാണ് പാർട്ടിയെ വെട്ടിലാക്കിയത്.
വർഗീയ വിദ്വേഷം പരത്തി ഭൂരിപക്ഷ സമുദായ വോട്ടുകൾ നേടുകയാണ് പാർട്ടിയുടെ അറിവോടെ ബാലൻ പറഞ്ഞ ആരോപണത്തിന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ്. സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബാലനെ പരോക്ഷമായി തള്ളിപ്പറഞ്ഞപ്പോൾ, തുണയ്ക്കെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം! കലാപത്തിന് ആഹ്വാനം നൽകിയെന്ന ആരോപണത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകുയാണ് ജമാ അത്തെ ഇസ്ലാമി. കടുവയെ കിടുവ പിടിച്ച സ്ഥിതി.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരുപോലെ കൈവിട്ടതാണ് എൽ.ഡി.എഫിന്റെ പതനത്തിനു കാരണം. വായ തുറന്നാൽ മുസ്ലിം വർഗീയതയെക്കുറിച്ചു മാത്രം മൈക്ക് വച്ച സി.പി.എം നേതാക്കൾ അകറ്റിയത് മുസ്ലീം സമുദായത്തെയാകെ. ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകളാണ് ലക്ഷ്യമെന്നായിരുന്നു ആരോപണം.
ശബരിമല സ്വർണക്കൊള്ളയിൽ അഴിക്കുള്ളിലായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ ഇപ്പോഴും സി.പി.എം ചേർത്തു പിടിക്കുന്നതിന്റെ കാരണം വോട്ടർമാർക്ക് പിടികിട്ടുന്നില്ല. കൈയിലിരുന്ന ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായ വോട്ടുകളും അതോടെ സ്വാഹ! കക്ഷത്തിലിരുന്നതും, ഉത്തരത്തിൽ നിന്ന് എടുക്കാൻ ശ്രമിച്ചതും പോയിക്കിട്ടി. എന്നിട്ടും പാഠം പഠിക്കാതെ മുസ്ലിം വർഗീയതയ്ക്കെതിരെ വാളോങ്ങുന്ന ബാലനെ തളയ്ക്കേണ്ടവർ, പകരം കുട പിടിക്കുന്നു. എൽ.ഡി.എഫ് നടത്താൻ പോകുന്ന മൂന്ന് മേഖലാ ജാഥകൾ കൊണ്ടോ, സർക്കാരിന്റെ പുതിയ ക്ഷേമ പ്രഖ്യാപനങ്ങൾ കൊണ്ടോ നഷ്ടപ്പെട്ട ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായ പിന്തുണ തിരിച്ചുപിടിക്കാനാവുമോ?
നുറുങ്ങ്:
■ സ്ത്രീ പിഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമാനമായ മറ്രൊരു കേസിൽ വീണ്ടും അറസ്റ്റിൽ.
● കോൺഗ്രസിനെ ആക്രമിക്കാൻ സി.പി.എമ്മിന് ഒരു വടി തിരിച്ചുകിട്ടി.
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |