രാജ്യത്ത് വാഹനങ്ങളുടെയും വാഹനാപകടങ്ങളുടെയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പം, അശ്രദ്ധ, ട്രാഫിക് നിയമ ലംഘനങ്ങൾ, അതിവേഗത തുടങ്ങി അപകടങ്ങൾക്ക് കാരണങ്ങൾ പലതാണെങ്കിലും വാഹനാപകടങ്ങൾ തകർത്തുകളയുന്നത് കുടുംബങ്ങളുടെ അത്താണികളും പ്രതീക്ഷകളുമൊക്കെയാണ്. ഈ നഷ്ടങ്ങൾ ധനംകൊണ്ട് മാത്രം നികത്താനാവില്ലെങ്കിലും വാഹനാപകടത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമം നിലവിലുണ്ട് എന്നത് ദുരന്തത്തിൽപ്പെടുന്നവർക്ക് പകരുന്ന ആശ്വാസം ചെറുതല്ല. മോട്ടോർ വാഹന അപകടങ്ങളുടെ ബാഹുല്യമാണ് അപകട കേസുകൾ തീർപ്പാക്കാനായി പ്രത്യേക കോടതിയായ മോട്ടോർ ആക്‌സിഡന്റ് ക്ളെയിം ട്രിബ്യൂണൽ (എം.എ.സി.ടി) രൂപീകരിക്കാൻ തന്നെ ഇടയാക്കിയത്. പ്രത്യേക കോടതികൾ നിലവിലുണ്ടായിട്ടുപോലും നഷ്ടപരിഹാരക്കേസുകളിൽ വിധി വരുന്നത് വളരെ വൈകിയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇൻഷ്വറൻസ് കമ്പനികളുടെ എതിർപ്പുകളും അദാലത്തിലൂടെ കേസ് ഒത്തുതീർപ്പാക്കാനുള്ള വിമുഖതയുമാണ് വിധി നീണ്ടുപോകാൻ ഇടയാക്കുന്നത്.
നഷ്ടപരിഹാരം പ്രധാനമായും കണക്കാക്കുന്നത് പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ്. ഒരാൾക്ക് ജോലിചെയ്ത് ജീവിക്കാൻ കഴിയാത്ത വിധമുള്ള പരിക്കാണ് ഏറ്റിട്ടുള്ളതെങ്കിൽ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കും. ഒരാൾ അപകടത്തിൽ മരിച്ചാൽ അയാളുടെ വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ കണക്കിലെടുത്താണ് വരുമാന നഷ്ടം കോടതി കണക്കാക്കുന്നത്. ജോലിയുള്ളവർക്ക് ലഭിക്കുന്ന ഉയർന്ന നഷ്ടപരിഹാരം ജോലി ഇല്ലാത്തവർക്ക് ലഭിക്കില്ല. ഇതിൽ ഭാവിയിൽ ഒരു മാറ്റം വരുത്താൻ ഇടയാക്കുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒരു കേസിൽ നടത്തിയ നിരീക്ഷണം. വാഹനാപകടത്തിൽ ഇരകളാകുന്നവരുടെ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യതക്കൊപ്പം ലഭിക്കുമായിരുന്ന ജോലിയുടെ സാദ്ധ്യതയും സ്വഭാവവും കൂടി പരിഗണിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഡൽഹിയിൽ പരിക്കേറ്റ് കിടപ്പിലായ ഇരുപതുകാരൻ പിന്നീട് മരണമടഞ്ഞിരുന്നു. ഇതിൽ മോട്ടോർ ആക്‌സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണലും ഡൽഹി ഹൈക്കോടതിയും വിധിച്ച നഷ്ടപരിഹാരം വർദ്ധിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി പുതിയ നിർദ്ദേശം നൽകിയത്.
ഇരയായ ബി.കോം അവസാന വർഷ വിദ്യാർത്ഥി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ എൻറോൾ ചെയ്തിരുന്നു. ട്രൈബ്യൂണലും ഹൈക്കോടതിയും സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന മിനിമം വേതനം കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടില്ലാത്തതിനാൽ ആ വരുമാനം പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നെങ്കിൽ നൽകേണ്ട നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പോലും ഇങ്ങനെ ഒരു അപകടത്തിലൂടെ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ ആ വിദ്യാർത്ഥി സി.എ ആകാനുള്ള സാദ്ധ്യത ആർക്കും അപ്പാടെ തള്ളിക്കളയാനാകില്ല. അതിനാൽ അക്കാര്യം കൂടി, നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കാതെ പരിഗണിക്കണമെന്ന സൂചനയാണ് സുപ്രീംകോടതി നൽകിയത്. ഭാവിയിൽ ഇത്തരം കേസുകളിൽ പ്രത്യേക കോടതികൾക്ക് ഈ നിർദ്ദേശം കൂടി പരിഗണിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ നഷ്ടപരിഹാരത്തുക വർദ്ധിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.
വാഹനാപകട കേസുകളിൽ ഒത്തുതീർപ്പിന് തയ്യാറാകാനാണ് കൂടുതൽ കക്ഷികളും താത്പര്യം കാണിക്കുന്നത്. ഒത്തുതീർപ്പാക്കിയ കേസുകളിൽ അപ്പീൽ കൊടുക്കാൻ അവകാശമില്ലെങ്കിലും അതിന് തയ്യാറാകുന്നത് നഷ്ടപരിഹാരം ഉടൻ ലഭിക്കും എന്നതിനാലാണ്. അതുപോലെ തന്നെ അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമം ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. അതിനാൽ നിരത്തിൽ വണ്ടിയുമായി ഇറങ്ങുന്ന ഓരോരുത്തരും കൂടുതൽ ഉത്തരവാദിത്വവും ശ്രദ്ധയും പുലർത്തേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |