SignIn
Kerala Kaumudi Online
Saturday, 27 April 2024 9.32 AM IST

ലംഘിക്കാനുള്ളവയല്ല നിയമങ്ങൾ

photo

ഗതാഗത നിയമങ്ങളിൽ ആളുകൾക്കു ഭയമില്ലാതായതോടെയാണ് ഇവിടെ റോഡപകടങ്ങൾ അടിക്കടി ഉണ്ടാകുന്നതെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധാർഹമാണ്. നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല അവ പാലിക്കാൻ കൂട്ടാക്കാത്തതാണ് പല ദുരന്തങ്ങൾക്കും കാരണമാകുന്നത്. ഏതു നിയമമായാലും അനുസരിക്കുക എന്നതാണ് പൗരധർമ്മം. പരിഷ്കൃത സമൂഹത്തിൽ മാത്രമല്ല പൗരാണിക കാലത്തും നിയമങ്ങളും ശാസനകളും ഉണ്ടായിരുന്നു. നിയമലംഘനങ്ങൾക്കു നൽകിയിരുന്ന ശിക്ഷകളാകട്ടെ ഇന്നത്തെ മനുഷ്യർക്ക് ആലോചിക്കാൻ പോലും കഴിയാത്തവിധം കഠോര സ്വഭാവത്തിലുള്ളവയുമായിരുന്നു. അതുകൊണ്ടുതന്നെ നിയമലംഘനങ്ങളും കുറവായിരുന്നു. ഇന്ന് സ്ഥിതി അതല്ല. നിയമങ്ങൾ എത്രവേണമെങ്കിലുമുണ്ട്. അവ പാലിക്കുന്നതിലാണ് വൈമുഖ്യം. സ്‌കൂൾ കുട്ടികളടക്കം ഒൻപതുപേരുടെ ദാരുണ മരണത്തിനിടയാക്കിയ വടക്കഞ്ചേരിയിലെ ബസപകടത്തിന്റെ കാരണം ചികഞ്ഞു ചെന്നാൽ എത്തിനിൽക്കുക ടൂറിസ്റ്റ് ബസിന്റെ നഗ്നമായ നിയമ ലംഘനങ്ങളിലാണ്. തുടർച്ചയായ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിരുന്ന ഈ ബസിനെ ഉൗട്ടിയാത്രയ്ക്കായി തിരഞ്ഞെടുത്ത സ്‌കൂൾ അധികൃതരും അതിനു കൂട്ടുനിന്ന മോട്ടോർ വാഹന വകുപ്പുമൊക്കെ തെറ്റുകാരാണ്. ഒന്നിലേറെ തവണ പിഴ ചുമത്തപ്പെട്ടിട്ടും അടയ്ക്കാതെ സ്ഥിരമായി ഓട്ടം പോയിരുന്ന ബസിനെതിരെ ഒരു നടപടിയും എടുക്കാൻ അധികൃതർക്കു കഴിയാതിരുന്നത് എന്തുകൊണ്ടാണ്? രാത്രികാല വിനോദയാത്ര പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പതിനഞ്ചു വർഷം മുൻപേ നിർദ്ദേശം ഇറക്കിയിരുന്നുവത്രേ. ടൂറിസ്റ്റ് ബസുകളിൽ ആർഭാട ലൈറ്റുകളും ഭൂലോകം ഇളക്കിമറിക്കുന്ന ശബ്ദഘോഷങ്ങളും പാടില്ലെന്ന കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും ചുമതലപ്പെട്ടവർ കൈയും കെട്ടിയിരിക്കുന്നത് എന്തുകൊണ്ടാണ് ? വലിയ വാഹനങ്ങൾക്ക് സ്‌പീഡ് ഗവർണർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണു നിബന്ധന. എന്നാൽ സംസ്ഥാനത്ത് എത്ര വാഹനങ്ങൾ ഈ നിബന്ധന പാലിക്കുന്നെന്ന് അന്വേഷിക്കാറുണ്ടോ? സംസ്ഥാനത്തെമ്പാടും വഴിനീളെ കാമറകൾ സ്ഥാപിച്ചത് വാഹനങ്ങളുടെ അമിതവേഗം കണ്ടുപിടിച്ച് കേസെടുക്കാനാണ്. ആചാരം പോലെ അങ്ങിങ്ങ് നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടീസ് അയയ്ക്കുന്നതല്ലാതെ കുറ്റക്കാരെ ശിക്ഷിക്കാൻ എന്തുകൊണ്ടാണു കഴിയാത്തത്?

നിയമങ്ങൾ അനുസരിക്കാൻ മടികാണിക്കുന്നവരെ അനുസരിപ്പിക്കുക എന്നതാണ് ഭരണകൂടത്തിനു ചെയ്യാനാവുക. സംസ്ഥാനത്തെ നിരത്തുകളിൽ ദിവസേന പതിനായിരക്കണക്കിനു ഗതാഗത നിയമലംഘനങ്ങൾ ഉണ്ടാകുന്നുണ്ട്. ലാഘവത്തോടെ കാണുന്നതിനാലാണ് അവ പെരുകുന്നത്. നിയമലംഘകർ കർക്കശമായി ശിക്ഷിക്കപ്പെടുമെന്നു വന്നാൽ നിയമലംഘനങ്ങൾ തീർച്ചയായും കുറയും. ഗതാഗത നിയമങ്ങൾ ദാക്ഷിണ്യമില്ലാതെ നടപ്പാക്കുന്നത് പരിഷ്‌കൃത രാജ്യങ്ങളിലെ രീതിയാണ്. ഇവിടെ പതിവായി നിയമം ലംഘിക്കുന്നവരും വിദേശങ്ങളിൽ ചെന്നാൽ നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നവരായി മാറും. അവിടങ്ങളിലെ ശിക്ഷയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണിത്. ഇവിടെയും നിയമങ്ങളോട് ആളുകൾക്ക് ആദരവും അനുസരണയും ഉണ്ടാകണമെങ്കിൽ മുഖം നോക്കാതെ നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവർ തുനിഞ്ഞിറങ്ങണം.

സമൂഹത്തെ നടുക്കുന്ന വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴാണ് നിയമ ലംഘനങ്ങളെക്കുറിച്ചും നിയമങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളെക്കുറിച്ചുമൊക്കെ എല്ലാവരും ഓർമ്മിക്കുക. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകുന്നതോടെ എല്ലാം പഴയപടിയാകും. നിയമനിർമ്മാണ സഭകൾ കൂലങ്കഷമായ ചർച്ചകൾക്കുശേഷം പാസാക്കുന്ന നിയമം ആവശ്യമായ ചട്ടങ്ങളോടെ നിലവിൽ വന്നുകഴിഞ്ഞാൽ അതു നടപ്പാക്കാനുള്ള ബാദ്ധ്യത ഉദ്യോഗസ്ഥർക്കാണ്. അവർ വരുത്തുന്ന വീഴ്ചകളാണ് പലപ്പോഴും ഒട്ടേറെപ്പേരുടെ കണ്ണുകളെ ഈറനണിയിക്കാറുള്ളത്. ദുരന്തങ്ങളുണ്ടാകുമ്പോൾ ഞെട്ടിയതുകൊണ്ടോ കള്ളക്കണ്ണീർ പൊഴിച്ചതുകൊണ്ടോ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നേട്ടമൊന്നുമില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള വഴിയാണ് നോക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIOLATION OF TRAFFIC RULES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.