SignIn
Kerala Kaumudi Online
Friday, 26 April 2024 10.59 AM IST

ആദ്യം സ്ഥാപിക്കേണ്ടത് മാലിന്യസംസ്കരണ പ്ളാന്റ്

photo

സംസ്ഥാനത്ത് മാലിന്യസംസ്കരണത്തിനായി സമഗ്രനിയമം കൊണ്ടുവരാൻ പോവുകയാണ് സർക്കാർ. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. മുഹൂർത്തം കുറിച്ച് നിയമവും ചട്ടവുമൊക്കെ കൊണ്ടുവന്നാൽ സാധിക്കാവുന്ന ലക്ഷ്യമല്ലിത്. പതിറ്റാണ്ടിലേറെയായി മാലിന്യപ്രശ്നം സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുകയാണ്. കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ളാന്റുകൾ സ്ഥാപിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടങ്ങിയത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. വിളപ്പിൽശാലയിലെ മാലിന്യ സംസ്കരണ പ്ളാന്റ് നടത്തിപ്പുദോഷം കൊണ്ട് അടച്ചുപൂട്ടേണ്ടിവന്നതിനുശേഷം സംസ്ഥാനത്തൊരിടത്തും വലിയ സംസ്കരണ പ്ളാന്റുകൾ സ്ഥാപിതമായിട്ടില്ല. പ്രദേശവാസികളുടെ എതിർപ്പാണ് പ്രധാന കാരണം. വിളപ്പിൽശാലയുടെ അനുഭവം കൺമുന്നിലുള്ളപ്പോൾ സ്വൈരജീവിതം ആഗ്രഹിക്കുന്ന ആരും മാലിന്യസംസ്കരണ പ്ളാന്റ് തങ്ങളുടെ പ്രദേശത്ത് സ്ഥാപിക്കാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല.

അത്യാധുനിക സംസ്കരണ പ്ളാന്റ് കുറ്റമറ്റരീതിയിൽ നടത്താനാവും. എന്നാൽ അതു സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ളാന്റിനെ നാട്ടുകാർ എതിർക്കുന്നെന്ന് പറഞ്ഞ് കൈയും കെട്ടിയിരുന്നാൽ മാലിന്യ സംസ്കരണം മുന്നോട്ടു കൊണ്ടുപോകാനാകില്ല. രാജ്യത്തെ ഏറ്റവും ശുചിത്വമേറിയ നഗരം മദ്ധ്യപ്രദേശിലെ ഇൻഡോറാണ്. ശക്തമായ നിയമത്തിന്റെ പിൻബലമാണ് ഇൻഡോറിന് ഈ കീർത്തി ലഭിക്കാൻ കാരണം. ഇൻഡോർ മാതൃക സ്വീകരിച്ചുകൊണ്ടാകും ഇവിടെയും മാലിന്യസംസ്കരണ നിയമം കൊണ്ടുവരികയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറയുകയുണ്ടായി. മാലിന്യം ശേഖരിക്കാൻ യൂസർ ഫീ ഏർപ്പെടുത്തുന്നതിനെ ചില കേന്ദ്രങ്ങൾ എതിർക്കുന്നുണ്ട്. നാടും നഗരവും മാലിന്യമുക്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും ഇത്തരത്തിലുള്ള നടപടിയെ എതിർക്കുമെന്നു തോന്നുന്നില്ല. സംസ്ഥാനത്തെ ജനങ്ങളിൽ നല്ലൊരു ശതമാനം വിദേശരാജ്യങ്ങളിൽ പോയിട്ടുള്ളവരാണ്. അവിടങ്ങളിലെ വൃത്തിയെക്കുറിച്ചും നഗര പരിപാലനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് പലരും. യൂസർ ഫീ നൽകിയിട്ടാണെങ്കിലും മാലിന്യ സംഭരണത്തിനും സംസ്കരണത്തിനും സംവിധാനമുണ്ടെങ്കിൽ ജനങ്ങൾ സർവാത്മനാ അതിനെ സ്വാഗതം ചെയ്യാതിരിക്കില്ല. നേരത്തെ പറഞ്ഞതുപോലെ പാളിച്ചകളില്ലാതെ പ്രവർത്തിക്കുന്ന സംസ്കരണ പ്ളാന്റുകൾ യാഥാർത്ഥ്യമാക്കി ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്.

യൂസർ ഫീ നിർബന്ധമാക്കാനാണ് നിയമം കൊണ്ടുവരുന്നത്. തിരുവനന്തപുരം നഗരത്തിലും മറ്റു ചിലയിടങ്ങളിലും നിലവിൽ മാലിന്യ സംഭരണത്തിന് യൂസർ ഫീ പിരിക്കുന്നുണ്ട്. നല്ല നിലയിൽ ഈ സംവിധാനം മുന്നോട്ടുപോകുന്നുമുണ്ട്. എല്ലാ നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുന്ന ഏർപ്പാടാണിത്. നിയമം പാസാക്കുന്നതിനു മുന്നോടിയായി വികേന്ദ്രീകൃതമായി സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഏറ്റെടുക്കേണ്ടതുണ്ട്. നാട്ടുകാർ എതിർക്കുന്നതിനാൽ പ്ളാന്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന ഒഴികഴിവ് അതേപടി അംഗീകരിക്കാനാവില്ല. ആശയം പ്രവൃത്തിപഥത്തിലെത്തിച്ച് അപകടമൊന്നുമില്ലെന്നു തെളിയിക്കുമ്പോഴാണ് ജനങ്ങളുടെ എതിർപ്പും പ്രതിഷേധവും മറികടക്കാനാവുന്നത്.

സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് തദ്ദേശവകുപ്പ് അടുത്ത മാസം കൊച്ചിയിൽ ഒരു ആഗോളസംഗമം സംഘടിപ്പിക്കുകയാണ്. മാലിന്യ സംഭരണത്തിലും സംസ്കരണത്തിലും ആഗോളതലത്തിൽ വന്നുകഴിഞ്ഞ മാറ്റങ്ങളും നൂതന സാങ്കേതികവിദ്യകളും ഇവിടെ പ്രദർശനത്തിനുണ്ടാകും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിദഗ്ദ്ധർ പങ്കെടുക്കുന്ന സംഗമം പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയണം. പല വിദേശരാജ്യങ്ങളിലും മാലിന്യത്തിൽ നിന്ന് ഉൗർജ്ജം ഉത്‌പാദിപ്പിക്കുന്നുണ്ട്. വിലയേറിയ വളമായും അത് മാറുന്നു. വേസ്റ്റ് വെറും വേസ്റ്റല്ലെന്നും വിലയേറിയ വിഭവമായി അതിനെ മാറ്റാമെന്നും തിരിച്ചറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WASTE MANAGEMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.