SignIn
Kerala Kaumudi Online
Saturday, 27 April 2024 1.49 AM IST

വാളയാർ വനമേഖല കാട്ടാനകളുടെ ശവപ്പറമ്പ്

elephant

വാളയാർ വനമേഖലയിൽ ആനകളുടെ കൂട്ടക്കുരുതി തുടരുന്നു. നവംബർ 26ന് വൈകിട്ട് കോയമ്പത്തൂർ നവക്കരയിൽ രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ട്രെയിനിടിച്ച് ചരിഞ്ഞതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 33 കാട്ടാനകളുടെ ജീവനാണ് റെയിൽവേയുടെ അനാസ്ഥ മൂലം നഷ്ടമായത്. കഞ്ചിക്കോട് വനമേഖലയിൽ കഴിഞ്ഞ ആറുമാസമായി നിലയുറപ്പിച്ച 16 അംഗ കാട്ടാനക്കൂട്ടത്തിലെ മൂന്ന് ആനകളാണ് കൊല്ലപ്പെട്ടത്. കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്ററാണ് അപകടമേഖല. വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലാണ് അപകടം ഏറെയും. ഈ പ്രദേശം കോയമ്പത്തൂർ വാളയാർ ആന സങ്കേതമാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വനംവകുപ്പിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് റയിൽവേ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഇത്രയും നാൾ സ്വീകരിച്ചത്. ആനകൾ ചെരിയുമ്പോൾ കേസെടുക്കുന്ന വനംവകുപ്പാകട്ടെ തുടർ നടപടികൾ എടുത്തില്ല എന്നത് കൂടുതൽ ആനകൾ കൊല്ലപ്പെടാൻ കാരണമാവുകയും ചെയ്തു. ഇക്കാര്യത്തിൽ തമിഴ്നാട് കേസെടുത്ത് റെയിൽവേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു എന്നത് മാത്രമാണ് ആകെ ഉണ്ടായ നേട്ടം.
റെയിൽവേയെ കൂടാതെ, വാളയാർ വനമേഖലയിലെ കഞ്ചാവ് കൃഷി, മലബാർ സിമന്റ്സിന്റെ ചുണ്ണാമ്പു കല്ല് ഖനനം, തമിഴ്നാട് മേഖലയിലെ സ്വകാര്യ വ്യക്തികൾ വനാതിർത്തി പ്രദേശങ്ങൾ വിലയ്‌ക്ക് വാങ്ങി വിവിധ കച്ചവട സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയതും ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി.

പാലക്കാട് ഡിവിഷനു കീഴിൽ മാത്രമല്ല, മണ്ണാർക്കാട്, നെന്മാറ ഡിവിഷനുകൾക്ക് കീഴിലും കാട്ടാനകൾ ചെരിയുന്നുണ്ട്. ഇതിൽ പ്രധാനം 2020 ൽ തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടി വായയ്ക്ക് പരിക്കേറ്റ് ചെരിഞ്ഞതും അട്ടപ്പാടിയെ വിറപ്പിച്ച 'ബുൾഡോസർ' എന്ന ആന സമാനസ്ഥിതിയിൽ ചരിഞ്ഞതുമാണ്. ഈവർഷം നെല്ലിയാമ്പതിയിൽ വന്യമൃഗങ്ങളുമായി കൊമ്പുകോർത്ത് പരിക്കേറ്റ കാട്ടാന ചരിഞ്ഞിരുന്നു.

കാട്ടിനകത്തുള്ള മറ്റാനകൾ ഇനി ഇറങ്ങുമോ എന്ന ആശങ്കയും നാട്ടുകാർ തള്ളിക്കളയുന്നില്ല. വനംവകുപ്പ് നേരത്തേ നടത്തിയ പഠനങ്ങളിൽ വാളയാർ കാടുകളിൽ 40 ആനകൾ ഉണ്ടെന്നാണ് കണ്ടത്തിയത്. 15 ആനകൾ പലപ്പോഴായി നാട്ടിലേക്കിറങ്ങിയെങ്കിലും കൂടുതൽ ശല്യക്കാരായ മൂന്നെണ്ണത്തെയാണ് കണ്ടെത്തിയിട്ടുള്ളത്.

കോടികൾ മുടക്കിയിട്ടും ഫലമില്ല

ആനകൾ റെയിൽ പാളത്തിൽ ഇറങ്ങാതിരിക്കാൻ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വനംവകുപ്പും റെയിൽവേയും ചെലവഴിച്ചത്. ഇത് സംബന്ധിച്ച പഠനം നടത്താൻ ഏല്‌പിച്ച ഏജൻസി പ്രതിരോധമാർഗമായി നിർദ്ദേശിച്ചത് മുളകുപൊടി വേലി, തേനീച്ച വേലി, സൗരോർജ്ജ വേലി, റെയിൽ വേലി, കടുവയുടെ ശബ്ദമുണ്ടാക്കൽ തുടങ്ങിയവയാണ്. പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പരാജയപ്പെട്ട ഇത്തരം പദ്ധതികൾക്കായി വാളയാർ മേഖലയിൽ കോടികളാണ് മാറിമാറി വന്ന സർക്കാരുകൾ ചെലവാക്കിയത്. പണം ചെലവാക്കും തോറും കൂടുതൽ ആനകളെ നഷ്ടമാകുന്നു എന്നതും ദൗർഭാഗ്യകരമാണ്.

കാട്ടാനകൾ കാടിറങ്ങുന്നതും ആനകൾ ചെരിയുന്നതും സംബന്ധിച്ച് വൈൽഡ്‌ ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യ പഠനം നടത്തിയിരുന്നു. ഈ മേഖലയിൽ ആനകൾ മരണപ്പെടുന്നത് ട്രെയിനിന്റെ അമിതവേഗവും ആനത്താര മുറിച്ചുള്ള റെയിൽപ്പാളങ്ങളുമാണ് എന്നതായിരുന്നു പഠനത്തിന്റെ കണ്ടെത്തൽ. അതിനാൽ, ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം മാത്രം വരുന്ന ഈ പ്രദേശങ്ങളിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ ഇരുപത് കിലോമീറ്ററായി നിയന്ത്രിക്കണമെന്നതായിരുന്നു സർക്കാരിന് മുന്നിൽ വച്ച നിർദ്ദേശം. കൂടാതെ കാടിനകത്തെ ട്രാക്ക് കാടിനു പുറത്താക്കുകയും ആകാശ റെയിൽപാതകൾ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് വൈൽഡ്‌ ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യ ആവശ്യപ്പെട്ടു. പക്ഷേ, ശാശ്വത പരിഹാരം എന്ന നിലയ്ക്ക് വൈദ്യുതി വേലി സ്ഥാപിക്കാനായിരുന്നു സർക്കാർ തീരുമാനം. അതോടെ ആനത്താരകൾ തടസപ്പെടുകയും ആനകൾ പുതുശ്ശേരി, വേനോലി, മലമ്പുഴ, മുണ്ടുർ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമായി. ഇപ്പോൾ ഈ പ്രദേശത്ത് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്.

ട്രെയിൻ പാളം തെറ്റാത്തത്

ഭാഗ്യം കൊണ്ട് മാത്രം

2008 ൽ ആനയെ ഇടിച്ച് ട്രെയിൻ പാളംതെറ്റിയത് കഞ്ചിക്കോട് പയറ്റുക്കാട് മേഖലയിലായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിൽ ഏഴ് ആനകൾ എ, ബി ട്രാക്കുകളിലായി കൊല്ലപ്പെട്ടു. 1992ൽ പ്രോജക്ട് എലിഫന്റ് പദ്ധതി മേഖലയായി തിരഞ്ഞെടുത്ത കഞ്ചിക്കോട് - നവക്കര ഭാഗത്ത് ഭൂരിഭാഗം അപകടങ്ങളും രാത്രിയാണ് ഉണ്ടായത്. ഇവിടെ ട്രെയിൻ 45 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. കാട്ടാനയ്ക്ക് പുറമെ മറ്റ് മൃഗങ്ങൾ ട്രെയിൻ തട്ടി ചാകുന്നതും പതിവാണ്. കഴിഞ്ഞ ഒരുവർഷം പശുക്കൾ, കാട്ടുപന്നി എന്നിങ്ങനെ മുപ്പതിലേറെ മൃഗങ്ങൾ ട്രെയിൻതട്ടി മരിച്ചെന്നാണ് സർക്കാർ കണക്ക്. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടൽ കൊണ്ടാണ് പലപ്പോഴും ട്രെയിൻ പാളംതെറ്റാതെ രക്ഷപ്പെടുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന പാളത്തിൽ ട്രെയിൻ വേഗം കുറയ്ക്കണമെന്നും റെയിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നുമുള്ള ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്.


വന്യമൃഗങ്ങളെ നിരീക്ഷിക്കാൻ ഡ്രോൺ
വന്യമൃഗശല്യമുള്ള കഞ്ചിക്കോട്, വാളയാർ വനമേഖലയിൽ ഇവയെ സ്ഥിരമായി നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം വേണമെന്നാണ് പ്രധാന ആവശ്യം. മദപ്പാടുള്ളതും പ്രശ്നക്കാരുമായ ആനകളെ നിരീക്ഷിക്കാൻ മാത്രമാണ് വനംവകുപ്പിന് ഡ്രോൺ ഉള്ളത്. സംസ്ഥാനത്ത് വന്യമൃഗ ശല്യമുള്ള 17 കേന്ദ്രങ്ങളിൽ സ്ഥിരം ഡ്രോൺ സംവിധാനം ഏർപ്പെടുത്തുമെന്ന് ഒക്ടോബറിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഡ്രോൺ നിരീക്ഷണത്തിൽ കാടിറങ്ങുന്ന ആനകളെ കാണാമെന്നും റെയിൽ പാതയിൽ വീഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ചാൽ 10 കിലോമീറ്റർ ചുറ്റളവിൽ പോലും ആനയുടെ നീക്കങ്ങൾ തത്‌സമയം വീക്ഷിക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENTAL DEATH OF WILD ELEPHANTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.