SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

കർഷകരെ തളർത്തി ആഫ്രിക്കൻ പന്നിപ്പനി,​

farmer

ഒട്ടേറെ കർഷകർക്ക് ജീവിതവും അന്നവുമായി മാറിയ ഒരു മേഖലയാണ് പന്നി വളർത്തൽ. ഒട്ടേറെപേർക്ക് പ്രത്യക്ഷമായും പരോക്ഷമായും വരുമാനമാർഗമായ ഈ മേഖല പൂർണമായും ഇല്ലാതായേക്കാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്നുമാസം മുമ്പ് വയനാട്ടിൽ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനി ഓരോ ജില്ലയിലും പടർന്നുപിടിക്കുകയാണ്. ഏറ്റവുമൊടുവിൽ ഇടുക്കി ജില്ലയിലാണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച കഴിഞ്ഞ വെള്ളിയാഴ്ച 262 പന്നികളെ കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലെ ഫാമുകളിൽ നിന്ന് കൊന്നിരുന്നു. എട്ട് കർഷകരുടെ ഫാമിലെ പന്നികളെയാണ് ദയാവധം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച ദയാവധം പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. വ്യാപനം കുറയ്ക്കുന്നതിനായി രോഗം റിപ്പോർട്ട് ചെയ്യുന്ന ഫാമിന് ഒരു കിലോമീറ്റർ വ്യോമപരിധിക്കുള്ളിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് പന്നികളെ കൊന്ന് മറവുചെയ്തിട്ടും രോഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളായ വണ്ണപ്പുറം, കരിമണ്ണൂർ എന്നിവിടങ്ങളിൽ 20 പന്നികൾ കൂടി ചത്തു. പട്ടയക്കുടി, വണ്ടമറ്റം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളാണ് ചത്തത്. രോഗം സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പന്നികളുടെ രക്തസാമ്പിളുകൾ ബംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരും.

എത്തിയിട്ട്

രണ്ട് വർഷം

2020 ഏപ്രിൽ 20നാണ് ഇന്ത്യയിൽ ചൈനയോട് ചേർന്നുള്ള അസമിലേയും അരുണാചലിലേയും ഗ്രാമങ്ങളിൽ പന്നിപ്പനി കണ്ടെത്തിയത്. 15,000 ഓളം പന്നികൾ രോഗം ബാധിച്ച് മരിച്ചു. ഈ വൈറസ് മനുഷ്യരിൽ രോഗം ഉണ്ടാക്കില്ല. പന്നികളിൽ ഈ വൈറസ് ചില ചെള്ളുകളിലൂടെയാണ് എത്തുന്നത്. കൂടാതെ രോഗബാധിതരായ പന്നികളുടെ മലം, മൂത്രം,​ ശരീര സ്രവങ്ങൾ എന്നിവയിലൂടെ മറ്റ് പന്നികളിൽ എത്തും. രോഗബാധയുള്ള പന്നികളുടെ മാംസത്തിലൂടെയും അതുപയോഗിച്ചുണ്ടാക്കുന്ന മൃഗത്തീറ്റകൾ പന്നികൾ കഴിക്കുന്നതിലൂടെയും രോഗം പടരാം. പന്നികളുടെ വിസർജ്ജ്യത്തിൽ 11 ദിവസം വരെ വൈറസ് രോഗബാധ ക്ഷമതയോടെ ഉണ്ടാകും. പന്നിമാംസത്തിലും മറ്റ് ഉത്പന്നങ്ങളിലും മാസങ്ങളോ വർഷങ്ങളോ തന്നെ ഇവയ്ക്ക് നിലനിൽക്കാൻ കഴിയും. അതിനാൽത്തന്നെ ഇവയുടെ കയറ്റുമതിയിലൂടെ രാജ്യാതിർത്തികൾ കടന്ന് ഇവ എവിടെയും എത്താം. ആദ്യ ദിവസങ്ങളിൽ കടുത്ത പനി മാത്രമേ പന്നികളിൽ ലക്ഷണമായി കാണുകയുള്ളൂ. പിന്നീട് തീറ്റയെടുക്കാതാവുകയും മന്ദത പ്രകടിപ്പിക്കുകയും ചെയ്യും. വെള്ളനിറമുള്ള വളർത്തു പന്നികളുടെ കാലുകളുടെ അഗ്രങ്ങളിൽ രക്തം കട്ടകെട്ടിയതുപോലെ നീലിച്ച് കാണാം. ചെവികൾ, വയറ് എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ നിന്നും രക്തസ്രാവം ഉണ്ടാകാം. ചിലപ്പോൾ രോഗമുള്ള പന്നികളെല്ലാം കൂട്ടമായി വിറച്ചുകൊണ്ട് പറ്റിക്കൂടിക്കഴിയുകയും സാധാരണമല്ലാത്ത വിധം ശ്വാസം വലിക്കുകയും ചുമയ്ക്കുകയും ചെയ്യും. കാലുകളിൽ ഉയർന്ന് നേരെ നിൽക്കാൻ പ്രയാസപ്പെടും. കുറച്ച് ദിവസത്തിനുള്ളിൽ അവ അബോധാവസ്ഥയിലേക്ക് പോയി ചത്തുപോകും. ലഘുവായ രോഗബാധ മാത്രം ഉള്ളവ, മെലിഞ്ഞ് ശോഷിക്കുകയും, ന്യൂമോണിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. സന്ധികളിൽ നീർക്കെട്ടും തൊലിയിൽ വ്രണങ്ങളും പ്രത്യക്ഷപ്പെടും. രോഗബാധിതരായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ പന്നികളിൽനിന്ന് അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പു തന്നെ വൈറസ് പുറത്തെത്തും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും. പന്നികളിൽനിന്ന് പുറത്തുവരുന്ന വൈറസുകൾക്ക് പ്രതികൂലസാഹചര്യങ്ങൾ അതിജീവിച്ച് ദീർഘകാലം പരിസരങ്ങളിൽ നിലനിൽക്കാനുള്ള ശേഷിയുണ്ട്. ആഫ്രിക്കൻ പന്നിപ്പനി രോഗബാധയേറ്റവയിൽ മരണനിരക്ക് നൂറു ശതമാനമാണ്.

പോംവഴി

ദയാവധം മാത്രം
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയല്ലാതെ രോഗനിയന്ത്രണത്തിന് നിലവിൽ മറ്റൊരു ശാസ്ത്രീയമാർഗമില്ല. ഇത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. കൊല്ലുന്ന പന്നികൾക്ക് പകരമായി കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക വളരെ പരിമിതമാണ്. തൂക്കമനുസരിച്ച് 2,200 മുതൽ പരമാവധി 15,000 രൂപ വരെയാണ് നഷ്ടപരിഹാരം നൽകുക. 15 കിലോയ്ക്ക് താഴെയുള്ള പന്നിക്ക് 2,200ഉം നൂറുകിലോയ്ക്ക് മുകളിലുള്ളതിന് 15,000 രൂപയും ലഭിക്കും. കേന്ദ്ര മാനദണ്ഡപ്രകാരം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് നഷ്ടപരിഹാരം നൽകുന്നത്.

പ്രതിരോധം പാളി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപിച്ചതായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പന്നി, പന്നിമാംസം, കാഷ്ഠം എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവിന് പുല്ലുവില കൽപിച്ച് പന്നികളുമായി അതിർത്തി കടന്നെത്തിയ വാഹനങ്ങൾ തടയാൻ സർക്കാരിനായില്ല. അതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനുള്ള കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക് പോസ്റ്റുകളിൽ പന്നികളെ കൊണ്ടുവരുന്നതും കടത്തുന്നതും തടയാൻ കർശന പരിശോധന നടക്കുന്നുണ്ട്. എന്നാൽ മറയൂർ, ചിന്നാർ മേഖലയിൽ ചെക്‌പോസ്റ്റില്ലാത്തതിനാൽ കടത്ത് തടയാൻ കഴിയുന്നില്ല.

തകർന്ന് വിപണി
പന്നിപ്പനി ഭീതിയിൽ പന്നിയിറച്ചി വിപണി പൂർണമായും തകർന്ന അവസ്ഥയിലാണ്. എങ്കിൽപ്പോ ലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പന്നികൾ ഇപ്പോഴും വ്യാപകമായ രീതിയിൽ വരുന്നുണ്ട്. എന്നാൽ, വിൽപന മന്ദഗതിയിലാണ്. പലയിടങ്ങളിലും ഇറച്ചിവില താഴ്ത്തിയിട്ടുപോലും ആവശ്യക്കാരില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഒന്നും രണ്ടും പന്നികളെ വളർത്തുന്നവർ മുതൽ വൻകിട ഫാം ഉടമകൾ വരെ ഇപ്പോൾ ഭീതിയിലാണ്. ദശാബ്ദങ്ങളായി പന്നിവളർത്തൽ മേഖലയിൽ വൻ ഭീഷണിയും കനത്ത സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കുന്ന രോഗമാണെങ്കിലും ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമരുന്നുകളോ വാക്‌സീനുകളോ ഒന്നും ഇന്നുവരെ പ്രചാരത്തിലില്ല. വാക്‌സിനുകൾ കണ്ടെത്തുന്നത് ഭാവിയിൽ പന്നിപ്പനി മൂലമുള്ള വൻ സാമ്പത്തിക നാശം കുറയ്ക്കാൻ സഹായിച്ചേക്കാം. അതുവരെ ആഫ്രിക്കൻ പന്നിപ്പനി തടയാൻ ജാഗ്രതയേക്കാൾ മികച്ചൊരു പ്രതിരോധ മാർഗമില്ല.​ കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരാതെ പിടിച്ചുനിറുത്തുക എന്നതാണ് ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ട കാര്യം. പടർന്നുപിടിച്ചാൽ കേരളത്തിലെ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷിയുള്ള പകർച്ചവ്യാധിയാണിതെന്ന് ഓ‍ർമ്മ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFRICAN SWINE FEVER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.