SignIn
Kerala Kaumudi Online
Sunday, 11 May 2025 9.52 PM IST

ഏഞ്ചൽസ് വേൾഡ് മാലാഖകളുടെ കൂടാരം

Increase Font Size Decrease Font Size Print Page

photo

ഭൂമിയുടെ സുന്ദരമായ കാഴ്ചകളിലേക്കും ഇടങ്ങളിലേക്കും പരസഹായം കൂടാതെ സഞ്ചരിക്കുക ഭാഗ്യമാണ്. അതിന് കഴിയാത്തവരുടെ വേദനയാകട്ടെ സമാനതകളില്ലാത്തതും. മറ്റുള്ളവരുടെ കരുതലും അവർ തങ്ങൾക്കായി ഒരുക്കുന്ന സൗകര്യങ്ങളുമാണ് വേദന മറികടക്കാൻ പരിമിതരെ സഹായിക്കുന്നത്. കേൾവി, കാഴ്ച, സംസാരം, ബുദ്ധി എന്നിവയിൽ പരിമിതരുടെ ലോകം നാം കരുതുന്നതിലും എത്രയോ കഠിനമാണ്. പലപ്പോഴും സമൂഹം അവരെ ഒറ്റപ്പെടുത്താറുണ്ട്. എന്നാൽ അവർക്ക് ഒരു കൈത്താങ്ങാവുകയാണ് തിരുവനന്തപുരത്തെ ചില മനുഷ്യസ്‌നേഹികൾ. 'ഏഞ്ചൽസ് വേൾഡ് ' എന്ന കുടുംബ കൂട്ടായ്മയാണ് വേറിട്ട ചിന്തകളുമായി ഭിന്നശേഷിക്കാരുടെ ആത്മമിത്രമാകുന്നത്.

തിരുവനന്തപുരം കേന്ദ്രമായി പത്തോളം കുടുംബങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീടിന്റെ അന്തരീക്ഷമൊരുക്കുകയാണ് ഇവർ. പഠനം, കളികൾ, പാട്ട്, തൊഴിൽ പരിശീലനം, വിനോദയാത്രകൾ എന്നിവയിലൂടെ അവരെ ജീവിതത്തിന്റെ ആഘോഷങ്ങളിലേക്ക് കൊണ്ടുവരികയാണ് ഏഞ്ചൽസ് വേൾഡ്. പാറ്റൂർ മൂലവിളാകം റോഡിൽ ഒരു റസിഡൻസ് ബിൽഡിംഗിൽ സ്ഥാപനത്തിന്റെ താത്‌കാലിക പ്രവർത്തനം 2021 ഏപ്രിൽ 14ന് വി.കെ.പ്രശാന്ത് എം.എൽ.എയാണ് ഉദ്‌ഘാടനം ചെയ്‌തത്.
ക്യാപ്‌ടൻ മുഹമ്മദ് റിയാസ്, അഡ്വ. ഫത്തഹുദീൻ, സർക്കാർ സർവീസിൽ നിന്നും വിരമിച്ച മണികണ്ഠൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മയിൽ ഇപ്പോൾ പതിനൊന്നു കുടുംബങ്ങളുണ്ട്. എല്ലാ ദിവസവും കുറഞ്ഞത് മൂന്ന് രക്ഷകർത്താക്കളുടെ സേവനം ഏഞ്ചൽസ് വേൾഡ് ഉറപ്പുവരുത്തുന്നു. പരിശീലനം നേടിയ അദ്ധ്യാപകരും ഇവർക്ക് കൂട്ടായുണ്ട്. ജിം, മ്യൂസിക് തെറാപ്പി റൂം, കമ്പ്യൂട്ടർ കിയോസ്‌ക് ക്ലാസ് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്വിമ്മിംഗ്, ബാഡ്മിന്റൺ തുടങ്ങിയ കുട്ടികളുടെ ആക്ടിവിറ്റികൾക്കായി ഇപ്പോൾ പുറത്തുള്ള സ്ഥാപനങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.

ആശ്വാസമായി

കമ്മ്യൂണിറ്റി ലിവിംഗ്

ജോലിസംബന്ധമായും അല്ലാതെയും യാത്രകൾ നടത്തേണ്ട അവസരങ്ങളിൽ കുട്ടികളെ സുരക്ഷിതമായി ഏല്‌പിക്കാൻ ഒരിടം പലപ്പോഴും രക്ഷിതാക്കൾക്ക് ലഭിക്കാറില്ല. അങ്ങേയറ്റം സങ്കടകരമായ ഈ അവസ്ഥയ്‌ക്ക് പരിഹാരം കാണുകയാണ് കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം. ഇതിനായി കമ്മ്യൂണിറ്റി ലിവിങ്ങിനും ഇവർ തുടക്കം കുറിച്ചുകഴിഞ്ഞു.
കൊവിഡ് മഹാമാരിയുടെ സമയങ്ങളിൽ ഈ കുട്ടികളും അവരുടെ രക്ഷിതാക്കളും വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. വീട്ടിൽ മാത്രം ഒതുങ്ങിക്കഴിയുന്ന കുട്ടികളുടെ സ്വഭാവത്തിൽ പലതരം വ്യതിയാനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഈ അവസ്ഥ രക്ഷകർത്താക്കളുടെ നെഞ്ചിലെ നെരിപ്പോടാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശാശ്വതപരിഹാരമായി ഒരു കൂട്ടായ്മയുടെ ആവശ്യകത കൂടുതൽ ബോദ്ധ്യപ്പെട്ടത്.

സ്ഥാപനം തുടങ്ങി രണ്ടു വർഷം തികയുന്നതിന് മുൻപ് മണ്ണന്തലയിൽ 40 സെന്റ് സ്ഥലം വാങ്ങി. ഇവിടെ ആധുനിക സൗകര്യങ്ങളോടെ ഒരു ഭിന്നശേഷി സൗഹൃദ സ്‌കൂൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു . സംസ്ഥാനത്ത് ആദ്യമായാണ് രക്ഷകർത്താക്കളും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളും ഒരുമിച്ച് താമസിച്ച് പ്രവർത്തിക്കുന്ന ഒരു സ്‌കൂൾ സാദ്ധ്യമാകാൻ പോകുന്നത് .

സമാന മനസ്‌കരായ രക്ഷാകർത്താക്കളെ ഈ കുടുംബ കൂട്ടായ്മയിൽ ചേർക്കാനാണ് സംഘാടകരുടെ ആഗ്രഹം. ഏഞ്ചൽസ് വേൾഡ് ചാരിറ്റബിൾ ട്രസ്‌റ്റ് എന്ന പേരിൽ ട്രസ്റ്റ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്താണ് സ്‌കൂൾ നടത്തുന്നത് . ആഴ്ചയിൽ രണ്ടു ദിവസം ബാഡ്മിന്റൺ, ഒരു ദിവസം നീന്തൽ, ഒരു ദിവസം ഫിസിക്കൽ ട്രെയിനിംഗ്, ഡാൻസ്, എല്ലാ ദിവസവും ജിം, മ്യൂസിക്, വിനോദങ്ങൾ എന്നിവ ഈ സ്ഥാപനത്തിൽ നടന്നുവരുന്നു. ഈ കുഞ്ഞുങ്ങൾ ഇപ്പോൾ ഉറങ്ങുന്നത് തന്നെ രാവിലെ ഏഞ്ചൽസ് വേൾഡിലേക്ക് പോകാമെന്ന ഉല്ലാസത്തോടെയാണെന്ന് രക്ഷിതാക്കൾ സന്തോഷത്തോടെ പറയുന്നു. ഒരു കൂട്ടു കുടുംബം എന്നതല്ലാതെ ഒരു സ്‌കൂളിന്റെ അന്തരീക്ഷമല്ല ഏഞ്ചൽസ് വേൾഡിന്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് 2015ൽ നടത്തിയ സെൻസസ് പ്രകാരം കേരളത്തിലാകെ 7,93,937 പേർ ഭിന്നശേഷിക്കാരാണ്. കേരളജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇതിൽ 18,114 പേർ വിവിധ സ്ഥാപനങ്ങളിലാണ് ജീവിക്കുന്നത്. 1,30,798 പേർ 19 വയസിൽ താഴെ പ്രായമുള്ളവരാണ്. ലോകത്തെ ആകെ ജനസംഖ്യയുടെ 15 ശതമാനത്തോളം അതായത് നൂറുകോടിയിലധികം പേർ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽത്തന്നെ മൊത്തം അംഗവൈകല്യമുള്ള ജനസംഖ്യയുടെ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണുള്ളത്.
ഏഞ്ചൽസ് വേൾഡ് പോലുള്ള കൂട്ടായ്മകളെ ഒറ്റപ്പെടുത്താതിരിക്കുക. അവർക്കായി കഴിയുന്നത്ര സഹായങ്ങൾ ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പരിമിതികളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ ഓരോരുത്തരും മാലാഖമാരാണ്. നിസ്സഹായരായ മാലാഖമാർ. അവരെ ചേർത്ത് നിറുത്തുക. ഭൂമിയുടെ നല്ല കാഴ്ചകളിലേക്ക് അവരെ വഴിനടത്തുക. ഏഞ്ചൽസ് വേൾഡ് എന്ന ഈ കൂട്ടായ്മയുടെ അമരക്കാർ ആഗ്രഹിക്കുന്നതും അതുതന്നെ.

TAGS: ANGELS WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.