SignIn
Kerala Kaumudi Online
Saturday, 27 April 2024 3.48 AM IST

പുതിയ ഇടയനിലെ വലിയ പ്രതീക്ഷകൾ

dr-thomas-j-netto

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്‌ക്ക് പുതിയ ഇടയനെ ലഭിക്കുന്നത് ജനപ്രതിനിധി എന്ന നിലയിലും രൂപതാ അംഗമെന്ന നിലയിലും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. തിരുവനന്തപുരം അതിരൂപതയുടെ അമരക്കാരനിൽ മതമേലദ്ധ്യക്ഷന്റെ ചുമതല മാത്രമല്ല, പരമമായ മറ്റ് ഉത്തരവാദിത്വങ്ങൾ കൂടി ഏല്‌പിക്കപ്പെടുന്നുണ്ട്. മത്സ്യബന്ധനം മുഖ്യ ഉപജീവനമാർഗമായ ലക്ഷക്കണക്കിന് സാധാരണക്കാരുൾപ്പെടെ അനേകം മനുഷ്യർ ജീവിക്കുന്ന ചെറിയ പ്രദേശത്തിന്റെ വലിയ കാവൽക്കാരനാവാൻ പോവുകയാണ് നിയുക്ത മെത്രാപ്പൊലീത്ത, അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്.

മതപരമായ കാര്യങ്ങൾക്ക് അതീതമായി ഒരു സമൂഹത്തിന്റെ ഭരണപരവും നേതൃപരവും സാമൂഹിക- സാമ്പത്തികവുമായ കടമകൾ കൂടി നിർവഹിക്കാനുണ്ട്, അദ്ദേഹത്തിന്. കടലിൽ വലയെറിഞ്ഞ് അന്നന്നു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന സാധാരണക്കാരുടെ തൊഴിൽ ജീവിതത്തെയും തലസ്ഥാന ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തെയും ജനാധിപത്യ വ്യവഹാരങ്ങളെയുമെല്ലാം അടുത്തുനിന്ന് അറിയുകയും അവയോട് പ്രതികരിക്കുകയും അവകാശപ്പോരാട്ടങ്ങളുടെ ശബ്ദമായി മാറുകയും ചെയ്യുകയെന്ന സവിശേഷ ഉത്തരവാദിത്വമാണ് സ്ഥാനമൊഴിയുന്ന അഭിവന്ദ്യ മെത്രാപ്പൊലീത്തയായ സൂസപാക്യം പിതാവ് ഇക്കാലമത്രയും തുടർന്നുപോന്നിരുന്നത്. നിയുക്ത മെത്രാന്റെ പാതയും ഇതുതന്നെ.

നമ്മുടെ സമൂഹം മതനിരപേക്ഷതയ്‌ക്കു വിരുദ്ധമായ ചില യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും മതസൗഹാർദ്ദവും ശാന്തിയും ഊട്ടിയുറപ്പിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നവരാണ് മതമേലദ്ധ്യക്ഷന്മാർ. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയ്‌ക്ക് രാഷ്ട്രീയ നേതൃത്വത്തിനൊപ്പം മതനേതൃത്വങ്ങളും കാവൽക്കാരുടെ ചുമതല വഹിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു യാഥാർത്ഥ്യം നിലനില്‌ക്കുന്നതിനിടെയാണ് നിയുക്ത മെത്രാപ്പൊലീത്തയ്ക്കു മേൽ പ്രതീക്ഷകൾ വർദ്ധിക്കുന്നത്.

ആധുനിക കേരള സമൂഹത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഏറെ സംഭാവനകൾ നൽകിയൊരു സമൂഹത്തിന്റെ അമരക്കാരനും കൂടിയാവുകയാണ് അഭിവന്ദ്യ നെറ്റോ പിതാവ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും കടലോര ഗ്രാമമായ തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രവും വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമെല്ലാം തിരുവനന്തപുരത്തെ ലത്തീൻ കത്തോലിക്കരായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട ബൃഹദ് പദ്ധതികളാണ്.

രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായ പീറ്റർ ബെർണാർഡ് പിതാവിന്റെ ദീർഘവീക്ഷണമാണ് ഈ പദ്ധതികളിൽ പലതിന്റെയും പിന്നിലുള്ളത്. ഈ പദ്ധതികൾക്കായി സ്വന്തം മണ്ണും കിടപ്പാടവും വിട്ടുനൽകിയ സമൂഹമാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ. വികസനത്തിനായി ഇത്രയേറെ വിട്ടുവീഴ്ചകൾ ചെയ്തൊരു സമൂഹത്തിന് പൊതുസമൂഹം തിരികെ നൽകിയതെന്താണെന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. വികസനത്തിനരികിലെ കാഴ്ചക്കാരെന്ന അവസ്ഥയിൽ നിന്ന് കേരളത്തിലെ മത്സ്യബന്ധന സമൂഹം ഏറെ മുന്നോട്ടു പോകാനുണ്ട്. അതിലേക്ക് അവരെ കൈപിടിച്ചു നടത്താൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ പങ്കുവയ്‌ക്കട്ടെ.

വൈദികപ്പട്ടം സ്വീകരിച്ച്, നന്നേ ചെറുപ്പംതൊട്ടേ ലത്തീൻ സഭയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കാനും,​ സഭാ സംവിധാനത്തെ ശക്തിപ്പെടുത്താനും ഏറെ പ്രയത്നിച്ച വ്യക്തിയാണ് അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്. സഭയെന്ന പരമോന്നത സ്ഥാപനത്തിൽ തുടങ്ങി, ഫെറോനകളിലും ഇടവകകളിലും വ്യാപിച്ചുകിടക്കുന്ന സംവിധാനങ്ങളിലൂടെ കുടുംബങ്ങളിലേക്കും വ്യക്തിയിലേക്കും എത്തുന്ന സഭയുടെ ശുശ്രൂഷാവഴികളെ ശക്തിപ്പെടുത്തുന്ന ചുമതല ഏറെക്കാലം നിർവഹിച്ചയാൾ കൂടിയാണ് നെറ്റോ പിതാവ്.

വൈദിക വിദ്യാർത്ഥികളെ പാകപ്പെടുത്തുന്ന സെന്റ് വിൻസെന്റ് സെമിനാരി റെക്ടറായും വൈദികരുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന ബോർഡ് ഫോർ ക്ളർജി ആന്റ് റിലീജിയൻസിന്റെ ഡയറക്ടറായും അതിരൂപതാ ശുശ്രൂഷകളുടെ ഓർഡിനേറ്റർ ആയും അതിരൂപതയുടെ മുഖപത്രമായ 'ജീവനും വെളിച്ചവും" മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ചുമതലകളിലൂടെ ലഭിച്ച അനുഭവങ്ങൾ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാതയെ പരിപോഷിപ്പിക്കുമെന്ന് ഉറപ്പാണ്.

കുശവന് തന്റെ കൈയിലെ കളിമണ്ണിനെ അവനിഷ്ടപ്പെട്ട രൂപത്തിലും ആകൃതിയിലും മെനഞ്ഞെടുക്കാൻ സാധിക്കുന്നത് സ്വയം ആർജ്ജിച്ച അനുഭവങ്ങളിലൂടെയാണ്. അനുഭവങ്ങൾ ഒരു നേതാവിനെ കൂടുതൽ പാകപ്പെടുത്തും. മേൽപ്പറഞ്ഞ ചുമതലകൾ വഹിക്കുന്ന കാലഘട്ടത്തിൽ അഭിവന്ദ്യ പിതാവ് നേടിയ അനുഭവങ്ങൾ അദ്ദേഹത്തെ ഒരു നല്ല നായകനാക്കും എന്നതിൽ സംശയമില്ല. താൻ നയിക്കുന്ന, തന്നിൽ വിശ്വസിക്കുന്ന വലിയൊരു കൂട്ടം ജനങ്ങളുടെ ശബ്ദമായി മാറാനും അവരുടെ പ്രശ്നങ്ങളെ ഭരണകർത്താക്കൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കാനും നീതി ലഭിക്കും വരെ ആവശ്യങ്ങൾക്കായി നിലകൊള്ളാനും സാധിക്കുന്നൊരു നേതാവിനെ അഭിവന്ദ്യ തോമസ് നെറ്റോ പിതാവിൽ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്.

ഓഖി ചുഴലിക്കാറ്റിന്റെ കാലത്ത് ദുരന്തബാധിതരായ ഒട്ടനേകം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സാദ്ധ്യമാക്കാൻ നിരന്തരം പ്രയത്നിച്ച, പ്രളയകാലത്ത് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളോട് ഇറങ്ങാൻ ആഹ്വാനം ചെയ്ത അഭിവന്ദ്യ സൂസപാക്യം പിതാവ് എന്ന മഹാ ഇടയന്റെ പാത പിന്തുടരാൻ നിയുക്ത മെത്രാപ്പൊലീത്ത തോമസ് നെറ്റോ പിതാവിനും കഴിയട്ടെ. മതനിരപേക്ഷതയ്ക്ക് തുരങ്കം വയ്ക്കുന്നവർക്കെതിരെ കേരളത്തിന്റെ ഇടതുപക്ഷ സർക്കാരിനൊപ്പം നിന്ന് പോരാടാൻ അദ്ദേഹം നിലകൊള്ളുമെന്ന പ്രതീക്ഷ കൂടി പങ്കുവയ്ക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARCHBISHOP DR THOMAS J. NETTO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.