SignIn
Kerala Kaumudi Online
Thursday, 28 March 2024 9.43 PM IST

മനുഷ്യാവകാശ പോരാട്ടങ്ങളിലെ പൊൻതിളക്കം

vv

അയ്യാ വൈകുണ്‌ഠരുടെ 214 -ാമത് ജയന്തി നാളെ. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയും അടിസ്ഥാന ജനതയുടെ പോരാട്ടങ്ങൾക്ക് മാർഗദീപവുമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട വൈകുണ്ഠസ്വാമികളുടെ 214 -ാമത് ജന്മദിനമാണ് നാളെ .

കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രത്തിന് സമീപമുള്ള സ്വാമിത്തോപ്പിൽ 1809 മാർച്ച് 12ന് പൊന്നു മാടൻ നാടാരുടെയും വെയിലാളമ്മയുടെയും മകനായിട്ടാണ് മുത്തുക്കുട്ടി എന്ന വൈകുണ്ഠസ്വാമിയുടെ ജനനം. നവോത്ഥാന ചരിത്രത്തിലെ ത്രിമൂർത്തികളായ ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യൻകാളി എന്നിവരുടെ ജനനത്തിനും മുമ്പേ സമാധിയടഞ്ഞ വൈകുണ്ഠസ്വാമികൾ അവർക്ക് മാർഗദർശിയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തോടുകൂടിയാണ് മാർത്താണ്ഡവർമ്മയുടെ കീഴിൽ വേണാട് തിരുവിതാംകൂറായി മാറുന്നതും ശക്തിപ്രാപിക്കുന്നതും. സംഘകാലത്ത് പ്രാദേശിക ജനജീവിതത്തിൽ നിലനിന്നിരുന്ന നിഷ്‌കളങ്കവും നിരുപദ്രവകരവും സ്വച്ഛവുമായിരുന്ന ജീവിതരീതി പിന്തുടർന്ന് പോന്നിരുന്ന ഒരു ജനസഞ്ചയത്തിന്റെ അസ്തമയത്തിന് കാരണമായ അധിനിവേശവും അതിനെത്തുടർന്നുള്ള പടയോട്ടങ്ങളും സമ്പത്തും അധികാരവും ഒരു ന്യൂനപക്ഷത്തിന്റെ കൈപ്പിടിയിൽ അമരുന്നതിന് കാരണമായതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിമാനകരമായ ജീവിതം നയിച്ചിരുന്ന ഒരു ഭൂരിപക്ഷത്തെ ബ്രാഹ്മണ്യവും ജാതി ജന്മി നാടുവാഴിത്തവും തച്ചുതകർത്തു. ധർമ്മത്തിന്റെസ്ഥാനം അധർമ്മവും തുല്യതയ്ക്ക് പകരം അസമത്വവും വിവേചനവും നന്മയ്ക്ക് പകരം തിന്മയും നീതിക്ക് പകരം അനീതിയും കടന്നുവന്നപ്പോൾ പറയനും പുലയനും പാണനും നായാടികളും നാടാന്മാരും അടക്കമുള്ള അയിത്ത അവർണ ജാതികൾ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. രാജാധികാരം ബ്രാഹ്മണ്യത്തിനും രാജാവ് ബ്രാഹ്മണനും വിധേയത്വം പ്രകടിപ്പിച്ചിരുന്ന തിരുവിതാംകൂറിൽ നീതിനിർവഹണം ജാതി അടിസ്ഥാനത്തിലായിരുന്നു പാലിച്ചിരുന്നത്. അവർണജാതിയിൽപ്പെട്ടവർക്ക് മൃഗങ്ങളുടെ പരിഗണനപോലും കിട്ടിയിരുന്നില്ല. പ്രജാക്ഷേമം എന്നത് ഹൈന്ദവ ധർമ്മപരിപാലനം, ജാതി നിയമങ്ങൾ നടപ്പിലാക്കൽ, നികുതിപിരിവ് മുറജപം, ബ്രാഹ്മണ സേവ എന്നിവയിൽ ഒതുങ്ങിയപ്പോൾ സമൂഹത്തെ തീറ്റിപ്പോറ്റാൻ എല്ലുമുറിയെ പണിയെടുത്തിരുന്നവർ ജാതിവഴക്കങ്ങളുടെ ക്രൂരതകളിൽപ്പെട്ട് നരകിച്ചു.
സവർണ സമ്പന്നവർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കും അതീശത്വത്തിനും എതിരെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെ ആരംഭിച്ച
സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. അത്തരം പ്രസ്ഥാനങ്ങൾക്കും നായകന്മാർക്കും മുൻഗാമിയും വഴികാട്ടിയുമായി വൈകുണ്ഠസ്വാമികൾ. പാശ്ചാത്യ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായിരുന്നു ഇന്ത്യയിൽ ഉയർന്നുവന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങൾ. എന്നാൽ കേരളത്തിൽ ഉയർന്നു വന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങൾ സംഘാടനം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷത പുലർത്തി. മാനവികതയിലൂന്നിയ ഈ പ്രസ്ഥാനത്തിന്റെ രണ്ടുധാരകളായിരുന്നു സവർണ നവോത്ഥാനവും കീഴാളനവോത്ഥാനവും. ആധുനിക കേരളീയ സമൂഹത്തിന്റെ മൂല്യബോധ രൂപീകരണത്തിലും ജനാധിപത്യത്തിനും അടിത്തറയിട്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളെ യഥാർത്ഥത്തിൽ മുന്നോട്ടുപായിച്ച ചാലകശക്തി കീഴാള നവോത്ഥാനമായിരുന്നു.
ബഹുമുഖ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന അതിന്റെ മുഖമുദ്ര ജാതിവിരുദ്ധതയായിരുന്നു. സവർണ നവോത്ഥാനം പരിഷ്‌കരണപരവും സ്വയം പിടിച്ചുനിൽക്കാനുമുള്ള പരിശ്രമങ്ങളിലേർപ്പെട്ടപ്പോൾ കീഴാള നവോത്ഥാനം
പ്രായോഗിക പ്രവർത്തനങ്ങൾ കൊണ്ടും വിപ്ലവകരമായ തീരുമാനങ്ങൾ കൊണ്ടും ചരിത്രത്തിൽ നിറഞ്ഞാടി. അടിമത്തം, ജന്മിസമ്പ്രദായം, പ്രാകൃത ശിക്ഷാരീതികൾ സ്ത്രീവിരുദ്ധത, അയിത്തം തീണ്ടാപ്പാട്, ഊഴിയം വേല എന്നീ സാമൂഹ്യതിന്മകൾക്കെതിരെ ചരിത്രത്തിൽ ആദ്യം ഉയർന്ന ശബ്ദം വൈകുണ്ഠസ്വാമിയുടേതായിരുന്നു. ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിനും 100 വർഷങ്ങൾക്കു മുമ്പാണ് വൈകുണ്ഠസ്വാമി ആരാധനാസ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നതിനുള്ള പ്രക്ഷോഭം ആരംഭിച്ചത്.
സവർണാധിപത്യത്തിനും രാജാധികാരത്തിന്റെ നിർദ്ദേശങ്ങൾക്കും എതിരെ നിരന്തര പോരാട്ടവും സമരവും സംഘടിപ്പിച്ച വൈകുണ്ഠസ്വാമികളെ ആചാരലംഘനത്തിന്റെയും ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടി പ്പിച്ചതിന്റെയും പേരിൽ തിരുവിതാംകൂർ മഹാരാജാവ് 110 ദിവസം ജയിലിൽ അടച്ചു. മഹാരാജാവിനെ അനന്തപുരിനീചനെന്നും ബ്രിട്ടീഷ് അധികാരികളെ വെൺനീചനെന്നും പുരോഹിത വർഗ്ഗത്തെ കരിനീചന്മാരും എന്നാണ് വൈകുണ്ഠസ്വാമികൾ അക്കാലത്ത് വിശേഷിപ്പിച്ചത്. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരു പെരുംതച്ചനെപ്പോലെ വൈകുണ്ഠസ്വാമികളുടെ ശിരസ് ഉയർന്നുതന്നെ നിൽക്കും.

(പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYA VAIKUNTAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.