SignIn
Kerala Kaumudi Online
Saturday, 27 April 2024 3.10 AM IST

ജീവിതത്തിന്റെ വാസ്‌തുകല

b-v-doshi

''നമ്മുടെ ചുറ്റിലുമുള്ള എല്ലാ വസ്തുക്കളും - പ്രകൃതിയും പ്രകാശവും ആകാശവും ജലവും കൊടുങ്കാറ്റുമെല്ലാം പരസ്‌പര ലയത്തിലാണ്. ആ ലയമാണ് വാസ്തുകല. എന്റെ സൃഷ്ടികൾ എന്റെ ജീവിതത്തിന്റെ കഥയാണ്. അത് നിരന്തരം പരിവ‌ർത്തനം ചെയ്യുന്നു. ഒടുവിൽ വാസ്തുവിദ്യയില്ലാതെ ജീവിതം മാത്രം ശേഷിക്കുന്നു...''

- ബി. വി. ദോഷി

ദോഷി സാറിന് ആർക്കിടെക്ചർ കലാരൂപമായിരുന്നു. ഒപ്പം മാനവരാശിയോടുള്ള സേവനവും. ഞാൻ തിരുവനന്തപുരം സി.ഇ.ടിയിൽ രണ്ടാം വർഷ ആർക്കിടെക്ചർ പഠിക്കുമ്പോഴാണ് ഒരു സെമിനാറിൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നത്.

പ്ലാസ്റ്ററിംഗ് ഇല്ലാതെ ഇഷ്‌ടികകൊണ്ടുള്ള അദ്ദേഹത്തിന്റെ നവീന നി‌ർമ്മാണശൈലി എന്നെ ആകർഷിച്ചു. അതോടെ ഒരു മാസ്റ്ററുടെ കൈയൊപ്പു പതിഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികൾ ഞാൻ പഠിക്കാൻ തുടങ്ങി. ആധുനിക ഇന്ത്യൻ വാസ്തുവിദ്യയുടെ പുതിയൊരു രൂപം എനിക്കു മുന്നിൽ തുറക്കപ്പെട്ടു. ചാൾസ് കോറിയ,​ അച്യുത് കൻവിദെ,​ ബി. വി. ദോഷി - ആധുനിക ഇന്ത്യൻ ആർക്കിടെക്ചറിലെ തിളങ്ങുന്ന മൂന്ന് പേരുകൾ. സ്വാതന്ത്ര്യാനന്തരമാണ് ആധുനിക ഇന്ത്യൻ വാസ്തുവിദ്യ വികസിക്കുന്നത്. വിദേശത്ത് പഠിച്ച ചാൾസ് കൊറിയ, ദോഷി തുടങ്ങിയ പ്രതിഭകളാണ് ഇന്ത്യൻ വാസ്തു വിദ്യയുടെ ആത്മാവിനെ കണ്ടെത്തിയത്. അവർ അത് കടഞ്ഞെടുക്കുകയായിരുന്നു.

അവരായിരുന്നു ഞങ്ങളുടെ ഹീറോകൾ. ഈ മാസ്റ്റർമാരെ നേരിൽക്കാണുക വിദ്യാർത്ഥികളുടെ സ്വപ്നമായിരുന്നു. എനിക്ക് ആ ഭാഗ്യം കിട്ടി. എങ്കിലും അദ്ദേഹത്തിന്റെ ഓഫീസായ സംഗഠിൽ അദ്ദേഹത്തോടൊപ്പം കാപ്പി നുണഞ്ഞിരുന്ന് ജീവിതത്തെപ്പറ്റിയും വാസ്തുവിദ്യയെപ്പറ്റിയും ചർച്ചചെയ്യാൻ അവസരം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. അദ്ദേഹം എന്നോട് സംസാരിക്കുമെന്ന് പോലും ഞാൻ പ്രതീക്ഷിച്ചില്ല.

ഞാൻ സെപ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ദോഷി സാറുമായി അടുക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ജാമാതാവായ രാജീവ് കത്പാലിയയുമായുള്ള അടുപ്പമാണ് സാറുമായി അടുക്കാൻ എനിക്ക് തുണയായത്. ഒരു മാഗസിന് വേണ്ടി ഇന്റർവ്യൂ ചെയ്യാനാണ് ഞാൻ അദ്ദേഹത്തെ കണ്ടത്.

എന്നെ പേരുവിളിച്ച് അദ്ദേഹത്തിന്റെ വലിയ ഗ്രന്ഥശേഖരത്തിനിടയിലൂടെ കൂട്ടിക്കൊണ്ടുപോയി. സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ആഗ്രഹിക്കുന്ന തത്വചിന്തകനെപ്പോലെ അദ്ദേഹം സംസാരിച്ചു,​ മണിക്കൂറുകളോളം... അദ്ദേഹത്തിന്റെ ഓഫീസ് മന്ദിരത്തിലെ മുക്കിലും മൂലയിലും കൊണ്ടുപോയി ഓരോ സ്ഥലത്തിന്റെയും സൂക്ഷ്മാംശങ്ങൾ പോലും എനിക്ക് വിശദീകരിച്ചുതന്നു. ആ ഓർമ്മകൾ ഇന്നും എനിക്ക് രോമാഞ്ചമാണ്. എന്റെ ഗുരുവാണ് ബി.വി ദോഷി സാർ. എന്നെപ്പോലെ നിരവധി വിദ്യാർത്ഥികൾ അദ്ദേഹത്തെ ഒരു വിഗ്രഹത്തെപോലെ ആരാധിച്ചു.

1927ൽ പൂനെയിൽ ജനിച്ച അദ്ദേഹം ബോംബെയിലാണ് ആദ്യം ആർക്കിടെക്ചർ പഠിച്ചത്. പിന്നെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബ്രിട്ടീഷ് ആർക്കിടെക്‌ട്‌സ് ( റിബ )​ എന്ന വിശ്വപ്രസിദ്ധ സ്ഥാപനത്തിലേക്ക്. ലേ കോർബൂസിയറുമായുള്ള ബന്ധമാണ് ദോഷി സാറിന്റെ ആർക്കിടെക്ചറൽ കരിയറിനെ മാറ്റിമറിച്ചത്. കോർബൂസിയറുടെ ആർക്കിടെക്ചറൽ ഓഫീസിൽ നാല് വർഷത്തെ പരിശീലനം അദ്ദേഹത്തിന്റെ വാസ്തുവിദ്യാ സങ്കല്‌പങ്ങളെ പൊളിച്ചെഴുതി. ആ പഠനകാലത്താണ് അളവുകളുടെ അനുപാതവും സ്‌പെയ്സിന്റെ വിന്യാസവും സംബന്ധിച്ച പുതിയ ചിന്തകൾ അദ്ദേഹത്തിൽ ഉരുത്തിരിയുന്നത്. ലൂയി കാഹനിൽ നിന്നാണ് ജ്യാമിതീയ രൂപങ്ങളിൽ വീഴുന്ന വെളിച്ചത്തിന്റെയും നിഴലിന്റെയും അപാരസാദ്ധ്യതകൾ അദ്ദേഹം മനസിലാക്കുന്നത്.

ദീർഘവീക്ഷണമുള്ള വാസ്തുവിദഗ്ദ്ധനായിരുന്നു ദോഷിസാർ. ആഴത്തിലുള്ള പഠനം അദ്ദേഹത്തെ പാശ്ചാത്യ വാസ്തുകലയുടെ സ്വാധീനത്തിലാക്കിയിരുന്നു. എങ്കിലും സ്വന്തം ശൈലിക്ക് വേണ്ടി അദ്ദേഹം പരിശ്രമിച്ചു. വിദേശ സർവകലാശാലയിൽ പഠിക്കുമ്പോൾ അതുപോലൊരു കാമ്പസ് ഇന്ത്യയിൽ സൃഷ്‌ടിക്കണമെന്ന ആഗ്രഹമാണ് അഹമ്മദാബാദിലെ സെപ്റ്റ് യൂണിവേഴ്സിറ്റിക്ക് പ്രചോദനമായത്. ചിന്തിക്കാനും സ്വപ്നം കാണാനും ഡിസൈനുകൾ ആവിഷ്കരിക്കാനും ഒരു ഫ്രീ കാമ്പസ്. അതാണ് സെപ്റ്റിന്റെ സങ്കൽപ്പം. ബംഗളൂരു ഐ.ഐ.എം,​ സാംസ്കാരിക കേന്ദ്രങ്ങളായ ടാഗോർ സ്‌മാരക ഹാൾ (അഹമ്മദാബാദ് )​,​ വിദ്യാനഗറിലെ ഹൗസിംഗ് സമുച്ചയം,​ ജയ്‌പൂർ നഗരത്തിന്റെ മാസ്റ്റർപ്ലാനും ഡിസൈനും,​ കമല ഹൗസ് എന്ന സ്വകാര്യവസതിയും ഉൾപ്പെടെ അദ്ദേഹത്തിന്റെ വാസ്തുസൃഷ്ടികൾ ഏറെയുണ്ട്.

ചുറ്റിത്തിരിയുന്ന ഇടനാഴികളും,​ പരസ്പരം ബന്ധിപ്പിച്ച കെട്ടിടങ്ങളും നടുമുറ്റങ്ങളും ഗാലറികളും ചൂടിൽനിന്ന് രക്ഷനൽകുന്ന സ്ഥലങ്ങളും ഇൻഡോറും ഔട്ട്ഡോറും തമ്മിൽ വേർതിരിവില്ലാത്ത ഹരിത സമൃദ്ധിയുമൊക്കെ ഐ.ഐ.എം കാമ്പസിന്റെ പ്രത്യേകതകളാണ്.

ഇന്ത്യൻ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിയുന്നതുപോലുള്ള ചെലവ് കുറഞ്ഞ ഭവനസമുച്ചയങ്ങളും അദ്ദേഹം ഡിസൈൻ ചെയ്‌തിട്ടുണ്ട്. തദ്ദേശീയമായ വാസ്തുവിദ്യയിലും ഏറെ പരീക്ഷണങ്ങൾ നടത്തി. ഒരു സമൂഹം ഒന്നിച്ചുകഴിയുന്ന ഭവന സമുച്ചയങ്ങളുടെ പിന്നിൽ കൂട്ടുകുടുംബം എന്ന സങ്കൽപ്പമാണ്.

ഇൻഡോറിൽ താഴ്ന്ന വരുമാനക്കാർക്കായി നിർമ്മിച്ച ലോകപ്രസിദ്ധമായ ആരണ്യ ലോ കോസ്റ്റ് ഹൗസിംഗ് സമുച്ചയത്തിൽ 6,500 വീടുകളും 80,​000 ആളുകളുമാണുള്ളത്. വാസ്തുവിദ്യാർത്ഥികൾക്കും ഭവനനി‌ർമ്മാണ വിദഗ്ദ്ധർക്കും ഈ സമുച്ചയം പാഠപുസ്തകമാണ്. സ്ഥലവും നിർമ്മാണ സാമഗ്രികളും പാഴാക്കാത്ത മിനിമലിസ്റ്റിക് ഡിസൈൻ ആണ് പ്രത്യേകത. സ്വന്തം ജീവിതത്തിന്റെയും തത്വശാസ്‌ത്രത്തിന്റെയും സ്വപ്നങ്ങളുടെയും തുടർച്ചയാണ് ദോഷിയുടെ സൃഷ്‌ടികൾ. അവയിലൂടെ വാസ്തുകലയുടെ ആത്മാവ് അനാവരണം ചെയ്യുന്നു. ഒരേസമയം കാവ്യാത്മകവും പ്രായോഗികവുമായ വാസ്തുകല.

ദോഷിയുടെ മരണം ഇന്ത്യൻ വാസ്തുകലയിലെ ഒരു യുഗാന്ത്യമാണ്. അദ്ദേഹം അവശേഷിപ്പിച്ച പൈതൃകം അദ്ദേഹത്തിന്റെ നിത്യസ്മാരകമാണ്. സെപ്റ്റിലെയും ഐ.ഐ.എമ്മിലെയും സ്റ്റുഡിയോകളിൽ അപ്രതീക്ഷിതമായി കടന്നുവന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുമായിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ വാസ്‌തുശിൽപ്പ ഫൗണ്ടേഷന്റെ സ്റ്റുഡിയോ ആയ സംഗഠ് ഇന്ത്യയിലെ ആർക്കിടെക്ടുകളുടെ മക്കയാണ്.

ജീവിതം മനോഹരമായി ജീവിച്ച,​ ഇന്ത്യയിലെ മഹാന്മാരായ ആർക്കിടെക്ടുകളിൽ ഒരാളായ അദ്ദേഹം നമ്മുടെ ആർക്കിടെക്‌ടുകൾക്കും ആർക്കിടെക്ചർ വിദ്യാർത്ഥികൾക്കും നിതാന്ത പ്രചോദനമായിരിക്കും. ഗുരുവായ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാവില്ല.

( കേരള ടൂറിസം ഇൻഫ്രാ സ്‌ട്രെക്‌ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: B V DOSHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.