SignIn
Kerala Kaumudi Online
Friday, 26 April 2024 8.55 PM IST

പാതയോരങ്ങൾക്ക് കൊടിഅലങ്കാരം വേണ്ട കർശന നടപടിക്ക് വേണം സർക്കാർ പച്ചക്കൊടി

photo

പാതയോരങ്ങൾ കൈയേറാൻ 'സർവകക്ഷി'കളും ഒറ്റക്കെട്ടാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനങ്ങൾ വ്യക്തമാക്കുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളെ എങ്ങനെ മറികടക്കാമെന്ന രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ചിന്ത ജനങ്ങളോടുള്ള വെല്ലുവിളിയായി കാണണം.

ദേശീയപാതകളിലെ മീഡിയനുകളിൽ കാഴ്ചമറച്ച് സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മറക്കരുത്.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാതയോരങ്ങളിൽ കൊടിതോരണങ്ങളും പ്രചാരണ ബോർഡുകളും സ്ഥാപിക്കാമെന്നായിരുന്നു പ്രധാന തീരുമാനം. രാഷ്‌ട്രീയ പാർട്ടികൾക്ക് പുറമേ സാമൂഹിക - സാമുദായിക കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടികൾക്കും മത, സാമുദായിക, സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. വികസന കാര്യങ്ങളിൽ പാേലും വിരുദ്ധാഭിപ്രായങ്ങൾ പുലർത്തുന്നവർക്ക് ഇക്കാര്യത്തിൽ ആശയവൈരുദ്ധ്യമുണ്ടായില്ലെന്നത് എടുത്തു പറയേണ്ടതാണ്.

സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാമെന്നാണ് യോഗത്തിന്റെ നിലപാട്. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചും പാതയോരങ്ങളിൽ മാർഗത‌ടസമുണ്ടാകാതെ കൊടിതോരണങ്ങൾ താത്കാലികമായി കെട്ടാം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ധാരണയുണ്ടാക്കണം. എത്രദിവസം മുമ്പ് കെട്ടുമെന്നും എന്ന് അഴിച്ചു മാറ്റുമെന്നും മുൻകൂട്ടി അറിയിക്കണം. യോഗതീരുമാനങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും മുന്നോട്ടു വച്ച കാൽ പിന്നാട്ട് വലിക്കില്ലെന്ന നിലപാടായിരുന്നു കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റേത്.

പാതയോരങ്ങളിലും നടപ്പാതകളിലും പൊതുവഴികളിലും കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതു തടഞ്ഞ ഉത്തരവു മറികടക്കാനാണ് സർക്കാർ സർവകക്ഷിയോഗം നടത്തിയതെന്ന രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്. കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാൻ തദ്ദേശഭരണ വകുപ്പു സെക്രട്ടറി ഒരാഴ്ചയ്ക്കകം ഉത്തരവ് ഇറക്കണമെന്നും തുടർന്ന് ഒരു മാസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇവ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നഗരസൗന്ദര്യവത്കരണത്തിന് കോടികൾ ചെലവിടുമ്പോൾ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്ന സ്ഥിതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോയെന്ന കോടതിയുടെ ചോദ്യം സർക്കാർ നീക്കത്തിന് കുറിക്കുകൊള്ളുന്നതാണ്. യുദ്ധം നടക്കുന്ന യുക്രെയിനിലെ തെരുവുകൾ പോലും എന്തൊരു ഭംഗിയാണ്? വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും സാദ്ധ്യമാകില്ലേ ? സർക്കാർ കോടതിക്ക് ഒപ്പമാണെന്നു പറയുമ്പോഴും സ്ഥിതി അതല്ല. വാക്കിന് വ്യവസ്ഥ വേണം. കോടതിയുടെയും റോഡ് സേഫ്ടി അതോറിറ്റിയുടെയും ഉത്തരവുകൾ നിലനിൽക്കുമ്പോഴാണ് കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്നു രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. ഇതനുവദിച്ചാൽ പഴയ രീതിയിലേക്ക് തിരിച്ചു പോകും. പിന്നീട് പുതിയ കേരളമെന്ന് പറയരുത്. കൊച്ചിയിൽ നാലുവർഷം കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. തെരുവുകളുടെയും റോഡുകളുടെയും ഗുണനിലവാരം ഉയർന്നു. കഴിഞ്ഞ മഴക്കാലത്ത് ഒരു വീട്ടിലും വെള്ളം കയറിയില്ല. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഇതു സാദ്ധ്യമായത്. തിരുവനന്തപുരം നഗരത്തിൽ കൊടിതോരണങ്ങളും ബാനറുകളും വ്യാപകമാണെന്ന് അമിക്കസ് ക്യൂറി പറയുന്നു. കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുന്നുവെന്നും കോടതിയുടെ നിരീക്ഷണമുണ്ടായി. യഥാർത്ഥത്തിൽ സർക്കാരിനെ പരോക്ഷമായി ഹൈക്കോടതി വിമർശിക്കുകയായിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിനു മുഖ്യമന്ത്രിയും പരോക്ഷമായി മറുപടി പറഞ്ഞിരുന്നു. ചെങ്കൊടി കണ്ടാൽ ചിലർക്ക് ഹാലിളകുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കൊച്ചി നഗരത്തിൽ കൊടിതോരണങ്ങൾ അനുമതിയില്ലാതെ സ്ഥാപിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാത്ത നഗരസഭയുടെ റിപ്പോർട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പാതയോരത്തെ കൈവരികളിൽ കൊടികളും തോരണങ്ങളും കെട്ടരുതെന്ന് പറയുമ്പോൾ ഒരു പ്രത്യേക നിറത്തിന് എതിരാണെന്ന് വരുത്തിത്തീർക്കുകയാണ്. ഒരു നിറത്തെയും ഭയമില്ല. കോടതിയുടെ ഉത്തരവുകൾ ജനങ്ങൾക്കു വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി.

വിദേശരാജ്യങ്ങളിൽ പ്രചാരണങ്ങൾക്ക് പ്രത്യേകസ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. അവിടെ മാത്രമേ പോസ്‌റ്റർ പതിപ്പിക്കാനും കൊടിതോരണങ്ങൾ സ്ഥാപിക്കാനും കഴിയുകയുള്ളൂ. ഈ രീതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവത്തിൽ ചിന്തിക്കണം. ജനങ്ങൾക്ക് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത്. അത് കൃത്യമായി നടപ്പാക്കുമ്പോഴാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക. നിയമത്തെ എങ്ങനെ മറികടക്കാമെന്ന് സർക്കാർ തന്നെ ചിന്തിക്കുന്നത് ആശാവഹമല്ല. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പോസ്‌റ്ററുകളും കൊടിതോരണങ്ങളും സ്ഥാപിച്ചാൽ കനത്ത തുക പിഴ ഈ‌ടാക്കണം. തൊട്ടതിനും പിടിച്ചതിനും പിഴയീടാക്കുന്ന ഈ‌ നാട്ടിൽ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് മടിയാണ്. ഈ രീതി ശരിയല്ലെന്നാണ് കോടതി തുടർച്ചയായി പറയുന്നത്. ജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാകുന്ന രീതിയിലുള്ള പ്രചാരണ മാർഗങ്ങൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. ഡിജിറ്റൽ ലോകത്ത് മറ്റ് മാർഗങ്ങൾ നിരവധിയുണ്ട്. കൊവിഡ് കാലത്ത് രാഷ്‌ട്രീയ പാർട്ടികൾ ഓൺലൈൻ ഫ്ളാറ്റുഫോമുകളിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പ്രചാരണങ്ങൾ പഴയപടിയായി.

നിയന്ത്രണമാകാം നിരോധനമരുതെന്നായിരുന്നു സർവകക്ഷി യോഗത്തിന്റെ പൊതുവികാരം. ഇക്കാര്യമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധരുടെ തീരുമാനങ്ങളും പരിഗണിക്കണമായിരുന്നു. വാഹനയാത്രികർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും റോഡ് സേഫ്ടി അതോറിട്ടിയുടെയും ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചല്ല രാഷ്ട്രീയ പാർട്ടികൾ സമ്മേളനം നടത്തേണ്ടത്. എല്ലാ കാര്യങ്ങൾക്കും ഒരു മാനദണ്ഡമുണ്ട്. അത് ആര് ലംഘിച്ചാലും അവർ നിയമനടപടി നേരിടാൻ ബാദ്ധ്യസ്ഥരാണ്. തോന്നിയ സ്ഥലങ്ങളിലെല്ലാം കൊടിതോരണങ്ങൾ കെട്ടാമെന്ന രീതിക്ക് മാറ്റം വരണം. അതിനായി സർക്കാരും തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ ജുഡീഷ്യറിക്കൊപ്പം തോളോട് തോൾ ചേർന്ന് സർക്കാർ മാതൃകാപരമായ നടപടികൾ കൈക്കൊള്ളണം. യാത്രികരുടെ സുരക്ഷയ്‌ക്കാണ് ഹെൽമറ്റ് നിർബന്ധമാക്കിയത്. തുടക്കത്തിൽ ഇത് ഉൾക്കൊള്ളാൻ പലരും തയ്യാറായിരുന്നില്ല. ബോധവത്‌ക്കരണത്തിലൂടെയും പിഴശിക്ഷ നടപ്പാക്കുകയും ചെയ്‌തതോടെ മാറ്റമുണ്ടായി. അതുപോലെ അനധികൃതമായി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANNERS AND FLAGS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.