SignIn
Kerala Kaumudi Online
Saturday, 27 April 2024 4.15 AM IST

ഭാരത് ജോഡോ ; അണികൾ മിന്നി, നേതാക്കൾ മങ്ങി

opinion

ആരവങ്ങളും ആവേശങ്ങളുമുയർത്തി രാഹുൽഗാന്ധി ഭാരത് ജോഡോ പദയാത്രയുമായി കടന്നുപോയി. പ്രവർത്തകർക്കും അനുഭാവികൾക്കുമെല്ലാം അദ്ദേഹത്തെ ഒരുനോക്കുകാണാനായതിന്റെ സന്തോഷം. പലർക്കും അദ്ദേഹം ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തിയതിന്റെ നിർവൃതി. പക്ഷേ, ചില നേതാക്കളെല്ലാം ക്ഷീണത്തിലാണ്. തൃശൂരിന്റെ തെക്കേ അതിർത്തിയായ ചിറങ്ങര മുതൽ വടക്കേ അതിർത്തിയായ വെട്ടിക്കാട്ടിരി വരെ നടന്നതിന്റെ ക്ഷീണമല്ല. അണികൾ താരങ്ങളായപ്പോൾ നേതാക്കൾക്ക് മിന്നാമിന്നിയെങ്കിലും ആകാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയുടെ ക്ഷീണമാണത്. രാഹുലിനൊപ്പം സെൽഫിയെടുക്കാൻ കഴിയാത്തതിന്റെ വേദന ഒരുവശത്ത്. ഒപ്പം നിന്നും നടന്നും ആളാവാൻ പറ്റാത്തതിന്റെ നിരാശ മറുവശത്ത്. എന്തായാലും തിരഞ്ഞെടുപ്പ് കാലത്തൊന്നും കാണാത്ത ആളും ആരവവും യാത്രയിലുടനീളം കണ്ടപ്പോൾ കോൺഗ്രസ് തിരിച്ചുവരുന്നുവെന്ന് പറയുന്ന ചില നേതാക്കളുമുണ്ട്. നേതാക്കൾ വിയർക്കാതെയാണ് അണികൾ ഒഴുകിയെത്തിയത്. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമൊന്നും നോക്കാതെ എല്ലാവരും ഒന്നിച്ചു. ജോഡോ എന്നത് അന്വർത്ഥമായെന്ന് മുതിർന്ന നേതാക്കൾ ആശ്വസിക്കുന്നു. ഇതെല്ലാം എത്രനാൾ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

ജാഥ ആദ്യവസാനം എ.ഐ.സി.സിയുടേയും സുരക്ഷാഭടന്മാരുടെയും സമ്പൂർണനിയന്ത്രണത്തിലായിരുന്നു. ഒപ്പം നടക്കാൻ തിക്കിത്തിരക്കിയവരെയെല്ലാം സുരക്ഷാഭടന്മാർ ഹിന്ദി വാക്കുകൾ കൊണ്ട് ആദ്യം പെരുമാറി. പിന്നെ പിടിവീണു. കാണുമ്പോൾ സ്നേഹത്തോടെയുളള പിടിയാണെങ്കിലും അങ്ങനെയല്ലെന്നാണ് അനുഭവിച്ചവർ പറയുന്നത്. ശരീരത്തിനകത്തും പുറത്തും എണ്ണ ഉപയോഗിച്ചുള്ള ആയുർവേദത്തിലെ 'സ്‌നേഹപ്രക്രിയ' തന്നെ വേണ്ടിവരുമെന്നും കേട്ടുകേൾവിയുണ്ട്.

മുഖം കാണിക്കാതെ...

വഴിനീളെ രാഹുലിന്റെ മുഖം മാത്രമായിരുന്നു. പോസ്റ്ററുകളിൽ അഭിവാദനങ്ങൾ അർപ്പിച്ച് മുഖം കാണിക്കാമെന്ന മോഹവും നടന്നില്ല. അങ്ങനെ വേണ്ടെന്നായിരുന്നു തീരുമാനം. പുഷ്പമാലകൾ അണിയിക്കാമെന്നും ചിത്രങ്ങളും മറ്റും സമ്മാനിക്കാമെന്നുമെല്ലാം സ്വപ്നം കണ്ടവരേറെയുണ്ടായിരുന്നു. എന്നാൽ സാധാരണപ്രവർത്തകരുടേയും അനുഭാവികളുടേയും സ്നേഹസമ്മാനങ്ങളാണ് രാഹുൽ ഏറ്റുവാങ്ങിയത്. രാഹുൽഗാന്ധിയുടെ താമസസ്ഥലത്തിനടുത്ത് വട്ടമിട്ട് പറന്നവരുണ്ട്. അവർക്കും ഉദ്ദിഷ്ടകാര്യം സാധിച്ചില്ല. ആവശ്യങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് വാട്സ് ആപ്പിൽ സന്ദേശമായി പ്രചരിപ്പിച്ചവരുമുണ്ട്. നാടിന്റെ ആവശ്യങ്ങളാണോ സ്വന്തം ആവശ്യങ്ങളാണോ എന്ന സംശയം ബാക്കി. തൃശൂരിലെ സാഹിത്യ അക്കാഡമിയിൽ സാംസ്കാരികപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. സ്ഥലത്തെ പ്രമുഖരുമായി സംവദിക്കാനും നിശ്ചയിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ട് കൂടിക്കാഴ്ചകൾ പെട്ടെന്ന് റദ്ദാക്കി. അതോടെ അവിടെ അദ്ദേഹത്തെക്കണ്ട് കാര്യം സാധിക്കാമെന്ന മോഹവും പൊലിഞ്ഞു. വടക്കൻ ജില്ലകളിൽനിന്നുള്ളവരും നാട്ടുകാരുമെല്ലാം അണിചേർന്നപ്പോൾ പാലക്കാട് ജില്ലയിലേക്കുളള അതിർത്തിയിൽ ജനസാഗരമായിരുന്നു. മുള്ളൂർക്കര പാരഡൈസ് ഹോട്ടലിൽ നിന്ന് ചായയും പഴം പൊരിയും കട്‌ലെറ്റും കഴിച്ച് 20 മിനിറ്റ് വിശ്രമിച്ച ശേഷം രാത്രി വെട്ടിക്കാട്ടിരിയിൽ പദയാത്ര എത്തുമ്പോഴേക്കും ആയിരങ്ങളാണ് കാത്തുനിന്നത്. ചെറിയൊരു വേദിയിൽ വൻ ആൾക്കൂട്ടത്തിനു നടുവിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ കലാമണ്ഡലത്തിന്റെയും കേരളസംസ്കാരത്തിന്റെയും സവിശേഷതകളായിരുന്നു അടിവരയിട്ട് പറഞ്ഞത്. അവിടെ, തൃശൂർ നഗരത്തിലെത്തിയതിന്റെ ഇരട്ടിയിലേറെ ജനമുണ്ടായിരുന്നു. അതാണ് യാത്രയുടെ യഥാർത്ഥ ഇംപാക്ട് എന്ന് ചില നേതാക്കളെങ്കിലും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ഒന്നായാൽ നന്നായി...

'ഒന്നായാൽ നന്നായി...' കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് യാത്രയ്ക്കുശേഷം മുതിർന്ന നേതാക്കൾ ഓർമ്മിപ്പിക്കുന്നത്. ജോഡോ യാത്രയെ സ്വീകരിക്കാൻ തൃശൂർ ഡി.സി.സി ഓഫീസിൽ അടിച്ച പെയിന്റ് കാവി നിറമാണെന്ന് പറഞ്ഞ് ചില നേതാക്കൾ വാർത്തയ്ക്കായി വാർത്തയുണ്ടാക്കിയതും അവർ ചൂണ്ടിക്കാട്ടുന്നു. പുതിയ പെയിന്റടിച്ചതോടെ വിവാദം അവസാനിച്ചെങ്കിലും പെട്ടെന്നൊന്നും ഒന്നാവില്ലെന്ന സന്ദേശമാണ് ചിലർ ഇപ്പോഴും നൽകുന്നത്. തൃശൂർ ജില്ലയിൽ അറുപത് കിലോമീറ്ററോളം രാഹുൽ കടന്നുപോയപ്പോൾ, കോൺഗ്രസിന് പുത്തനുണർവ് ലഭിച്ചെന്നത് മറക്കരുതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടികളും സംഘടനയിലെ ദൗർബല്യങ്ങളുമെല്ലാം ജനം മറന്നുപോയ ദിവസങ്ങൾ.

എല്ലാ ജനവിഭാഗങ്ങളേയും രാഹുൽ തന്റെ പ്രസംഗങ്ങളിൽ സ്പർശിച്ചു. ഓരോ ജനവിഭാഗങ്ങൾക്കിടയിലും കേരളം എങ്ങനെ ഒരു പാലമായി വർത്തിച്ചിരുന്നുവെന്ന് കേരളീയർ കാട്ടിക്കൊടുത്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹം ചെറുതുരുത്തിയിൽ പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാത്മാക്കൾ കേരളത്തെ ആ നിലയിലേക്കുയർത്താൻ വഴികാട്ടിയെന്നും ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ഇവിടെ ഒന്നാണെന്നും കേരള കലാമണ്ഡലവും ഇത്തരത്തിൽ ജനങ്ങൾക്കിടയിലെ പാലമായി നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞപ്പോൾ ജനങ്ങൾ ആവേശത്താൽ ആർത്തുവിളിച്ചു.

ഒട്ടേറെ വൈകാരികനിമിഷങ്ങൾക്കും വേദിയൊരുങ്ങി. വിരമിച്ച സൈനികരുടെ വാർ ഹീറോ സംഗമം അതിലൊന്നായിരുന്നു. രാജീവ് ഗാന്ധിക്കൊപ്പം പ്രവർത്തിച്ച രണ്ട് മുൻ സൈനികർ തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ രാഹുൽ ഗാന്ധിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. രാഹുലിനെ കാണാനുള്ള ആവേശത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് അവർ പറഞ്ഞപ്പോൾ സദസ്സ് നിശബ്ദമായി. രാജീവ് ഗാന്ധിക്കൊപ്പമുള്ള ചിത്രവുമായെത്തിയവരേയും ചേർത്തുപിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു അദ്ദേഹം.

രാജീവിന്റെ ദാരുണാന്ത്യത്തെക്കുറിച്ച് പറഞ്ഞ കൊടകര പുപ്പള്ളി വീട്ടിൽ ജോസഫ് പൊട്ടിക്കരഞ്ഞു. രാജീവ് ഗാന്ധിയോടൊപ്പം ചെന്നൈയിൽ ചെലവഴിച്ച ദിവസങ്ങളുടെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ജോസഫ് അറിയിച്ചു. ഹിന്ദിയിൽ സംഭവങ്ങൾ വിവരിക്കുന്നത് കേട്ട് രാഹുലിന്റെ കണ്ണും നിറഞ്ഞു. അതീവ സുരക്ഷയോടെ വിമുക്തഭടന്മാർ മാത്രമായിരുന്നു കൂടിക്കാഴ്ചയ്ക്ക് എത്തിയത്. മാദ്ധ്യമ പ്രവർത്തകർക്ക് പോലും അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവിടേയും ചില നേതാക്കൾ കയറിക്കൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചുരുക്കത്തിൽ യാത്രയുടെ താരങ്ങളായ അണികളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARATH JODO AND CONGRESS LEADERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.