SignIn
Kerala Kaumudi Online
Wednesday, 14 January 2026 11.28 AM IST

സന്മനസുള്ളവരുടെ 'പള്ളി' പുറപ്പാടുകൾ

Increase Font Size Decrease Font Size Print Page

photo

താടിക്കാർ കൂട്ടുകൂടി മെഴുകുതിരി തെളിച്ചതോടെ കേരളമാകെ പ്രത്യാശയുടെ പ്രകാശം പരന്നുതുടങ്ങി. ഈസ്റ്ററിന് ഡൽഹിയിലെ കത്തീഡ്രലിൽ തിരുരൂപത്തിനു മുന്നിൽ മെഴുകുതിരി തെളിച്ച മോദിജിയുടെ മുഖത്തേക്കു നോക്കിയ ബിഷപ്പുമാർ അദ്ഭുതപ്പെട്ടുപോയി. മോദിക്കും ക്രിസ്മസ് അപ്പൂപ്പനും ഒരേഛായ. താടിയും മുടിയും ചിരിയുമെല്ലാം; ഹോ, ഇങ്ങനെയുണ്ടോ ഒരു സാമ്യം.

അങ്ങനെ, താടിയുള്ള മോദിയും താടിയുള്ള ബിഷപ്പുമാരും ഒരുപാടു വൈകിയാണെങ്കിലും പരസ്പരം തിരിച്ചറിഞ്ഞു. രാമരാജ്യവും റോമാസാമ്രാജ്യവും നിലകൊണ്ടത് സത്യത്തിനു വേണ്ടിയാണെന്ന ജ്ഞാനോദയം ബിഷപ്പുമാർക്ക് ഉണ്ടായതോടെ പള്ളിമണികൾ മുഴങ്ങി. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി,​ സംഘികൾക്കു സ്തോത്രം. കേരളത്തിലെ ബി.ജെ.പി നേതാക്കന്മാരും ഓടിനടന്നു മെഴുകുതിരി തെളിക്കുകയാണ്. സൂര്യശോഭയോടെ മെഴുകുതിരികൾ തെളിഞ്ഞാൽ കേരളമൊരു താമരപ്പൊയ്കയാകും. കുറച്ചു വിദ്വാൻമാർ ആവേശം കയറി മലയാറ്റൂർ മലയിലേക്ക് ഓടിക്കയറിയെങ്കിലും പാതിവഴിയായപ്പോൾ ശ്വാസം മുട്ടി തിരികെയിറങ്ങി.
പാംപ്ലാനി പിതാവും വലിയപിതാവ് മാർ ആലഞ്ചേരിയും കാര്യങ്ങൾ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. പാഠപുസ്തകപ്രകാരം മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്ന കേരളത്തിൽ ഓരോ മേഖലയ്ക്കും യോജിച്ച കൃഷികൾ ചെയ്യുന്ന സഭാമക്കൾക്ക് നീതികിട്ടണമെന്നു മാത്രമാണ് പിതാക്കന്മാരുടെ ആഗ്രഹം. റബറും ബീഫും വിട്ടൊരു കളി സത്യവിശ്വാസികൾക്കില്ല. സത്യമുള്ള കറയാണ് റബർ. വരണ്ടുണങ്ങിയ കുന്നുകളിൽ വളർന്ന് പാൽ തരുന്ന റബർ മരവും വൈക്കോൽ തിന്ന് പാൽ ചുരത്തുന്ന ഗോമാതാവും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ഏതു പാൽ ആയാലും കേരളം പുഷ്ടിപ്പെടും.

പുതിയ അന്തർധാരകൾ ആടുകൾക്ക് പ്രതീക്ഷ നല്കുന്നതാണ്. ആടുകൾ ഗോമാതാക്കളുടെ നിലയിലേക്ക് ഉയർന്നാൽ മട്ടൻബിരിയാണി കിട്ടാതാകുമോയെന്ന് സത്യവിശ്വാസികൾക്കും പരിവാറുകാർക്കും ആശങ്കയുണ്ടെങ്കിലും അതിനു സാദ്ധ്യതയില്ലെന്നാണ് സൂചന. കാളകൾക്കു നീതികിട്ടാത്ത നാട്ടിൽ മുട്ടനാടുകൾക്കു പ്രതീക്ഷവേണ്ട.
താടിക്കാർ കൂട്ടുകൃഷി തുടങ്ങിയാൽ കേരളത്തിലെ പരമ്പരാഗത കൃഷിരീതികൾ തകരുമെന്നതിന്റെ ആശങ്കയിലാണ് സഖാക്കളും കോൺഗ്രസുകാരും. കൊടികുത്തിയതോടെ തരിശായ നിലങ്ങളിലെ ഫുട്‌ബാൾ കളിയും അവസാനിപ്പിക്കേണ്ടിവരും. അടുത്ത തവണയെങ്കിലും മന്ത്രിയോ എം.എൽ.എയോ ആയില്ലെങ്കിൽ കോൺഗ്രസുകാർക്ക് പണിയന്വേഷിച്ച് വടക്കേ ഇന്ത്യയിലേക്കു പോകേണ്ടിവരും. ബംഗാളികൾ കേരളത്തിൽ പൊറോട്ടയടിക്കാരായ വലിയപാഠം അവർക്കു മുന്നിലുണ്ട്.

കൊച്ചിയിലെ കൊതുകും കോൺഗ്രസിലെ പ്രശ്നങ്ങളും ഒരുപോലെയാണ് ; അനന്തം, അജ്ഞാതം, അവർണനീയം.

ഒന്നു വിളിച്ചിരുന്നെങ്കിൽ

വരാമായിരുന്നു

കേരളത്തിൽ കൊമ്പൻമാരെ കൂട്ടിലാക്കാൻ നടന്ന ബി.ജെ.പിക്ക് അനിൽ ആന്റണിയെന്ന കുഴിയാനയെ മാത്രമാണ് കിട്ടിയതെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകർജിയുടെ വിലാപത്തിൽ കാര്യമില്ലാതില്ല. അരിക്കൊമ്പൻമാർ ഉള്ളപ്പോൾ ചീളുപയ്യൻമാരെ റാഞ്ചേണ്ട കാര്യമുണ്ടോ എന്നാണ് ടിയാൻ ഉദ്ദേശിച്ചത്. കെ.മുരളീധരൻ,​ ശശി തരൂർ എന്നിവർ അരിക്കൊമ്പന്മാരാണെന്ന് കഴിഞ്ഞദിവസമാണ് പാർട്ടിക്കാർ തന്നെ പ്രഖ്യാപിച്ചത്. സത്യമുള്ളവരുടെ പാർട്ടിയാണ് കോൺഗ്രസ്. ഉള്ള കാര്യങ്ങൾ നേരത്തേ വിളിച്ചുപറയും. പറഞ്ഞുവരുമ്പോൾ അരിക്കൊമ്പനേക്കാൾ തലയെടുപ്പുള്ള കൊമ്പനാണ് കണ്ണൂർ സുധാകരൻ. ഒന്നു വിളിച്ചിരുന്നെങ്കിൽ, കണ്ണെറിഞ്ഞെങ്കിൽ ലക്ഷണമൊത്ത കൊമ്പനെ ബി.ജെ.പിക്ക് സ്വന്തമാക്കാമായിരുന്നു.

കോൺഗ്രസ് പാർട്ടിയിലെ കാരണവരും കളരിയഭ്യാസി ആണെങ്കിലും, സി.പി.എമ്മിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കുള്ള പവറുപോലും തനിക്കില്ലെന്നാണ് സുധാകർജിയുടെ സങ്കടം.
ആപ്പീസിൽ ചെന്നാൽ യൂത്തന്മാർ പോലും എണീക്കാതായി. ഘടകകക്ഷികളുടെ കാര്യം പറയാനുമില്ല. ഒരു വിലയുമില്ല. തട്ടുകടയിൽ നിന്നു ചായയും കടിയും കിട്ടണമെങ്കിൽ വരെ രൊക്കം കാശ് കൊടുക്കേണ്ട അവസ്ഥയായി. വല്ലപ്പോഴും ലീഗുകാർ വിളിച്ചാൽ ഒരു ബിരിയാണി കിട്ടുന്നതാണ് ആശ്വാസം.

സ‌ർവാണിസദ്യക്കു വിളമ്പുന്ന വെറും തട്ടിക്കൂട്ടു ബിരിയാണിയാണ് ലീഗ് ഹൗസിൽ നിന്നു കിട്ടുന്നതെങ്കിലും തരാനുള്ള മനസുണ്ടല്ലോ. അതേസമയം, കിടുകിടാന്നു തണുപ്പിച്ച ഊണുമുറിയിൽ കുറിയിട്ട ചിലർക്ക് രഹസ്യമായി സ്പെഷ്യൽ ബിരിയാണി കൊടുക്കുന്നതായാണ് വിവരം. കണ്ണൂർ ചേകവർക്ക് ചണ്ടിക്കോഴി ബിരിയാണിയും മറ്റവന്മാർക്ക് ഗിരിരാജ കോഴിക്കാലുള്ള എമണ്ടൻ ബിരിയാണിയും. പവറും പണവുമില്ലെങ്കിൽ ഇങ്ങനെയാണ്. കണ്ണു തെറ്റിയാൽ കൂടെയുള്ളവന്മാർ കമ്പും കോലും ഊരിമാറ്റുന്ന കസേരയിൽ നിന്നൊഴിവാക്കണമെന്ന് കൈകൂപ്പി ഹൈക്കമാൻഡിലെ ഏട്ടനോടും പെങ്ങളോടും അപേക്ഷിച്ചപ്പോൾ, വീടുപോലുമില്ലാത്ത എന്നോടോ സുധാകരാ എന്നായിരുന്നു ഏട്ടൻ പയ്യന്റെ മറുപടി. അതുകേട്ടതാേടെ എല്ലാ വിഷമവും മാറി.

പയ്യന്മാർ

പരിശീലനത്തിൽ

അനിൽ ആന്റണിക്കു പിന്നാലെ, നേതാക്കളുടെ മക്കളിൽ പലരും പോരുമെന്ന് സുരേന്ദ്രൻജി പറഞ്ഞത് വെറുതെയാകാൻ വഴിയില്ല. രാജ്മോഹൻ ഉണ്ണിത്താന്റെ മകനും ചാടാനുള്ള പരിശീലനത്തിലാണ്. കുറിതൊട്ട് നെറ്റി പൊള്ളിയ പിതാശ്രീ, ലക്ഷണമൊത്ത സിന്ദൂരമണിയിച്ച് ചെക്കനെ കളത്തിലിറക്കാനുള്ള അണ്ടർഗ്രൗണ്ട് വർക്കിലാണെന്ന് പാർട്ടിക്കാർ പറയുന്നു. കുറിപോയ ഉണ്ണിത്താന്റെ കാസർകോടൻ സങ്കടങ്ങൾ എന്ന ജീവചരിത്രം വൈകാതെ പ്രതീക്ഷിക്കാം. ഉണ്ണിത്താന്റെ കുറി സൈഡിലേക്ക് ആയിരുന്നെങ്കിൽ ചെക്കന്റെ കുറി മുകളിലേക്കാണെന്നു മാത്രം.

കേരളം പിടിച്ചെക്കുമെന്നു മോദി പറഞ്ഞതിനു പിന്നാലെയാണ് കുറിക്കാരുടെ എണ്ണം കൂടിയത്.
മക്കൾ വയറുനിറയെ ഭക്ഷണം കഴിച്ച് നല്ലനിലയ്ക്കു ജീവിക്കണമെന്ന് ചിന്തിക്കാത്ത അച്ഛന്മാരില്ല. ഒഴുക്ക് കൂടും മുമ്പ് എത്തിപ്പെട്ടാൽ കൊള്ളാവുന്ന ഏതെങ്കിലും കസേര ഒപ്പിക്കാം. പിള്ളേരു കാരണം കോൺഗ്രസിലെ കാർന്നോന്മാരുടെ അവസരങ്ങളാണ് പോകുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വിരുതന്മാരായ പയ്യന്മാരെയാണ് സംഘികൾക്കു നോട്ടം. മൊബൈലിൽ തോണ്ടി രസികൻ വീഡിയോകൾ കാണാനല്ലാതെ ഭാരിച്ച ടെക്നിക്കുകൾ കാർന്നോന്മാർക്ക് അറിയില്ല.

അവസരമില്ല എന്നതാണ് കോൺഗ്രസിലെ വലിയ പ്രശ്നമെന്ന് മിടുക്കന്മാരായ യൂത്തന്മാർ സങ്കടപ്പെടുന്നു. അടികൊണ്ട് വളർന്നുവന്നിട്ടും എന്തുകാര്യമെന്നാണ് ചോദ്യം. വിവാഹമാർക്കറ്റിലും വില വട്ടപ്പൂജ്യം. കൊച്ചുസഖാക്കളുടെ ലീലാവിലാസങ്ങൾ കാണുമ്പോൾ കൊതിയാകുന്നു. എന്തു ചെയ്താലും ന്യായീകരിക്കുന്ന കാരണവൻമാരാണ് അവിടെയുള്ളത്. കൈനിറയെ കാശും ഓസിനു ശാപ്പാടും ഒരു സൗഭാഗ്യമാണ്. ഇന്നത്തെ കോൺഗ്രസ് കാരണവന്മാർ ഇന്നലെ യൂത്തന്മാർ ആയിരുന്നപ്പോൾ അങ്ങനെയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

തങ്ങളെക്കൊണ്ട് പണിയെടുപ്പിച്ച് എം.എൽ.എ, മന്ത്രി കസേരകളിൽ ഇരിക്കാനുള്ള കിളവന്മാരുടെ പൂതി നടപ്പില്ലെന്ന് പിള്ളേർ പറഞ്ഞുതുടങ്ങി. ചെയ്യുന്ന പണിക്ക് രൊക്കം കൂലി കിട്ടണം. ഇക്കരെ കിട്ടാത്തത് അക്കരെ കിട്ടുമെങ്കിൽ നീന്താൻ യൂത്തന്മാർ റെഡി.

കമ്മ്യൂണിസ്റ്റ് പാർട്ടി

ഒഫ് കേരള (ഒറിജിനൽ)​

അഡ്രസ് പോയ സി.പി.ഐയും വാലുപോയ അണ്ണാനും ഒരുപോലെയാണെന്നാണ് സി.പി.എമ്മുകാരുടെ ആക്ഷേപം. കഷ്ടകാലം വരുമ്പോൾ കൂടെനിന്നു നൈസായി താങ്ങുന്നതാണ് സഹിക്കാൻ പറ്റാത്തത്. ഒരുകാലത്ത് ഇന്റർനാഷണൽ ബന്ധങ്ങളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ ഇനിമുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് കേരള എന്ന ലോക്കൽ പാർട്ടിയായി അറിയപ്പെടും. നെൽക്കതിർ,​ അരിവാൾ എന്ന ചിഹ്നത്തിനു പകരം തീപ്പെട്ടിയോ സൈക്കിളോ കിട്ടിയാലായി. ശരിയാണ്,​ നെൽപ്പാടമില്ലാതായ കേരളത്തിൽ പഴയ ചിഹ്നത്തിന്റെ ആവശ്യമില്ല.

ഇന്നലെ മുളച്ച ആം ആദ്മി പാർട്ടി ദേശീയ കക്ഷിയായതും ക്ഷീണായി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വളരെ മോശമായിപ്പോയെന്നും സി.പി.ഐയുടെ ചരിത്രവും പാരമ്പര്യവും പരിഗണിച്ചില്ലെന്നും ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞതിൽ വലിയ കാര്യമുണ്ട്. ഒരുകാലത്ത് സോവിയറ്റ് യൂണിയനിലെ കാര്യങ്ങൾ വരെ തീരുമാനിച്ചിരുന്നത് കേരളത്തിലെ സി.പി.ഐ നേതാക്കളായിരുന്നു. അവിടെ പഠിച്ചാണ് നേതാക്കന്മാരുടെ മക്കളിൽ പലരും ഡോക്ടർമാരും എൻജിനീയർമാരും ആയത്. വ്യാജന്മാരുടെ കടന്നുകയറ്റമാണ് ഒറിജിനൽ സംഗതികളെ തകർക്കുന്നത്. ചീനന്മാരാണ് ഈ അവസ്ഥയ്ക്കു കാരണം. ചുള്ളിബീഡി, പരിപ്പുവട, കപ്പപ്പുഴുക്ക്, കട്ടൻചായ എന്നിവയുടെ ലോകത്ത് ഒതുങ്ങിക്കൂടിയിരുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ബർഗറും കളർഫുൾ കോളകളും കാട്ടി ചീനന്മാർ വഴിതെറ്റിച്ചു. ഫലത്തിൽ, സാമ്രാജ്യത്വത്തിന്റെ രുചിപിടിച്ച കമ്മ്യൂണിസ്റ്റുകാരന്മാർ പെരുകി. വ്യാജന്മാർ ഒറിജിനലായി. തറവാടികൾ തറകളായി.

തറവാടിത്തം വീണ്ടെടുക്കാൻ ഗംഭീര മാർച്ചുകൾ നടത്താനാണ് ആലോചനയെങ്കിലും നേതാക്കൾ കൂടുതലും അണികൾ കുറവുമായതാണ് പ്രശ്നം. റാലിയിൽ പങ്കെടുക്കാൻ നാട്ടുനടപ്പനുസരിച്ച് ബിരിയാണിയും ചുരുങ്ങിയത് 500 രൂപയും നടപ്പിന്റെ ക്ഷീണം മാറ്റാനുള്ള അരക്കുപ്പി 'അരിഷ്ട"വുമാണ് പാക്കേജ്. നൂറുപേരെ വിളിക്കണമെങ്കിൽ പോലും പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് വായ്പയെടുക്കേണ്ടിവരും. ഒരുകാര്യം മനസിലായി. കയ്പുള്ള വിപ്ലവത്തിനു കൂട്ട് മുതലാളിത്തത്തിന്റെ,​ പതയുന്ന മധുരപാനീയമാണ്.

TAGS: BJP AND CHRISTIANITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.