SignIn
Kerala Kaumudi Online
Friday, 26 April 2024 7.47 PM IST

മാന്യതയും കൃത്യതയും മുഖമുദ്ര‌യാക്കിയ ജീവിതം

c-v-thrivikraman

വയലാർ രാമവർമ്മ ട്രസ്റ്റിന്റെ സെക്രട്ടിയായ സി.വി. ത്രിവിക്രമൻ നമ്മെ വിട്ടുപോയെന്ന് അദ്ദേഹത്തിന്റെ മരുമകൻ സതീശൻ വിളിച്ചു പറഞ്ഞപ്പോൾ എന്റെ ഹൃദയം വല്ലാതെ തളർന്നുപോയി. എനിക്ക് അത്രമേൽ മാനസിക അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരു സഹോദരനെപ്പോലെ അദ്ദേഹം എന്നെയും ജ്യേഷ്ഠനെപ്പോലെ ഞാൻ അദ്ദേഹത്തെയും കരുതിപ്പോന്നിരുന്നു. രാമവർമ്മ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹവുമായി അടുത്ത് ഇടപഴകിയപ്പോൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ പുലർത്തുന്ന മാന്യതയും കൃത്യതയും മനസിലാക്കാൻ കഴിഞ്ഞു. അതാണ് വയലാർ ട്രസ്റ്റിന്റെ അവാർഡിന് ഇത്രയും വലിയ പ്രശംസയും അംഗീകാരവും നേടിക്കൊടുത്തത്. അതിന്റെ പരിപൂർണ ഉത്തരവാദിത്തം ത്രിവിക്രമൻ ചേട്ടനാണ്. പുസ്തകങ്ങളുടെ തിരഞ്ഞടുക്കലും അത് വിലയിരുത്താനുള്ളവരെ കണ്ടെത്തുന്നതും ഉൾപ്പെടെയുള്ള പ്രാരാബ്ധങ്ങൾ അദ്ദേഹം നിർവഹിച്ചു. പലഘട്ടങ്ങളായുള്ള പരിശോധനകളും സൂക്ഷ്മമായ വിലയിരുത്തലുകളും അവാർഡിന് പിന്നിലുണ്ടാകും. എല്ലാവർഷവും അവാർഡ്ദാന ചടങ്ങിൽ അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. അവാർഡിന്റെ ചരിത്രം വിവരിച്ചുള്ള ഒഴുക്കായിരുന്നു അത്. ഒരു ആക്ഷേപത്തിനും വകവയ്ക്കാതെ അത്രമേൽ കാര്യക്ഷമതയോടെ അവാർഡിലേക്കുള്ള യാത്ര അദ്ദേഹം വിജയകരമായി പൂർത്തിയാക്കും. അതുതന്നെയാണ് വയലാർ അവാർഡിന്റെ പ്രത്യേകതയും. വയലാർ അവാർഡിലൂടെ മലയാള സാഹിത്യത്തിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ വർഷവും പുതിയ വിധികർത്താക്കളെ കണ്ടെത്തും, അവാർഡ് നിർണയവും സ്വതന്ത്രമാക്കും. മറ്റുള്ളവർ പറയുന്നതും തത്പരകക്ഷികളുടെ അഭിപ്രായവും മുഖവിലയ്ക്ക് എടുക്കില്ല എന്നതും ശ്രദ്ധേയമാണ്. സാംസ്കാരിക രംഗത്തെ പ്രസിദ്ധരായ വിധികർത്താക്കളുടെ സ്വതന്ത്രമായ തീരുമാനത്തിനാണ് അദ്ദേഹം വിലകല്‌പ്പിച്ചിരുന്നത്. മലയാള സാഹിത്യ സൃഷ്ടികളുടെ വളർച്ചയ്ക്ക് വയലാർ അവാർഡ് വഹിക്കുന്ന പങ്കിനെപ്പറ്റി എല്ലാവർക്കും അറിയാം. അതിനാൽ അവാർഡ് നിർണയത്തിൽ നിതാന്തജാഗ്രതയാണ് അദ്ദേഹം പുലർത്തിയത്. മലയാളത്തിലെ ജ്ഞാനപീഠം എന്നാണ് വയലാർ അവാർഡിനെക്കുറിച്ച് സഹൃദയർക്കുള്ള വിശ്വാസം. മലയാളത്തിലെ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നു എന്നതാണ് വയലാർ അവാർഡിന്റെ മറ്റൊരു മഹത്വം. ഓരോ വർഷവും മികച്ച സാഹിത്യസൃഷ്ടിക്ക് അവാർഡ് നല്‌കുകയെന്നത് അദ്ദേഹം ജീവിതദൗത്യമായി കണ്ടു.

അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത് ഖാദി ബോർഡിലെ ഉദ്യോഗസ്ഥനെന്ന നിലയിലായിരുന്നു. 1966 എന്നാണ് എന്റെ ഓർമ്മ. മറ്റൊരാൾക്ക് വേണ്ടി ശുപാർശയുമായാണ് ഞാൻ കാണാൻ ചെന്നത്. കാര്യം പറഞ്ഞതിന് പിന്നാലെ സഹായം ആവശ്യമുള്ള വ്യക്തി കേൾക്കെ പറഞ്ഞു - ഔദ്യോഗിക കാര്യങ്ങൾക്ക് അതിന്റേതായ രീതിയുണ്ട്. അത് നിങ്ങൾവന്ന് പറഞ്ഞാൽ മാറ്റാൻ നിവൃത്തിയില്ല, കാര്യങ്ങൾ അതിന്റെ വഴിയ്ക്ക് നടക്കും. വളരെ നിരാശയോടെ ഞാൻ അവിടെനിന്ന് ഇറങ്ങി.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ വിളി എത്തി, 'ഞാൻ ത്രിവിക്രമൻ,​ വയലാർ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. ഒരു കാർ അങ്ങോട്ടേക്ക് അയയ്‌ക്കുന്നുണ്ട്, അതിൽക്കയറി മസ്‌ക്കറ്റ് ഹോട്ടലിലേക്ക് എത്തണം'. ഒരു സ്വകാര്യം പറയാം, ഈ വർഷത്തെ വയലാർ അവാർഡ് നിങ്ങളുടെ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിനാണ്. നിങ്ങൾ ഇവിടെയെത്തുമ്പോൾ അത് മലയാറ്റൂർ പത്രക്കാരോട് പ്രഖ്യാപിക്കും എന്നും പറഞ്ഞു. പിന്നാലെ കാർ വന്നു. അതിൽക്കയറി മസ്ക്കറ്റ് ഹോട്ടലിൽ എത്തിയപ്പോൾ അവിടെ അവാർഡ് പ്രഖ്യാപന ചടങ്ങാണ്. മലയാറ്റൂർ രാമകൃഷ്ണനാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പുസ്തകത്തിന്റെ പ്രചാരണത്തിനും ഏറെ സഹായിച്ചു. ഇതൊരു ഏകാന്ത വിസ്മയമാണെന്നും ഭാഷ അനുഭവമായിത്തീരുന്നത് ഇതിലൂടെ മനസിലാക്കാമെന്നും മലയാറ്റൂർ പറഞ്ഞു. ഇത് കേട്ടതോടെ ഞാൻ അദ്ദേഹത്തെ തൊട്ടുതൊഴുതു. അന്നുമുതലാണ് ത്രിവിക്രമൻ ചേട്ടനുമായുള്ള എന്റെ അടുപ്പം തുടങ്ങുന്നത്. എവിടെവച്ചുകണ്ടാലും എന്നോട് വാത്സല്യത്തോടും സ്നേഹത്തോടും പെരുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 'വയലാർ അവാർഡിന് നിങ്ങൾ കൂടുതൽ എന്തേലും ചെയ്യണ'മെന്ന് എപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ഇടപെടണം എന്നായിരുന്നു ആവശ്യം. ചിലപ്പോൾ ജ്യേഷ്ഠനെപ്പോലെ ,​ ചിലപ്പോൾ ഗുരുനാഥനെപ്പോലെ എന്ന രീതിയിലായിരുന്നു എന്നോട് ഇടപഴകിയത്. കഴിഞ്ഞ ആഴ്ചയും എന്നെ വിളിച്ചു. 'നമുക്ക് നേരിട്ട് കാണണം, ഈ വർഷത്തെ അവാർഡിനെക്കുറിച്ച് ആലോചിക്കണം', എന്നായിരുന്നു ആവശ്യം. ചേട്ടൻ പറഞ്ഞാൻ മതി ഞാൻ ചെയ്തോളാം എന്ന് ഞാൻ മറുപടിയും നല്‌കി. എന്നാൽ ഇന്നലെ രാവിലെ അദ്ദേഹം ഭൂമിയിലെ ജീവിതം മതിയാക്കി പോയെന്ന വാർത്തയാണ് കേട്ടത്. അദ്ദേഹം ശൂന്യമാക്കിയ ഇടം നികത്താൻ ആരാലും സാദ്ധ്യമല്ല, ആ ഓർമ്മയിൽ ജീവിച്ച് അദ്ദേഹം നയിച്ച വഴിയേ ആ കാലടിപ്പാടുകൾ നോക്കി ഇനി നമുക്ക് പിന്തുടരാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C V THRIVIKRAMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.