SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 AM IST

പാർപ്പിട മോഹം സഫലമാക്കി പഴയന്നൂരിലെ ഫ്ളാറ്റുകൾ

carehome

അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്, സാധാരണക്കാരന്റെ സ്വപ്നമാണ്. ഒരു ജന്മം മുഴുവൻ അദ്ധ്വാനിച്ചാലും സഫലീകരിക്കാൻ കഴിയാത്ത മോഹമാണ് പലർക്കും അത്. പ്രളയവും പ്രകൃതിക്ഷോഭവുമെല്ലാം ഇത്തരത്തിലുള്ള നിരവധി പേരെ സൃഷ്ടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്ന ഒരു പ്രസ്ഥാനത്തിന് മാറി നില്‌ക്കാനാകില്ല. അങ്ങനെയാണ് ആദ്യ പ്രളയം സൃഷ്ടിച്ച ഭവനരഹിതർക്ക് കൈത്താങ്ങാകാൻ സഹകരണ മേഖല രംഗത്തു വന്നത്. അങ്ങനെ കെയർ ഹോം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ തീരുമാനിച്ച വീടുകൾ നിർമ്മിച്ചു നൽകി. ആ പ്രവർത്തനങ്ങൾക്കിടയിലാണ് അതിവർഷം നിരവധി കുടുംബങ്ങളെ നിരാലംബരാക്കിയത്. സഹകരണമേഖല അപ്പോൾ രണ്ടാം കെയർ ഹോം പദ്ധതി പ്രഖ്യാപിച്ചു. സഹകരണ മേഖലയുടെ ശക്തിയായി വർത്തിക്കുന്ന സഹകാരികളും പിന്തുണ പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുടെ ലാഭവിഹിതം ഈ പദ്ധതിയിലേയ്ക്ക് നല്കാനുള്ള നിർദ്ദേശത്തെ അവർ അംഗീകരിച്ചു. അങ്ങനെ രണ്ടു ഘട്ടങ്ങളിലുമായി ലാഭവിഹിതം കെയർഹോമിന്റെ നടത്തിപ്പിനായി അവർ നൽകി. ഭവന രഹിതരുടെ പ്രതീക്ഷയായി മാറിയ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരണ വകുപ്പും സർവാത്മനാ സഹകരിച്ചു. അങ്ങനെ സ്വപ്ന പദ്ധതി നടപ്പിലായി.

തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തിൽ 40 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് കടക്കുമ്പോൾ ചാരിതാർത്ഥ്യത്തോടെ ചരിത്രത്തിന്റെ സുവർണ ഏടുകളിൽ സ്ഥാനം ഉറപ്പിക്കുകയാണ് സഹകരണ വകുപ്പും കെയർഹോം പദ്ധതിയും. രണ്ടാം ഘട്ടത്തിന്റെ ആദ്യ പദ്ധതിയാണ് പൂർത്തിയാകുന്നത്. കാലാവസ്ഥ പ്രതികൂലമല്ലായിരുന്നു എങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ പദ്ധതി കൈമാറ്റം നടക്കുമായിരുന്നു.

മാനസിക പിരിമുറുക്കം കുറയ്ക്കാൻ കഴിയുന്ന സാഹചര്യം പഴയന്നൂർ ഫ്ളാറ്റ് സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. മനോഹരമായി ഒരുക്കിയിട്ടുള്ള അഷ്ടദള വിശ്രമസ്ഥലം ആരെയും ആകർഷിക്കും. ഒപ്പം പൂന്തോട്ടവും. അംഗനവാടിയും കോൺഫറൻസ് ഹാളും കുട്ടികളുടെ പാർക്കും പാർക്കിംഗ് ഏരിയയും മാലിന്യ സംസ്‌കരണ കേന്ദ്രവും ജിംനേഷ്യവുമൊക്കെയായി ഏതൊരു ആധുനിക ഫ്ളാറ്റ് സമുച്ചയങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇരുനിലകളിലായി ഒരു കെട്ടിടത്തിൽ നാല് വീടുകൾ വരുന്ന തരത്തിലാണ് നിർമ്മാണം. അതുകൊണ്ടു തന്നെ താമസക്കാരുടെ ബാഹുല്യം ഉയർത്തുന്ന പ്രശ്നങ്ങളുണ്ടാകുകയുമില്ല. പഴയന്നൂർ പഞ്ചായത്ത് നല്കിയ ആറര ഏക്കർ സ്ഥലത്താണ് കെയർഹോം ഒരുങ്ങിയത്. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയായിരുന്നു. രണ്ടാംഘട്ട കെയർ ഹോം പദ്ധതിയിൽ 14 ജില്ലകളിലും വീടുകൾ നിർമ്മിച്ചു നൽകാനാണ് പദ്ധതി. ജില്ലാ കലക്ടർമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലായിരിക്കും നിർമ്മാണം. ഓരോ ജില്ലയിലും 30 മുതൽ 40 യൂണിറ്റുകൾ വരെയായിരിക്കും നിർമ്മിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARE HOME
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.