SignIn
Kerala Kaumudi Online
Friday, 26 April 2024 1.11 PM IST

മാലിന്യഭാരം നീങ്ങി ചേലോറ സ്വതന്ത്രയാകുന്നു

photo-1-

അരനൂറ്റാണ്ടിലേറെയായി കണ്ണൂരിന്റെ കുപ്പത്തൊട്ടിയായി മാറിയ ചേലോറയുടെ ദുരിതം പരിഹരിക്കാൻ കണ്ണൂർ കോർപ്പറേഷൻ മുന്നോട്ട് വന്നത് അഭിമാനകരമായ ചുവട് വയ്പ്പാണ്. എന്നും മാലിന്യം കണ്ടുണരുന്ന ഈ കൊച്ചുഗ്രാമം ഇതുവരെ അനുഭവിച്ച ദുരിതം ചെറുതൊന്നുമല്ല. മാലിന്യക്കൂമ്പാരമായ ചേലോറയിലെ പെൺകുട്ടികൾക്ക് വരനെ കിട്ടാൻ പോലും ഒരുകാലത്ത് ഏറെ പ്രയാസമായിരുന്നു.

2015 ൽ കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചതോടെയാണ് ചേലോറ കണ്ണൂർ കോർപ്പറേഷൻ പരിധിയിലേക്ക് വരുന്നത്. അതിന് മുൻപേ നഗരം തള്ളുന്ന എല്ലാ മാലിന്യങ്ങളും പേറാൻ വിധിക്കപ്പെട്ട ചേലോറയുടെ ദുരിതങ്ങൾ തീർക്കാൻ കോർപ്പറേഷൻ കഴിഞ്ഞ ദിവസമാണ് പുതിയ സംവിധാനങ്ങളുമായി രംഗത്തെത്തിയത്.

60 വർഷമായി ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കെട്ടികിടന്നിരുന്ന മാലിന്യം നീക്കം ചെയ്യാനാണ് പത്ത് കോടി ചെലവാക്കി രണ്ട് വലിയ മെഷീനുകളെത്തിച്ചത്. ബയോമൈനിംഗ് സാങ്കേതികവിദ്യയിലൂടെ ഖരമാലിന്യം,ജൈവമാലിന്യം എന്നിങ്ങനെ തരംതിരിച്ചാണ് നീക്കം ചെയ്യുക. 23 ഏക്കർ സ്ഥലമുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പത്ത് ഏക്കർ സ്ഥലത്താണ് മാലിന്യങ്ങൾ കെട്ടികിടക്കുന്നത്. എട്ട് മാസം കൊണ്ട് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ വെസ്റ്റേൺ പ്രോജക്ട് എൽ.എൽ.പി,ജൻ ആധാർ സേവാ ഭാവി സാൻസ്താ,അരവിന്ദ് അസോസിയേ​റ്റ്‌സ് എന്നീ കമ്പനികൾ ചേർന്നുള്ള കൺസോർഷ്യമാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

1,23,822 ക്യുബിക്

മീറ്റർ മാലിന്യം

വ‌ർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സമീപത്തെ 150 ഒാളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിരുന്നു. പ്രദേശത്തെ കിണറുകൾ പൂർണ്ണമായി മലിനമാവുകയും പകർച്ചവ്യാധികൾ പിടിപെടുകയും ചെയ്തിരുന്നു. കോഴിക്കോട് എൻ.എെ.ടിയിലെ സംഘം നടത്തിയ സർവേയിലാണ് 1,23,822 ക്യുബിക് മീറ്ററോളം മാലിന്യങ്ങളുണ്ടെന്ന് കണ്ടെത്തിയത് .1952 ലാണ് ചേലോറയിൽ ട്രെഞ്ചിംഗ് ഗ്രൗണ്ട് പ്രവർത്തനം തുടങ്ങുന്നത്. 20 മീറ്റർ കൂമ്പാരത്തിൽ വരെ മാലിന്യങ്ങൾ പലയിടങ്ങളിലായി തള്ളപ്പെട്ട നിലയിലായിരുന്നു. മാലിന്യ പ്രശ്നങ്ങൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. ഇന്നത്തെ മേയർ അഡ്വ.ടി.ഒ.മോഹനനായിരുന്നു അന്നത്തെ സമരങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ നിന്നും പിന്മാറിയത്. എന്നാൽ മാലിന്യം നീക്കം ചെയ്യാൻ തുടർനടപടികൾ ഒന്നും നടന്നില്ല.

സമരം കഴിഞ്ഞ് 21 വർഷങ്ങൾക്കിപ്പുറം മാലിന്യം നീക്കം ചെയ്യുന്ന മെഷീന്റെ സ്വിച്ച് ഒാൺ കർമ്മം നിർവഹിച്ച മേയർക്ക് അതൊരു ചരിത്ര നിയോഗം കൂടിയായി. മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും എത്ര സാമ്പത്തിക ബാദ്ധ്യതയുണ്ടെങ്കിലും കോർപ്പറേഷൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ആവശ്യമെങ്കിൽ മെഷീനുകൾ ഇനിയും എത്തിക്കുമെന്നും മേയർ പറഞ്ഞു.

നഗരത്തെ മാലിന്യ മുക്തമാക്കാൻ എഴുപത്തിയഞ്ചു ലക്ഷം ചെലവിട്ടാണ് കോർപ്പറേഷൻ അത്യാധുനിക റോഡ് ശുചീകരണ വാഹനം വാങ്ങിയത്. ആറ് ടൺ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് വാഹനത്തിലുണ്ട്. യന്ത്റം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഏത് പ്രതലത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന യന്ത്രം ഒരു മണിക്കൂർ കൊണ്ട് നാലു മുതൽ പത്ത് വരെ കിലോമീ​റ്റർ പ്രദേശം വൃത്തിയാക്കാം. റോഡിന്റെയും നടപ്പാതയുടെയും വശങ്ങളിലുള്ള മണൽ വലിച്ചെടുക്കാനും ഈ യന്ത്റത്തിന് സാധിക്കും. ഗതാഗതകുരുക്ക് ഒഴിവാക്കാൻ രാത്രിയിൽ മാത്രം മെഷീൻ പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശം .

സ്‌ക്രീനർ മെഷീനിന് തൃശ്ശൂരിന്റെ അനുഭവമുണ്ടാകരുത്

മാലിന്യങ്ങൾ സ്‌ക്രീനർ മെഷീനിലെ കൺവെയർ ബെൽ​റ്റിലൂടെ കടത്തിവിട്ട് വേർതിരിച്ചെടുക്കും. വേർതിരിച്ചു കിട്ടുന്നവയിൽ പ്ലാസ്​റ്റിക് ,സിമന്റ് ഫാക്ടറികൾക്ക് കമ്പനി കൈമാറും. മ​റ്റുള്ള മാലിന്യങ്ങൾ പുനരുപയോഗത്തിന് കൈമാറും. മണിക്കൂറിൽ 850 മുതൽ 1000 ക്യൂബിക് മീ​റ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകളാണ് പ്രവർത്തിക്കുക. ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും. മാലിന്യങ്ങൾ കുഴിച്ച് മൂടുന്ന പതിവ് രീതിയിൽ നിന്ന് മാറി ഇവ ഭൂമിക്ക് ഉപയോഗയോഗ്യമാക്കുന്നതാണ് ബയോമൈനിംഗ്. ഇരുമ്പ്, കല്ല്,കോൺക്രീറ്റ് കട്ടകൾ, പ്ലാസ്റ്റിക് എന്നിവ യന്ത്രത്തിൽ വച്ച് തന്നെ വേർതിരിക്കപ്പെടുന്നു. എന്നാൽ ഇതുപോലൊരു യന്ത്രം തൃശ്ശൂർ കോർപ്പറേഷൻ വാങ്ങിയിട്ട് പുലിവാൽ പിടിച്ച മട്ടാണ്. യന്ത്രം കട്ടപ്പുറത്തായപ്പോൾ അറ്റകുറ്റപണി നടത്താൻ പോലും കമ്പനി അധികൃതർ ആ വഴിയൊന്നും വന്നില്ലെന്നതാണ് യാഥാർത്ഥ്യം. അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാൾ വീണ്ടും പുതിയൊരെണ്ണം വാങ്ങുന്നതാണ് നല്ലതെന്നായിരുന്നു കമ്പനിയുടെ വാദം.


റോഡ് ശുചീകരണ വാഹനം

മെട്രോ നഗരങ്ങളിലും, വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. നിലവിൽ തൃശൂർ കോർപ്പറേഷനിൽ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാർ മേഖലയിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഈ യന്ത്റം സ്വന്തമാക്കുന്നത്. മെഷീൻ പ്രവർത്തിപ്പിക്കാൻ ഒരു ജീവനക്കാരൻ മതിയാകും. ഇവർക്കുള്ള പരിശീലനം കമ്പനി തന്നെ നൽകും.101 എച്ച്.പി ശക്തിയിലുള്ള ട്രക്കിലെ ഒാട്ടോമാറ്റിക്ക് ബ്രഷ് കൊണ്ട് പൊടിയും മാലിന്യങ്ങളും ശേഖരിച്ചെടുക്കും. ഇരുവശത്തും മദ്ധ്യത്തിലുമുള്ള ബ്രഷ് കണ്ട് ആറ് ടൺ മാലിന്യം ഒരു തവണ ട്രക്കിൽ സംഭരിക്കാനാകും. തിരഞ്ഞെടുത്ത തൊഴിലാളികൾക്ക് ഇതിന് പരിശീലനം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHELORA WASTE MANAGEMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.