SignIn
Kerala Kaumudi Online
Friday, 26 April 2024 1.44 PM IST

സഹകരണ പ്രസ്ഥാനത്തിന്റെ സ്‌പന്ദനമറിയണം

photo

കേരളത്തിന്റെ സുസ്ഥിര വികസനത്തിലും വളർച്ചയിലും സഹകരണസംഘങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. സഹകരണ സ്ഥാപനങ്ങൾ കേരളീയ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന ഘട്ടമാണിത്. റീബിൽഡ് കേരള പദ്ധതി, കെയർ ഹോം, ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച് 'ഹരിതം സഹകരണം', സഹകരണ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താൻ ആർദ്രം മിഷനുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ഇങ്ങനെ പോകുന്നു സഹകരണ മേഖലയുടെ മേന്മ.

ജനജീവിതവുമായി ചേർന്നുനില്‍ക്കുന്നു എന്നതാണ് നമ്മുടെ സഹകരണപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂലധനം. നോട്ടുനിരോധന ഘട്ടത്തിൽ പല വാണിജ്യ ബാങ്കുകളുടെയും നിക്ഷേപം കുറഞ്ഞ വേളയിൽ, ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടു കൂടി നമ്മുടെ സഹകരണ നിക്ഷേപം വർദ്ധിക്കുകയാണു ചെയ്തത് എന്ന വസ്തുത ജനങ്ങൾ ഇതില്‍ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ സ്ഥിരീകരണമാണ്. അത് കൂടുതൽ ദൃഢതരമാക്കാൻ നമുക്ക് കഴിയണം. സംസ്ഥാനത്ത് ആകെയുള്ള കാർഷിക വായ്പയുടെ 15 ശതമാനം സഹകരണ സ്ഥാപനങ്ങളുടേതാണ്. ഗ്രാമീണ വികസനത്തിന് ഇതുപോലെ കാര്യമായ സംഭാവനകൾ നല്‍കുന്ന മറ്റൊരു സാമ്പത്തിക സംവിധാനം ഇന്നില്ല. സേവനമേഖല എന്ന നിലയിൽ മാത്രമല്ല, തൊഴിൽ മേഖല എന്ന നിലയിലും സഹകരണ മേഖലയ്ക്ക് പ്രാധാന്യമുണ്ട്. എല്ലാ വകുപ്പുകളുടെയും കീഴിലുള്ള സംഘങ്ങളെടുത്താൽ ലക്ഷക്കണക്കിന് ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നല്‍കുന്ന സ്ഥാപനം എന്ന നിലയിലും നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം.

ചരിത്രം

സഹകരണപ്രസ്ഥാനത്തിന്റെ ആഗോളസംഘടനയായ അന്താരാഷ്ട്ര സഹകരണസഖ്യം ആഹ്വാനം ചെയ്തതനുസരിച്ച് 1923 മുതൽ അംഗരാഷ്ട്രങ്ങളിൽ എല്ലാ വർഷവും ജൂലായിലെ ആദ്യ ശനിയാഴ്ച സഹകരണദിനമായി ആചരിച്ചുവരികയാണ്. ജൂലായ് മാസം ഇന്ത്യയിൽ കാലവർഷവും അതിനെത്തുടർന്ന് കൃഷിപ്പണിയും ആരംഭിക്കുന്നതിനാലാണ് വിളവെടുപ്പുകാലമായ നവംബറിൽ സഹകരണ വാരാഘോഷം സംഘടിപ്പിക്കാൻ തീരുമാനമായത്. നവംബർ 14 മുതൽ 20 വരെയാണ് വാരാഘോഷം.

1904ൽ, 112 വർഷത്തിന് മുമ്പാണ് ഇന്ത്യയിൽ ഔപചാരികമായ രീതിയിൽ സഹകരണപ്രസ്ഥാനം ആരംഭിക്കുന്നത്. 1904ലെ സഹകരണ വായ്പാസംഘം നിയമം നമ്മുടെ രാജ്യത്ത് കാർഷികമേഖലയിൽ വായ്പാസംഘങ്ങൾ ആരംഭിക്കാൻ നിയമപരമായ അടിത്തറ നല്‍കി. അക്കാലത്ത് ഇന്ത്യയിലെ ഗ്രാമീണ ദരിദ്രകർഷകരുടെ സാമ്പത്തിക അത്താണിയായാണ് കാർഷികവായ്പ സഹകരണ സംഘങ്ങൾ രൂപം കൊള്ളുന്നത്. അന്ന് രാജ്യത്തിന്റെ പൊതുഅവസ്ഥ വളരെ ദയനീയമായിരുന്നു. സാമ്പത്തിക, സാമൂഹിക അസമത്വവും കൊടിയ ചൂഷണവും. പട്ടിണിയും മാരകരോഗങ്ങളും. ജന്മി - നാടുവാഴി സമ്പ്രദായത്തിന് കീഴിൽ ഒരുവിധ അധികാര - അവകാശങ്ങളുമില്ലാതെ ഭൂരിപക്ഷജനതയുടെ ദുസഹമായ ജീവിതം. ഈയൊരു അവസ്ഥയിൽ നിന്ന് നാടിനെ മോചിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുമുള്ള ഉപാധിയായാണ് സഹകരണ പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നത്.

ഇന്ന് ഇന്ത്യയിലെ സഹകരണപ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണ്. ആറുലക്ഷത്തോളം സഹകരണസംഘങ്ങളിലായി 40 കോടിയിലേറെ അംഗങ്ങൾ ഈ പ്രസ്ഥാനത്തിലുണ്ട്. രാജ്യത്തെ 100 ശതമാനം ഗ്രാമങ്ങളിലും സഹകരണസ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നത് വലിയ നേട്ടമാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഈ പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളാണ് എന്നതാണ് പ്രത്യേകതയും ഈ സംവിധാനത്തിന്റെ ജനകീയതയും.

ഈ നേട്ടങ്ങൾക്കിടയിലും രാജ്യത്തെ 20 ശതമാനത്തിലേറെ ജനങ്ങൾ ഇപ്പോഴും ദാരിദ്യ്രത്തിലാണ് ജീവിക്കുന്നത് എന്ന വസ്തുത നാം കാണണം. ഇവരെക്കൂടി മികച്ച ജീവിതനിലവാരത്തിലേക്ക് കൊണ്ടുവരാൻ സഹകരണപ്രസ്ഥാനത്തിന് കഴിയണം. അതിനുവേണ്ട സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾ ഒരുക്കിക്കൊടുക്കണം. എന്നാൽ മാത്രമേ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സുസ്ഥിരവികസനം സാദ്ധ്യമാകൂ.

വെല്ലുവിളികളെ അതിജീവിച്ച് കേരളം

ആഗോളവത്കരണ നയം നടപ്പാക്കാൻ ആരംഭിച്ച 1990കൾ മുതൽ രാജ്യത്തെ സഹകരണ പ്രസ്ഥാനം വിവിധ രീതിയിലുള്ള വെല്ലുവിളി നേരിടുന്നുണ്ട്. സഹകരണ മേഖലയ്ക്ക് കേന്ദ്രം നല്‍കിയിരുന്ന പിന്തുണ ഘട്ടംഘട്ടമായി കുറഞ്ഞുവന്നു. ഇതോടൊപ്പം പല ആനുകൂല്യങ്ങളും എടുത്തുമാറ്റി. സാധാരണജനങ്ങളുടെ താത്‌പര്യങ്ങൾ വിസ്മരിച്ചു.

ഇതോടെ, സഹകരണപ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ കുറവുണ്ടായി എന്നത് യാഥാർത്ഥ്യമാണ്. കേരളം ഒരുപരിധിവരെ ഈ വെല്ലുവിളിയെ അതിജീവിച്ചുവെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. മാറിമാറി വന്ന ഇടതു - വലതും സർക്കാരുകൾക്ക് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാം.

സംസ്ഥാനത്തിന്റെ പശ്ചാത്തലവികസന പദ്ധതികളിൽ സഹകരണമേഖലയെ ഫലപ്രദമായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിരുന്നു. ഉത്പാദനമേഖലയുടെ വളർച്ചയിലൂടെ മാത്രമേ നമുക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ കഴിയൂ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജനങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗം ഉറപ്പാക്കാനും കഴിയണം. സഹകരണമേഖലയ്ക്കാണ് ഇതിൽ ഫലപ്രദമായി ഇടപെടാൻ കഴിയുക.

കുപ്രചാരണങ്ങളെ പ്രതിരോധിക്കണം

കേരളം വിവിധ മേഖലകളിൽ ഇന്ത്യക്ക് മാതൃകയാണെന്ന് ആഗോളാടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. സഹകരണ മേഖലയിലും നമ്മൾ മുൻപന്തിയിൽ നില്‍ക്കുന്നു. പ്രത്യേകിച്ച് സഹകരണവായ്പ മേഖലയിൽ. നമ്മുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് സഹകരണബാങ്കിംഗ് മേഖല. ഈ മേഖലയുടെ വളർച്ചയിലും സ്ഥിരതയിലും അസ്വസ്ഥത പുലർത്തുന്ന സ്വകാര്യ മൂലധനശക്തികളും അതിന് പിന്തുണ നല്‍കുന്നവരും എങ്ങനെയെല്ലാം നമ്മുടെ സഹകരണബാങ്കിംഗ് മേഖലയെ ദുർബലപ്പെടുത്താനാകുമെന്ന ചിന്തയിലും തുടർനടപടികളിലുമാണ്. നമ്മൾ കള്ളപ്പണത്തെയോ സംശയാസ്പദമായ ഇടപാടുകളെയോ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, ഈ മേഖലയിൽ മൊത്തം കുഴപ്പമാണ്, കള്ളപ്പണം വെളുപ്പിക്കലാണ് എന്ന രീതിയിലുള്ള കുപ്രചാരണങ്ങൾ ഭൂരിപക്ഷം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. അത് എതിർക്കപ്പെടണം. സഹകരണ വാരാഘോഷത്തിന്റെ ഈ നാളുകൾ, കേരളത്തിലെ സഹകരണമേഖലയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും ഈ മേഖലയ്ക്കുണ്ടാകുന്ന ഏത് വെല്ലുവിളികളെയും ആത്മധൈര്യത്തോടെ നേരിടുമെന്ന പ്രഖ്യാപിക്കാനും കേരളജനതയ്ക്ക് കഴിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CO-OPERATIVE BANK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.