SignIn
Kerala Kaumudi Online
Sunday, 28 April 2024 4.33 AM IST

സി.പി.എമ്മിലെ പ്രതിച്ഛായാ ചർച്ച

vivadavela

രണ്ടാം പിണറായി സർക്കാർ മുഖംമിനുക്കലിലേക്ക് കടക്കുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളിലാണ് ഇതേപ്പറ്റി കൂലങ്കഷമായ ചർച്ച നടന്നത്. ഒടുവിൽ മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കർമ്മപരിപാടി ആവിഷ്കരിച്ചാണ് പിരിഞ്ഞത്. മന്ത്രിമാർക്ക് വേണ്ട ഉപദേശ,നിർദ്ദേശങ്ങൾ നൽകാൻ മുഖ്യമന്ത്രിയെ തന്നെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാധാകൃഷ്ണനും ഒഴികെ സി.പി.എമ്മിന്റെ മന്ത്രിമാരെല്ലാവരും മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്. സി.പി.ഐയുടെ നാലുപേരും പുതുമുഖങ്ങൾ. പരിചയക്കുറവ് ഒരു പ്രശ്നമാകാമെന്ന അഭിപ്രായം സി.പി.എമ്മിൽ ഉയരുകയുണ്ടായി. മുഖ്യമന്ത്രി പക്ഷേ അത് അതേപടി ഉൾക്കൊണ്ടില്ല. പരിചയക്കുറവ് ഒരു വിലങ്ങുതടിയായി അദ്ദേഹം കാണുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയ്ക്കും ആദ്യവർഷങ്ങളിൽ ബാലാരിഷ്ടത ഉണ്ടായിരുന്നെന്ന് അദ്ദേഹം വിലയിരുത്തുന്നു. അവസാന വർഷങ്ങളിലാണ് ഉഷാറായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് സി.പി.എം എന്ന് വ്യക്തമാക്കുന്നതായിരുന്നു സി.പി.എമ്മിന്റെ കഴിഞ്ഞ നേതൃയോഗങ്ങൾ. അരയും തലയും മുറുക്കി കാലേകൂട്ടി അവർ തയാറെടുക്കുന്നു. ദേശീയ രാഷ്ട്രീയസ്ഥിതിഗതികളാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. പാർലമെന്ററിതലം നോക്കിയാൽ ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രതീക്ഷാ തുരുത്തായിരുന്ന കേരളത്തിൽ അവർ തകർന്നവശരായി. 20ൽ ആകെ ഒരു സീറ്റ് ജയിച്ചു. ആലപ്പുഴയിൽ എ.എം. ആരിഫ്. കേരള കോൺഗ്രസ്-എമ്മിന്റെ പ്രതിനിധി തോമസ് ചാഴിക്കാടൻ കോട്ടയത്ത് അന്ന് വിജയിച്ചത് യു.ഡി.എഫിന്റെ പ്രതിനിധിയായിട്ടാണ്. പിന്നീട് ആ പാർട്ടി ഇടതുമുന്നണിയിലേക്ക് മാറിയതിനാൽ സാങ്കേതികമായി ലോക്‌സഭയിൽ രണ്ടംഗങ്ങൾ എന്ന് പറയാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളെയും കൂട്ടിച്ചേർത്താൽ രണ്ടക്കം തികയില്ല. ഈയവസ്ഥ 2024ൽ മാറ്റിയെടുക്കണം. അതിന് സി.പി.എമ്മിനെ ഏറ്റവും കൂടുതൽ സഹായിക്കാനാവുന്ന ഇടം കേരളമാണ്. അതിന് തയാറെടുക്കണമെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണം. ജനക്ഷേമ പരിപാടികൾ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വാരിക്കോരി നടപ്പാക്കിയതിന്റെ ഗുണമുണ്ടായത് 2021ലെ നിയമസഭാതിരഞ്ഞെടുപ്പിലാണ്. അതും മുഖ്യമന്ത്രിയുടെ സോഷ്യൽ എൻജിനിയറിംഗുമാണ് ആ തിരഞ്ഞെടുപ്പിൽ ഫലിച്ചത്. പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ജനമനസ്സിൽ നിന്ന് ചോർന്നുപോകുന്ന വിധത്തിൽ പ്രചരണതന്ത്രങ്ങൾ മെനയാനുമായി. സ്വർണക്കടത്ത് കേസൊക്കെ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും ഇടതുപക്ഷം വൻതിളക്കത്തോടെ ജയിച്ചുകയറി. 2016ലേക്കാൾ ഭൂരിപക്ഷമുണ്ടായി.

രണ്ടാം പിണറായിസർക്കാരിനെ അലട്ടുന്ന പ്രധാനപ്രശ്നം സാമ്പത്തികപ്രതിസന്ധിയാണ്. കൊവിഡ് മഹാമാരിയും മറ്റും തീർത്ത ദുരിതക്കടൽ താണ്ടിവരുന്നതേയുള്ളൂ രാജ്യം. കേന്ദ്രസർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടുന്നില്ലെന്ന പരാതി കേരളസർക്കാരിനുണ്ട്. ജി.എസ്.ടി വന്നുവന്ന് നഷ്ടക്കച്ചവടമായി മാറുന്നുവെന്ന തോന്നൽ ശക്തം. എന്നാൽ അതിലുപരി, മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനമാണ് കൂടുതൽ മുഴച്ചുനിൽക്കുന്നത്. പൊതുസമൂഹത്തിനും തൃപ്തി പോരെന്ന തോന്നൽ ശക്തം. രണ്ടാം പിണറായി സർക്കാർ ജനം അർപ്പിച്ച പ്രതീക്ഷയ്ക്കൊത്തുയരാൻ കഠിനാദ്ധ്വാനം വേണ്ടിവരും.

മുഖ്യമന്ത്രിയും പൊലീസും

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം മുൻ സർക്കാരിലേതെന്ന പോലെ ഇത്തവണയും ഏറെ പഴി കേൾപ്പിക്കുന്നുണ്ട്. അതിന് പുറമേ, മുഖ്യമന്ത്രിയുടെ സഞ്ചാരം പൊതുജനത്തിന് പൊല്ലാപ്പായി മാറുന്നെന്ന വിമർശനവും ശക്തം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ മുഖ്യമന്ത്രിയുടെ സഞ്ചാരം നാട്ടുകാർക്ക് പൊല്ലാപ്പുണ്ടാക്കിക്കൊണ്ടിരുന്നതാണ്. മുഖ്യമന്ത്രി പോകുന്ന വഴിയാകെ കൊട്ടിയടച്ച് സുഗമമായ സഞ്ചാര സൗകര്യമൊരുക്കുകയും പതിനഞ്ച് പൊലീസ് അകമ്പടി വാഹനങ്ങളോടെ രാജകീയമായി അദ്ദേഹം യാത്ര ചെയ്യുകയും ചെയ്യുന്ന കാഴ്ച ഇടതുപക്ഷമനസ്സുകൾക്ക് ദഹിക്കുന്നില്ല. പൊലീസ് നിരത്തുന്ന സുരക്ഷാകാരണങ്ങൾ അതേപടി കണ്ണടച്ച് അംഗീകരിച്ച് കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് വേണം കരുതാൻ. അദ്ദേഹം പൊതുജനത്തെപ്പറ്റി ചിന്തിക്കുന്നേയില്ലേ? ഒരു ഇടതുപക്ഷമുഖ്യമന്ത്രിയുടെ ഈ രീതിയിലുള്ള പോക്ക് മര്യാദയല്ലെന്ന് പലരും പറയുന്നു. ഇപ്പോൾ നടന്നുവരുന്ന സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലുയരുന്ന വിമർശനങ്ങളിൽ അധികവും ഇതുസംബന്ധിച്ചാണ്.

പുതുമുഖ മന്ത്രിമാരുടെ പരിചയക്കുറവിനേക്കാൾ മുഖ്യമന്ത്രിയുടെ സ്വന്തം പൊലീസ് ഭരണത്തിലെ അതൃപ്തിയാണ് നാൾക്കുനാൾ കൂടിവരുന്നത്. ഇതെങ്ങനെ മറികടക്കുമെന്നത് ഒരു ചോദ്യം തന്നെയാണ്. ഒന്നാം പിണറായി സർക്കാരിലേത് പോലെയല്ല ഇപ്പോൾ കാര്യങ്ങളെന്ന് വേണം കരുതാൻ. ജനങ്ങളുടെ അതൃപ്തിയെ ഇടതുപക്ഷത്തിന് നിസ്സാരമായി തള്ളാനാവില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതു പോലൊരു മുന്നേറ്റം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സാധിക്കുമോ? കാത്തിരുന്ന് കാണണം.

ശബരിമലയും ലോക്‌സഭയും

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഒന്നാം പിണറായി സർക്കാരിന്റെ പ്രതിച്ഛായ അത്ര മോശമൊന്നുമായിരുന്നില്ല. മഹാപ്രളയ കാലത്തെ കരുതലൊക്കെ പ്രശംസ പിടിച്ചുപറ്റി. ഓഖി ദുരന്തമുണ്ടായപ്പോൾ പെട്ടെന്നുള്ള ഇടപെടലുണ്ടായില്ലെന്ന വിമർശനം ഉയർന്നെങ്കിലും അതിനെ വേഗത്തിൽ തരണം ചെയ്യാനായി. അലൻ, താഹ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതും മാവോയിസ്റ്റ് വേട്ടയുമൊക്കെ വിവാദമുണ്ടാക്കി അടങ്ങി. സർക്കാർ മൊത്തത്തിൽ വലിയ പരിക്കില്ലാതെ നീങ്ങുകയായിരുന്നു.

എന്നാൽ ശബരിമല യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ കോലാഹലങ്ങൾ ഇടതുപക്ഷത്തിന് തിരിച്ചടിയായി. ശബരിമലവിധി നടപ്പാക്കാനെടുത്ത തീരുമാനം ഇടതുസർക്കാരിന്റെ പുരോഗമനമുഖം വിളിച്ചറിയിക്കുന്നതായിരുന്നു. പക്ഷേ, അതിനെതിരെ ഒട്ടും പ്രതീക്ഷിക്കാതെ ഉയർന്ന നാമജപ സമരവും റെഡി ടു വെയ്റ്റ് പ്രചരണവുമൊക്കെ കാര്യങ്ങളെ മൊത്തം അട്ടിമറിച്ചു. സർക്കാരിന് അപ്രതീക്ഷിത തിരിച്ചടിയാവുന്ന നിലയായി. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കാനെത്തിയതും യു.പി.എ വീണ്ടും അധികാരമേറുമെന്ന തോന്നൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്നതുമെല്ലാം തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിച്ചിട്ടുണ്ട്. ഫലത്തിൽ ഇടതുപക്ഷം തകർന്നടിഞ്ഞു. അതിൽനിന്നുള്ള ഉയിർത്തെഴുന്നേല്പായിരുന്നു 2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പും 21ലെ നിയമസഭാ തിരഞ്ഞെടുപ്പും. രണ്ടിലും വൻമുന്നേറ്റത്തിന് വഴിയൊരുക്കിയത് കൊവിഡ് കാലത്തെ ക്ഷേമപ്രവർത്തനങ്ങളും സർക്കാർ അധികാരമേറ്റപ്പോൾ മുതൽ കാര്യക്ഷമമായി നടപ്പാക്കിവന്ന ക്ഷേമപെൻഷൻ വിതരണവുമൊക്കെയാണ്. ഇന്നിപ്പോൾ സാമ്പത്തികപ്രതിസന്ധി മൊത്തത്തിൽ ഒരു വിലങ്ങുതടിയായി സർക്കാരിനെ വലയ്ക്കുന്നുണ്ട്.

പ്രതിച്ഛായ ചർച്ചയും

കരുണാകരന്റെ കാലവും

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1986 കാലത്ത് കോൺഗ്രസിൽ ഉയർന്നുവന്നിരുന്നു പ്രതിച്ഛായാ ചർച്ച. ഏതാണ്ട് അതുപോലെ സി.പി.എമ്മിലെ ചർച്ചയെ വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ കോൺഗ്രസിലെ പോലെ അന്നത്തെ മുഖ്യമന്ത്രിക്കെതിരായ സംഘടിതനീക്കം ഇവിടെ സി.പി.എമ്മിലില്ല. സംഘടിതം പോയിട്ട് അങ്ങനെയൊരു നീക്കമേ ഉണ്ടെന്ന് പറയാനാവില്ല. എന്നിരുന്നാലും മന്ത്രിസഭയ്ക്കെതിരെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ സി.പി.എം നേതൃയോഗത്തിൽ വിമർശനമുയർന്നു എന്നത് നിസ്സാരമായി തള്ളാനാവില്ല.

ആഭ്യന്തരമന്ത്രിയായിരുന്ന വയലാർരവിയിൽ നിന്ന് ആഭ്യന്തരമെടുത്തുമാറ്റി അദ്ദേഹത്തിന് ജലസേചന വകുപ്പ് കൈമാറാനുള്ള നീക്കം നടന്നത് 1985ലായിരുന്നു. മുഖ്യമന്ത്രിയായ കരുണാകരൻ പൊലീസ് കാര്യങ്ങളിൽ കൈകടത്തുന്നുവെന്ന തോന്നൽ രവിക്കുണ്ടായതും അദ്ദേഹം ഉടക്കാൻ തുടങ്ങിയതുമെല്ലാം കോൺഗ്രസിലെ പോരിന് ആക്കം കൂട്ടി. അതോടൊപ്പമാണ് എ ഗ്രൂപ്പ് പ്രതിച്ഛായാചർച്ച ഉയർത്തി വിട്ടത്. സർക്കാരിന്റെ മുഖം മിനുക്കണം. 87ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിന് മുമ്പായി നന്നാവണമെന്ന ചർച്ച എ ഗ്രൂപ്പ് സജീവമാക്കി. കോൺഗ്രസ് പാർട്ടിയിൽ കരുണാകരന്റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ എ ഗ്രൂപ്പ് കച്ചകെട്ടുന്നത് അപ്പോൾ മുതലാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്.

ജലസേചനമന്ത്രിയായിരുന്ന എം.പി. ഗംഗാധരൻ മകളുടെ വിവാഹത്തെ ചൊല്ലിയുയർന്ന വിവാദത്തിൽ രാജിവയ്ക്കേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്. മന്ത്രിസഭയിലെ അഴിച്ചുപണിക്കുള്ള വഴി അങ്ങനെ ഒരുങ്ങി. രമേശ് ചെന്നിത്തലയും തച്ചടി പ്രഭാകരനും മന്ത്രിമാരായി. വയലാർരവിയും ഒഴിഞ്ഞു. 87ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ല. എൽ.ഡി.എഫ് വിജയിച്ചത് അത്ര വലിയ ഭൂരിപക്ഷത്തിലൊന്നുമല്ല.

അന്നത്തെ പ്രതിച്ഛായാചർച്ചയെ ഓർമ്മിപ്പിക്കുന്ന സ്ഥിതി ഇപ്പോഴത്തെ സി.പി.എം ചർച്ചയ്ക്ക് ശേഷവുമുണ്ടായി. അത് മന്ത്രിസഭയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ്. കോൺഗ്രസല്ല, സി.പി.എം എന്ന വ്യത്യാസമുണ്ടെന്ന് മാത്രം.

സി.പി.എമ്മിനെ അലട്ടുന്ന പ്രശ്നങ്ങൾ ഏറെയുണ്ടിപ്പോൾ. സർക്കാരിന്റെ മുഖച്ഛായ മാറ്റിയെടുക്കുകയെന്നത് തന്നെയാണ് പ്രധാനം. ഇപ്പോൾ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കാനൊരുങ്ങുന്നു. ലോകായുക്ത നിയമഭേദഗതി ബില്ലിനോട് സി.പി.ഐയുടെ ഉടക്ക് ഒരു തലവേദനയായുണ്ട്. പ്രതിപക്ഷത്തിന് അതായുധമാണ്. സി.പി.എം- സി.പി.ഐ ചർച്ചയിൽ മഞ്ഞുരുകിയേക്കാം.

ദേശീയതലത്തിൽ സി.പി.എമ്മും സി.പി.ഐയും എക്കാലത്തെയും വലിയ യോജിപ്പോടെയാണ് നീങ്ങുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദമാണ് കാരണം. കേരളത്തിലും അതിന്റെ പ്രതിദ്ധ്വനിയുണ്ടാകുന്നു. സി.പി.ഐ അങ്ങനെ കാര്യമായി പരസ്യവിമർശനമുയർത്തി സി.പി.എമ്മിനെയും സർക്കാരിനെയും വെട്ടിലാക്കുന്നില്ല. പക്ഷേ സമ്മേളനകാലത്ത് അവരുടെ അണികളെ തൃപ്തിപ്പെടുത്തണം. അതിന് സി.പി.ഐയ്‌ക്ക് വ്യക്തിത്വമുയർത്തിപ്പിടിക്കണം. ഇതൊക്കെ വലിയൊരു അസ്തിത്വ പ്രതിസന്ധിയാണ്.

സി.പി.എമ്മും സി.പി.ഐയും തമ്മിലെ വലിയ യോജിപ്പും 2021ലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അതിന് ഭംഗം വരാതിരിക്കലും പ്രധാനമാണ്. കോൺഗ്രസിനും ലോക്‌സഭാ തിരഞ്ഞെടുപ്പ് ജീവൽപ്രധാനമാണെന്ന് തിരിച്ചറിയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.