SignIn
Kerala Kaumudi Online
Friday, 26 April 2024 11.32 AM IST

കേരളത്തിന്റെ മേൽക്കൈ ഉറപ്പിച്ച് പാർട്ടി കോൺഗ്രസ്

photo

പാർട്ടിക്കകത്ത് എല്ലാ അർത്ഥത്തിലും കേരളത്തിന്റെ രാഷ്ട്രീയ മേൽക്കൈ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടിയിറങ്ങുന്നത്. അംഗത്വത്തിന്റെ കാര്യത്തിലടക്കം സംഘടനാശക്തിയിൽ കേരളം ഉയർന്നു നിൽക്കുമ്പോൾ നേരത്തേ പാർട്ടിയിൽ ഏറ്റവും വലിയ ശക്തിയായി നിലകൊണ്ടിരുന്ന പശ്ചിമബംഗാൾ ഘടകം തീർത്തും ദുർബലം. കേരളത്തിലെ ഇടതുപക്ഷസർക്കാരിന്റെ നേട്ടങ്ങളെ ബദൽമാതൃകയായി ഉയർത്തിപ്പിടിച്ച പാർട്ടി കോൺഗ്രസ്, കേരള സർക്കാരിനെ അഭിവാദ്യം ചെയ്ത് പ്രത്യേക പ്രമേയവും പാസാക്കി. രാഷ്ട്രീയപ്രമേയത്തിലും കേരളസർക്കാരിന്റെ ബദൽ നേട്ടങ്ങൾ വിവരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ രാജ്യത്താകെ അംഗത്വത്തിന്റെ കാര്യത്തിൽ സി.പി.എമ്മിന് ഇടിവാണ് സംഭവിച്ചത്. 2018 ൽ 10,07,903 അംഗങ്ങളുണ്ടായിരുന്നത് 2021ലെത്തിയപ്പോൾ 9,85,757 ആയി ചുരുങ്ങി. 22,144 പേരുടെ കുറവ്. എന്നാൽ 2018 ലും 2021 ലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാന ഘടകം കേരളമായി. 2018 ൽ 4,89,086 ഉം 2021ൽ 5,27,174ഉം ആണ് പാർട്ടി അംഗസംഖ്യ.
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന ചർച്ചകളിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിനിധികളിൽ പലരും പ്രകീർത്തിച്ചതും കേരളഘടകത്തിന് നേട്ടമായി.

ചർച്ചയിലുയർന്ന പൊതുവികാരം കൂടി കണക്കിലെടുത്താണ് ഇന്നലെ സമ്മേളനം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങളെ അഭിവാദ്യം ചെയ്ത് പ്രത്യേക പ്രമേയം പാസാക്കിയത്. കേരളസർക്കാരിന്റെ ചരിത്രപരവും വേറിട്ടതുമായ നേട്ടങ്ങളെയും അതിന് രാഷ്ട്രീയ വഴികാട്ടിയായ സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയെയും പ്രമേയം അഭിവാദ്യം ചെയ്തു. രാജ്യത്തെയും ലോകത്തെ തന്നെയും ഇടത്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ടവും കരുത്തും വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് കേരളത്തിലെ ഇടതുസർക്കാരെന്നാണ് പ്രമേയം വിലയിരുത്തിയത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പങ്കെടുപ്പിക്കുക വഴി രാഷ്ട്രീയപ്രമേയം ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ കൂട്ടായ്മയുടെ വിളംബരം നടത്താൻ കേരളഘടകം തന്നെ മുൻകൈയെടുത്തതും എടുത്തുപറയണം. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ വിലക്കിയിട്ടും കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിനെ സെമിനാർ വേദിയിലെത്തിച്ചത് കേരളഘടകത്തിന്റെ വെറും രാഷ്ട്രീയവിജയമല്ല. എന്തുകൊണ്ട് കോൺഗ്രസിനെ എതിർക്കണമെന്ന കേരള പാർട്ടിയുടെ നിലപാടിനെ ഉയർത്തിപ്പിടിക്കൽ കൂടിയാണ്.

അതേസമയം, കേരളസർക്കാർ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്ന സിൽവർലൈൻ പദ്ധതിയെ നേതൃത്വം ഒറ്റക്കെട്ടായി പിന്തുണയ്ക്കുമ്പോഴും പ്രതിനിധിചർച്ചകളിൽ ഉയർന്നുകേട്ട ഒറ്റപ്പെട്ട ആശങ്കകൾ കേരള ഘടകത്തിന് മുന്നറിയിപ്പാകുന്നുണ്ട്. നന്ദിഗ്രാം, സിംഗൂർ അനുഭവങ്ങളോട് തുലനം ചെയ്യാൻ പോലും ചില പ്രതിനിധികൾ തയ്യാറായി എന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയ അടവുനയം സംബന്ധിച്ച് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ കാര്യത്തിൽ ഹൈദരബാദിൽ നടന്നതുപോലൊരു തർക്കം കണ്ണൂരിലുണ്ടായിട്ടില്ല. കോൺഗ്രസിനോടുള്ള സമീപനത്തിൽ നേതൃത്വം ഒറ്റക്കെട്ടായി നിൽക്കുന്ന ചിത്രമാണ് കണ്ണൂരിലെത്തുമ്പോൾ. എന്നാൽ, കോൺഗ്രസിനെ പാടേ അകറ്റി നിറുത്തുകയെന്ന വികാരം കേരളത്തിൽ നിന്ന് പാർട്ടികോൺഗ്രസിന് മുന്നേ ഭേദഗതിയായി പോയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പാർട്ടി സമിതികളിൽ 75 വയസ്സ് പ്രായപരിധി കർശനമാക്കുമ്പോൾ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിയുന്ന ശക്തമായ മുഖം കേരളത്തിൽ നിന്നുള്ള എസ്. രാമചന്ദ്രൻ പിള്ളയുടേതാണ്. അതിന് പകരമായി എ. വിജയരാഘവൻ പി.ബിയിലെത്തിയേക്കാം. പാർട്ടി സെന്ററിന്റെ ഭാഗമായി നിന്ന എസ്.ആർ.പി ഒഴിയുമ്പോഴുണ്ടാകുന്ന മാറ്റം പാർട്ടിക്കകത്ത് ഏതുതരത്തിൽ പ്രതിഫലിക്കുമെന്നതും കാണേണ്ടകാര്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.