ദേശഭക്തിയും ക്ഷേത്രഭക്തിയും തമ്മിൽ ബന്ധമുണ്ടോ ? . കുഴയ്ക്കുന്ന ചോദ്യമാണ്. ചിലർ പറയും രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന്. മറ്റ് ചിലർക്ക് രണ്ടും രണ്ടാണ്. ഏതാണ് ശരിയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുപക്ഷവും തമ്മിൽ അമ്പലപ്പറമ്പിൽ തല്ലി നോക്കിയിട്ടും ആരും ജയിച്ചില്ല. തിരുവല്ലയ്ക്കടുത്ത് വള്ളംകുളം നന്നൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയ്‌ക്കിടെ ഈ രണ്ടു വാദക്കാരും തമ്മിൽ ഏറ്റുമുട്ടി. പരിഹാരം കണ്ടെത്താനാകാതെ തർക്കത്തിന്റെ കർട്ടൺ താഴ്ത്തി പ്രശ്നം അവസാനിപ്പിക്കാൻ ഉത്സവക്കമ്മറ്റി ശ്രമിച്ചപ്പോൾ, കർട്ടൺ വലിച്ചു കീറിക്കൊണ്ടാണ് ഒരു വിഭാഗം മടങ്ങിയത്.
ആർ.എസ്.എസ് പ്രവർത്തകരുടെ ഭരണ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രവും ഉത്സവകമ്മറ്റിയും. നമസ്ക്കരിപ്പൂ ഭാരതമങ്ങേ ... എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം ആർ.എസ്.എസ് ശാഖകളിലും പരിശീലന ശിബിരങ്ങളിലും പാടാറുണ്ട്. ഇതിനെ ഗണഗീതം എന്നും പറയും. ക്ഷേത്ര ഉത്സവത്തിന് ഈ ഗീതം പാടരുതെന്നാണ് സി.പി.എം പറയുന്നത്. ദേശഭക്തിഗാനം ക്ഷേത്ര ഉത്സവത്തിൽ പാടിയാൽ അതേ വേദിയിൽ വിപ്ലവഗാനവും പാടണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. ബലികുടീരങ്ങളേ .... എന്ന വിപ്ലവ ഗാനമാണ് അവരുടെ ചോര തിളപ്പിയ്‌ക്കുന്നത്. വിശറിക്കു കാറ്റു വേണ്ട എന്ന നാടകത്തിലെ ഗാനം രചിച്ചത് വയലാർ രാമവർമ്മയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുസമ്മേളന വേദികളിലൂടെ ഈ ഗാനം ജനകീയമായി.
നമസ്ക്കരിപ്പൂ എന്ന ദേശഭക്തി ഗാനവും ബലികുടീരങ്ങളെ എന്ന വിപ്ലവ ഗാനവും ഏറെ പ്രശസ്തമാണ്. ചേർച്ചയില്ലാത്ത രണ്ട് ആശയങ്ങളുടെ രണ്ടു വഴികളിലൂടെയുള്ള മുന്നോട്ടുള്ള ഗതികൾക്ക് ഊർജം പകരുന്നതാണ് ഇവ രണ്ടും . നാടിന്റെ ഐക്യവും പുരോഗമനവുമാണ് രണ്ട് ഗാനങ്ങളുടെയും സത്ത. പക്ഷേ, ഒന്നിനോടൊന്ന് ചേരില്ലെന്ന് മാത്രം.
തിരുവല്ല ക്ഷേത്രത്തിലെ ഉത്സവത്തിൽ ആർ.എസ്.എസ് ഗണഗീതം പാടിയപ്പോൾ എതിർപ്പുയർന്നില്ല. ഗാനമേള തീരുന്നതിന് മുൻപ് ബലികുടീരങ്ങളെ കൂടി പാടണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യമുന്നയിക്കുകയായിരുന്നു. അതിൽ തെറ്റില്ല. വിപ്ളവഗാനം പാടാനുള്ള വേദിയല്ല അമ്പലപ്പറമ്പ് എന്ന് ആർ.എസ്.എസ് വാദിച്ചാൽ അംഗീകരിക്കാനാവില്ല. ദേശഭക്തി ഗാനം പാടാമെങ്കിൽ എന്തുകൊണ്ട് വിപ്ലവഗാനം ആയിക്കൂടാ എന്ന ചോദ്യം ന്യായമാണ്. ക്ഷേത്രവിശ്വാസികളിൽ വിപ്ലവ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. എല്ലാ വിശ്വാസികളുടേതും കൂടിയാണ് ദേവാലയങ്ങൾ. ദേശഭക്തിയുള്ളവർക്കേ ക്ഷേത്രങ്ങളിൽ സ്ഥാനമുള്ളൂ എന്ന് ശഠിക്കാനാകില്ല. അവർക്ക് ഇഷ്ടമുള്ളതേ ക്ഷേത്രങ്ങളിൽ പാടാനും പറയാനും പാടുള്ളൂ എന്ന നിലപാട് ഏകാധിപത്യത്തിന്റേതാണ്.
ക്ഷേത്രഭരണം പിടിച്ചെടുക്കണമെന്ന് ആർ.എസ്.എസ് ശാഖകളിൽ പഠിപ്പിക്കുന്നില്ലെന്നാണ് നേതാക്കൾ പറയാറുള്ളത്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ നേരിട്ട് ഇടപെടണമെന്ന് പറയുന്നുമില്ല. ആർ.എസ്.എസിനെ ഏല്‌പിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണം ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘപരിവാർ സംഘടനയാണ് നടത്തുന്നത്. ക്ഷേത്രഭരണം കൈയാളണമെന്ന് സി.പി.എമ്മിനും നിലപാടില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ദീപം തെളിച്ചുവച്ച വിളക്കുകൾ തട്ടിത്തെറിപ്പിച്ച പാരമ്പര്യം അവർക്കുണ്ടത്രേ. കാലം മാറിയപ്പോൾ കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളായി. ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ഇടപെടലിനെ സി.പി.എം ശക്തമായി എതിർക്കുന്നുമുണ്ട്. എന്നാൽ, സി.പി.എം ശക്തി കേന്ദ്രങ്ങളിലെ ക്ഷേത്രങ്ങളുടെ ഭരണം പാർട്ടിയുടെ കൈകളിലാണ്. സംഘപരിവാറിനെ അകറ്റി നിറുത്തുകയാണ് അവരുടെ ലക്ഷ്യം. അവിടെ വിപ്ലവഗാനം പാടിയാൽ ദേശഭക്തി ഗാനവും പാടണമെന്ന ആവശ്യം ഉയർന്നാൽ അതും ന്യായമാണ്.
ഈശ്വരഭക്തിയുടേയും ഒരുമയുടേയും വേദികളാകേണ്ട ക്ഷേത്രങ്ങളിൽ രാഷ്ട്രീയസിദ്ധാന്തങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി അരങ്ങേറുകയാണെന്ന് ആക്ഷേപമുണ്ട്.
ക്ഷേത്രങ്ങൾ വിഗ്രഹാരാധനയുടെ മാത്രം കേന്ദ്രങ്ങളല്ല. കലയുടെയും സംസ്ക്കാരത്തിന്റെയും സംഗമസ്ഥാനങ്ങൾ കൂടിയാണ്. കലയ്ക്ക് ജാതിയും മതവുമില്ല. ക്ഷേത്രകലകൾക്ക് പൗരാണിക കാലം മുതൽ ഭാരതത്തിൽ വലിയ സ്ഥാനമുണ്ട്. ആ പാരമ്പര്യം തുടർന്നു പോരുമ്പോൾ ദേശഭക്തിഗാനം ക്ഷേത്രങ്ങളിൽ പാടുന്നത് തെറ്റല്ല. അതേ വേദിയിൽ വിപ്ലവപാട്ടുകൾ പാടിയാൽ ദൈവം ഇറങ്ങിപ്പോകുമെന്ന് കരുതേണ്ട.
തിരുവല്ലയിൽ നടന്ന ഉത്സവപരിപാടിയിൽ വിപ്ലവഗാനം പാടാതിരുന്നതിന് കർട്ടൺ വലിച്ചുകീറിയത് പൊലീസ് സാന്നിദ്ധ്യത്തിലാണ്. സ്റ്റേജിന് മുന്നിൽ സംഘർഷമുണ്ടായപ്പോൾ കലാപരിപാടി ആസ്വദിക്കുന്ന ലാഘവത്തോടെയായിരുന്നു പൊലീസിന്റെ നിൽപ്പ്. നാശനഷ്ടമുണ്ടായത് സംഘാടകർക്കല്ല. കലാപരിപാടി നടത്താൻ കർട്ടൺ നൽകിയവർക്കാണ്. കൊവിഡ് വരുത്തിയ കഷ്ടപ്പാടിൽനിന്ന് കരകയറി വന്നവരുടെ സാധന സാമഗ്രികളാണ് നശിപ്പിച്ചത്. അവർക്ക് ആര് നഷ്ടപരിഹാരം നൽകും. ക്ഷേത്ര ഉത്സവങ്ങളിൽ അടിപിടി പതിവാണ്. കലാപരിപാടി അവസാനിക്കുമ്പോഴേക്കും എല്ലാവരും പിരിയും
കലകൾ അരങ്ങേറേണ്ട വേദി തകർക്കുന്ന കാടത്തമാണ് തിരുവല്ലയിലെ ക്ഷേത്രമുറ്റത്ത് നടന്നത്. അക്രമികൾക്കെതിരെ നടപടി എടുക്കാൻ ഉത്തരവാദിത്വമുള്ള പൊലീസിന്റെ കൈകൾ പിന്നിൽനിന്ന് കെട്ടിയിരിക്കുകയാണ്. ഗാനമേള ട്രൂപ്പുകാർ സുരക്ഷിതമായി സ്ഥലം വിടുകയായിരുന്നു. ആളുകൾ ആവശ്യപ്പെടുന്ന പാട്ടുകൾ പാടുന്നവർ ഏറുകൊള്ളാതെ രക്ഷപെട്ടോടുന്ന സാഹചര്യം ഒഴിവാക്കേണ്ടത് സംഘാടകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |