SignIn
Kerala Kaumudi Online
Saturday, 27 April 2024 12.40 AM IST

കണ്ണ് തുറപ്പിച്ച കൊവിഡ്

photo

പാലിന്റെ മൂല്യവർദ്ധിത ഉത്‌പന്നങ്ങൾക്ക് വലിയ സാദ്ധ്യത കല്പിക്കാതിരുന്ന കേരളത്തിന്റെ കണ്ണുതുറപ്പിച്ചത് കൊവിഡാണ്. രാജ്യത്തെ മറ്റെല്ലാ സംരംഭങ്ങളും അടഞ്ഞുകിടന്നപ്പോഴും ഉത്പാദന മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു മൃഗസംരക്ഷണ - ക്ഷീരമേഖല. ധാരാളമാളുകൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിനാൽ സർക്കാർ ഉൗർജ്ജിത പരിപാടികൾ ആസൂത്രണം ചെയ്തു. ഇതിന്റെ ആദ്യപടിയാണ് കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ സംസ്ഥാന പ്രത്യേക പ്രതിനിധിസംഘം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയത്.

സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമാണ്. കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തനത് വംശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ കേരളത്തിന്റെ സ്വന്തം ജനുസുകളായ വെച്ചൂർ, കാസർകോട് കുള്ളൻ, കുട്ടമ്പുഴ കുള്ളൻ, ചെറുവള്ളി പശു, വില്വാദ്രി എന്നീ ഇനം പശുക്കളെയും നാടൻ ഇനങ്ങളായി അംഗീകരിച്ച് പ്രത്യേക പരിഗണന നൽകാനുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. ഇവയുടെ പാലുത്‌പാദനം കൂട്ടാനുള്ള ഗവേഷണങ്ങൾക്ക് തുടക്കമായിട്ടുണ്ട്.

പാൽ വില കൂട്ടാതെ തന്നെ ഉത്‌പാദന ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന വൈയ്‌ക്കോലും ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ചുള്ള ടോട്ടൽ മിക്സഡ് റേഷനും ഉത്‌പാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കിയാൽ തീറ്റച്ചെലവ് വളരെ കുറയ്ക്കാം. ഇതിന് ദേശീയ ലൈവ് സ്റ്റോക്ക് മിഷൻ, മൃഗസംരക്ഷണ പശ്ചാത്തലവികസന ഫണ്ട് തുടങ്ങിയവയുടെ സഹായത്താൽ സംരംഭകരെ സഹായിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് നാലുലക്ഷത്തോളം പശുക്കൾ പ്രസവിക്കുന്നുണ്ട്. അവയിൽ

രണ്ട് ലക്ഷത്തോളം പെൺകിടാങ്ങളാണ് . അവയിൽ 30,000 കിടാങ്ങളാണ് പിന്നീട് പശുക്കളായി പാലുത്‌പാദനത്തിന് ലഭ്യമാകുന്നത്. യഥാസമയം ചികിത്സ കൊടുക്കാത്തത്, രോഗങ്ങൾ, കുട്ടികളെ വളർത്തി പശുവാക്കുന്നതിലുള്ള കർഷകരുടെ താത്‌പര്യമില്ലായ്മ എന്നിവയടക്കം നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. കൃത്യമായ പരിചരണം നൽകി നല്ല പശുക്കുട്ടികളെ വളർത്തിയെടുക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ പദ്ധതിയാണ്.

ദേശീയ കന്നുകാലി മിഷന്റെ ഭാഗമായി 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തിന് ലഭ്യമാക്കാനായി. മുഴുവൻ ബ്ളോക്ക് പഞ്ചായത്തുകളിലും ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നതാണ് ലക്ഷ്യം.

ശുദ്ധമായ പാലുത‌്‌പാദനം പ്രോത്സാഹിപ്പിക്കാൻ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിർമ്മാണവും നവീകരണവും ബയോഗ്യാസ് പ്ളാന്റുകളുടെ നിർമ്മാണം, പാൽ സൊസൈറ്റികളിൽ സോളാർ പവർ പ്ളാന്റ് നിർമ്മാണം, മീഥലിൻ ബ്ളൂ റിഡക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പാൽ ഉത്‌പാദിപ്പിക്കുന്ന ക്ഷീരകർഷകർക്ക് ഇൻസെന്റീവ്, അഫ്ളാടോക്സിൻ എം. 1ന്റെയും ആന്റിബയോട്ടിക്സിന്റെയും അവശിഷ്ടങ്ങൾ കൂടാതെ പാലുത്പാദിപ്പിക്കുന്ന ക്ഷീരകർഷകർക്ക് ആധുനിക ഇൻസെന്റീവ്, പ്രാദേശിക പാൽ യൂണിയനുകൾക്ക് നൂതന പാലുത്പാദന വികസനത്തിനും ഗവേഷണത്തിനും സാമ്പത്തിക സഹായം, മൊബൈൽ ഫുഡ് ട്രക്ക് ഉൾപ്പെടുന്ന കോൾഡ് ചെയിൻ സംവിധാനം മെച്ചപ്പെടുത്താൻ സാമ്പത്തിക സഹായം,എന്നിവ കൂടി കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസൽ നൽകാനും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്രമൃഗസംരക്ഷണ വകുപ്പ് മന്ത്രി പാർഷോത്തം രൂപലാ, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരസഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ, നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചാന്ദ് എന്നിവരെ സന്ദർശിച്ചു. പാലോട് വാക്സിൻ ഗവേഷണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുതൽ കാലിത്തീറ്റയുടെ വിലകുറയ്ക്കാൻ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്തു. അനുകൂല പ്രതികരണമാണ് ലഭിച്ചത് .

(ലേഖിക ക്ഷീരവികസന മന്ത്രിയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIARY DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.