SignIn
Kerala Kaumudi Online
Saturday, 27 April 2024 7.40 AM IST

വരാനിരിക്കുന്ന വരൾച്ചയെ നേരിടാൻ

varalcha

ആണ്ടുതോറും മലയാളിയെ തേടിയെത്തുന്ന വരൾച്ചയുടെ വറുതികൾ ഈ വർഷവും വരുമെന്നു തന്നെയാണ് കണക്കുകൾ പറയുന്നത്. 2016 ലെ കടുത്ത വരൾച്ചയ്ക്ക് ശേഷം നാം കൂടുതലും പ്രളയമാണ് അനുഭവിച്ചത്. എന്നാൽ ഈ വർഷം വേനൽ കനത്തതാകാനാണ് സാദ്ധ്യത. കഴിഞ്ഞ അറുപത് വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ മഴ ലഭിച്ച മാസങ്ങൾ കടന്നുപോയ ഉടനെ വരൾച്ചയും ജലക്ഷാമവും വരുന്നത് ഗൗരവമായി കാണേണ്ടതാണ്.

2022 ജനുവരി ഒന്നുമുതൽ നാളിതുവരെ ലഭിച്ച മഴയിൽ വലിയ കുറവാണുണ്ടായത്. കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ ഒഴികെ കാര്യമായ മഴക്കുറവാണ് അനുഭവപ്പെട്ടത്. 2021 ഒക്ടോബർ മുതൽ ഡിസംബർ 31 വരെ പെയ്ത മഴ വളരെ കൂടുതലായിരുന്നു. അതിശക്തമായ മഴ ലഭിച്ച നാട്ടിൽ മഴവെള്ളമെല്ലാം ഒഴുകി നഷ്‌ടമാകുന്നു എന്നത് പ്രധാന വെല്ലുവിളിയാണ്. ചരിഞ്ഞ ഭൂഭാഗങ്ങൾ, മണ്ണിലെ കനത്തിന്റെ കുറവ്, പാറയുടെ ഘടന, മണ്ണിൽ മഴവെള്ളം സ്വാഭാവികമായി കിനിഞ്ഞിറങ്ങാത്ത സാഹചര്യം, ഭൂവിനിയോഗ ക്രമങ്ങൾ, കാട്, കാവ്, വയൽ, തണ്ണീർത്തടങ്ങൾ, കുളങ്ങൾ, നദികൾ, തോടുകൾ എന്നിവയുടെ സംരക്ഷണത്തിലുണ്ടാകുന്ന വീഴ്ച എന്നിവയെല്ലാം കൂടിയാകുമ്പോൾ മഴ വന്നാൽ പ്രളയം വെള്ളപ്പൊക്കം ഉരുൾപൊട്ടലുകൾ എന്നതാണ് സ്ഥിതി. മഴയൊന്നു മാറിയാൽ വരൾച്ചയുടെ കേളികൊട്ട്. മൺസൂണിന്റെയും മഴയുടെയും സ്വന്തം ദേശത്തെ ജലസുരക്ഷാ വൈരുദ്ധ്യം നാമിനിയും കാണാതെ പോകരുത്. വേനൽമഴയിലെ കുറവ് പ്രതിസന്ധി രൂക്ഷമാക്കും. ആകെ വാർഷിക മഴയുടെ 10 ശതമാനം വേനൽക്കാലത്താണ് ലഭിച്ചുകൊണ്ടിരുന്നത്. ആ രീതികളെല്ലാം മാറിമറിഞ്ഞു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ മഴ എന്ന രീതിയിൽ കേരളം മാറിക്കഴിഞ്ഞു. ബംഗാൾ ഉൾക്കടലിനോടൊപ്പം അറബിക്കടലും വലിയ തോതിൽ ചൂടാവുകയാണ്. ആഗോള ചൂട് കൂടിയാകുമ്പോൾ സൂക്ഷ്മകാലാവസ്ഥയിൽ വലിയ പ്രശ്നങ്ങളാണ് രൂപപ്പെടുന്നത്. വരൾച്ച കൂടുമ്പോൾ കാട്ടുപന്നികളും മയിലുകളുമെല്ലാം നാട്ടിലെത്തുന്നു. വ്യാപകമായ വിളനാശം പ്രധാനപ്രശ്നമാണ്.

ആവാസവ്യവസ്ഥയിലെ സന്തുലനമാറ്റം വലിയ പ്രതിസന്ധികളാണുണ്ടാക്കുന്നത്. വേനൽക്കാലങ്ങളിൽ ലഭിക്കുന്ന മഴ പരമാവധി അതാതിടങ്ങളിൽ സംരക്ഷിക്കപ്പെടണം. പുരപ്പുറങ്ങളിൽ വീഴുന്ന ഏതൊരു ചെറിയ മഴയും കിണറുകളിലേക്ക് നിറയ്‌ക്കേണ്ടതാണ്. മണ്ണിലെ അഴുക്ക് വസ്തുക്കൾ, പ്ലാസ്റ്റിക് ഒഴികെയുള്ള ചപ്പുചവറുകൾ, ചെടികളുടെ ഇലകൾ, ചില്ലകൾ, എന്നിവ പറമ്പുകളിൽ വ്യാപകമായി നിരത്തിക്കൊണ്ടുള്ള പുതയിടൽ രീതി നല്ലൊരു ജലസംരക്ഷണ മാർഗമാണ്. മണ്ണിലെ ബാഷ്പീകരണത്തെ കുറയ്ക്കാനും വരുന്ന മഴയെ കരുതാനും ഈ രീതി വളരെ നല്ലതാണ്. വീഴുന്നിടത്ത് താഴട്ടെ മഴ എന്ന കാഴ്ചപ്പാടിൽ പരമാവധി വെള്ളത്തെ കഴിയുന്നിടത്തോളം കഴിയുന്ന രീതികളിൽ സംരക്ഷിക്കാനാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടത്.
ഒരു ഹെക്ടർ വനആവാസവ്യവസ്ഥ 32000 ഘനകിലോമീറ്റർ പ്രദേശത്തെ മഴയും 10 സെന്റ് വയൽ 16000 ലിറ്റർ മഴയും ഉൾക്കൊള്ളിക്കും. പർവതജന്യമായ മഴ ലഭിക്കുന്ന കേരളത്തിൽ മലനിരകൾക്കും ഇടനാടൻ കുന്നുകൾക്കും മഴയുടെ വരവിൽ വലിയ

സ്വാധീനമാണുള്ളത്. പ്രകൃതിവിഭവങ്ങളെയും ജലസ്രോതസുകളെയും നല്ല നിലയിൽ സുസ്ഥിരമായി നിലനിറുത്തേണ്ടതുണ്ട്. ഒഴുകുന്ന ജലത്തിന് തടസങ്ങൾ ഒരുക്കാൻ മഴക്കുഴികൾ, കയ്യാലകൾ, തടയണകൾ, എന്നിവയെല്ലാം കൊണ്ട് കഴിയുന്നതാണ്. രാമച്ചം പോലുള്ള ചെടികൾ കിണറിനു ചുറ്റിലും, കുളങ്ങൾ, പറമ്പുകൾ, എന്നിവിടങ്ങളിലും വച്ചുപിടിപ്പിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ജലസ്രോതസുകളുടെ സംരക്ഷണത്തിലും കിണർനിറ പോലുള്ള പദ്ധതികൾക്കും പ്രോജക്ട് എടുക്കാവുന്നതാണ്. ജലാശയങ്ങൾ സംരക്ഷിച്ചും ലഭിക്കുന്ന മഴയെ കരുതിയും വേനലുകളുടെ വറുതികളെ പരമാവധി ഒഴിവാക്കാവുന്നതാണ്. വേനൽക്കാലം ജലഅച്ചടക്കത്തിന്റെ കാലം. ശുദ്ധജലത്തിന്റെ വിനിയോഗത്തിൽ വലിയ അച്ചടക്കവും സ്വയം നിയന്ത്രണവും വേനൽക്കാലങ്ങളിൽ പ്രധാനമാണ്.

വേനൽക്കാലങ്ങളിൽ തുറന്ന കിണറുകളിൽ ഇരുമ്പ്, ഉപ്പുരസം, പി.എച്ച് വ്യത്യാസം, ഫ്ളൂറൈഡ്, ക്ലോറൈഡ് എന്നിവയിൽ വർദ്ധന ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കിണർനിറ പോലുള്ള മാർഗങ്ങൾ ഉപയോഗിച്ചാൽ ജലത്തിന്റെ ശുദ്ധി വർദ്ധിപ്പിക്കാം. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റു സംഘടനകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തെയും ജലഓഡിറ്റും ജലബഡ്ജറ്റും തയ്യാറാക്കണം. ഓൺലൈനിൽ ഉൾപ്പെടെ പരിശീലനങ്ങൾ നല്‌കാവുന്നതാണ്. വേനൽക്കാലങ്ങളിലും സാധാരണയായി ഇടമഴകൾ വരാറുണ്ട്. അവയെ പരമാവധി കരുതാനാണ് ഇനി നാം ശ്രദ്ധിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DROUGHT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.