SignIn
Kerala Kaumudi Online
Wednesday, 08 May 2024 12.52 AM IST

ദ്രൗപദി മുർമു ; ഒരു ചരിത്ര നിയോഗം

draupadi-murmu

മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ദ്രൗപദി മുർമു ആയിരിക്കും നമ്മുടെ അടുത്ത രാഷ്ട്രപതി. ജൂലായ് 18 നാണ് വോട്ടെടുപ്പ്. 21 ന് വോട്ടെണ്ണും. വിവിധ പ്രതിപക്ഷപാർട്ടികൾ കൂടിയാലോചിച്ച് മുൻ കേന്ദ്രമന്ത്രിയും നിലവിൽ തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അദ്ദേഹം കൊണ്ടുപിടിച്ച് പ്രചാരണവും നടത്തുന്നുണ്ട്. എങ്കിലും ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനാണ് മുൻകൈ. വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബഹുജൻ സമാജ് പാർട്ടി, ജനതാദൾ (എസ്) എന്നിവയും ശിവസേനയിലെ വിമത വിഭാഗവും ദ്രൗപദിയെ പിന്തുണയ്ക്കുന്നു. അങ്ങനെ അവരുടെ വിജയം സുനിശ്ചിതമാണ് ; ആ നിലയ്ക്ക് പ്രചരണവും വോട്ടെണ്ണലുമൊക്കെ ഔപചാരികം മാത്രം.

എണ്ണിപ്പറയാൻ ഒമ്പതു ഗുണവും തികഞ്ഞവരായിരുന്നു ആദ്യകാല രാഷ്ട്രപതിമാർ - നിയമപണ്ഡിതനും ഭരണഘടനാപാരംഗതനുമായ ഡോ. രാജേന്ദ്ര പ്രസാദ്, മഹാ ദാർശനികനായ ഡോ. എസ്. രാധാകൃഷ്‌ണൻ, വിദ്യാഭ്യാസ വിചക്ഷണനായ ഡോ. സക്കീർ ഹുസൈൻ. പിന്നീട് രാഷ്ട്രീയക്കാർക്കായി മുൻഗണന - വി.വി. ഗിരി, ഫക്രുദീൻ അലി അഹമ്മദ്, നീലം സഞ്ജീവ് റെഡ്‌ഢി, ഗ്യാനി സെയിൽസിംഗ്, ആർ. വെങ്കിട്ടരാമൻ, ശങ്കർദയാൽ ശർമ്മ. അതിനുശേഷം നയതന്ത്രരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ. നാരായണനും ഇന്ത്യൻ അണുബോംബിന്റെ ശിൽപി ഡോ. എ.പി.ജെ അബ്ദുൾ കലാമും രാഷ്ട്രപതിമാരായി. തുടർന്ന് പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ് എന്ന നിലയിലേക്ക് തിരിച്ചുവന്നു. അവരുടെ തുടർച്ചയാണ് ദ്രൗപദി മുർമുവിലും കാണുന്നത്.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവർഗക്കാരിയുമാണ് ദ്രൗപദി മുർമു. ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂർഭഞ്ജിലെ ഒരു വിദൂരഗ്രാമത്തിൽ നിന്നാണ് അവർ വരുന്നത്. ബിരുദധാരിയാണ്. ആദ്യം അദ്ധ്യാപികയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും രണ്ടുതവണ നിയമസഭാംഗമാവുകയും ചെയ്തു. നവീൻ പട്‌നായിക്കിന്റെ മന്ത്രിസഭയിൽ കുറച്ചുകാലം സഹമന്ത്രിയായിരുന്നു. പിന്നീട് അഞ്ചുവർഷം ജാർഖണ്ഡിൽ ഗവർണറായി സേവനം അനുഷ്ഠിച്ചു. രാജേന്ദ്ര പ്രസാദിന്റെയോ രാധാകൃഷ്‌ണന്റെയോ സക്കീർ ഹുസൈന്റെയോ അതുമല്ലെങ്കിൽ അബ്ദുൾ കലാമിന്റെയോ ശ്രേണിയിൽ പെട്ടയാളല്ല ദ്രൗപദി മുർമു എന്നു വ്യക്തം. പ്രണബ് മുഖർജിയെപ്പോലെ ഭരണരംഗത്തോ കെ.ആർ. നാരായണനെപ്പോലെ നയതന്ത്രരംഗത്തോ വ്യക്തിമുദ്ര പതിപ്പിച്ചയാളുമല്ല. മിക്കവാറും സാധാരണക്കാരി. ഒരുപക്ഷേ പ്രതിഭാ പാട്ടീലിനെയും രാംനാഥ് കോവിന്ദിനെയും പോലെ ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തിയായ ഒരു രാഷ്ട്രപതിയായി അവർ കാലാവധി പൂർത്തിയാക്കിയേക്കാം.

അമേരിക്കൻ പ്രസിഡന്റിനെയോ ഫ്രഞ്ച് പ്രസിഡന്റിനെയോ പോലെ വിപുലമായ അധികാരങ്ങളൊന്നുമില്ല നമ്മുടെ രാഷ്ട്രപതിക്ക്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായത്തിലുള്ള പാർലമെന്ററി ജനാധിപത്യത്തിൽ അധികാരങ്ങളത്രയും കേന്ദ്രീകരിച്ചിട്ടുള്ളത് മന്ത്രിസഭയിലും പ്രധാനമന്ത്രിയിലുമാണ്. അവരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാനം മാത്രമാണ് രാഷ്ട്രപതിയുടേത് - ബ്രിട്ടീഷ് രാജ്ഞിയെയും കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഗവർണർ ജനറലിനെയും പോലെ. ഭരണ അസ്ഥിരത നടമാടുന്ന ചില സവിശേഷ സാഹചര്യങ്ങളിൽ മാത്രമാണ് രാഷ്ട്രപതിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാൻ സാധിക്കുക. നരേന്ദ്രമോദിയെപ്പോലെ ശക്തനായ ഒരു പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുമ്പോൾ സ്വതന്ത്രമായ തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ രാഷ്ട്രപതിയെ സംബന്ധിച്ചിടത്തോളം നന്നേ കുറവായിരിക്കും. രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി തികച്ചും ശാന്തമായി കടന്നുപോയത് ഓർമ്മിക്കുക. അതേസമയം തികച്ചും ആലങ്കാരികമായ പദവിയുമല്ല രാഷ്ട്രപതിയുടേത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമാണ് രാഷ്ട്രപതി. രാഷ്‌ട്രത്തലവനും സർവ സൈന്യാധിപനുമാണ്.

ഡോ. രാജേന്ദ്രപ്രസാദ് മുതൽ പ്രണബ് മുഖർജി വരെയുള്ള രാഷ്ട്രപതിമാരുടെ പട്ടിക പരിശോധിക്കുമ്പോൾ അവരിൽ അധികം പേരും ബ്രാഹ്മണരോ കായസ്ഥരോ ഇതര സവർണ ഹിന്ദു/ മുസ്ളിം സമുദായാംഗങ്ങളോ ആയിരുന്നുവെന്ന് കാണാൻ കഴിയും. ഗ്യാനി സെയിൽസിംഗ് ആയിരുന്നു പിന്നാക്കവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി. പിന്നീട് ഡോ. അബ്ദുൾ കലാം. കെ.ആർ. നാരായണനായിരുന്നു പട്ടികവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെയാൾ. പിന്നീടു രാംനാഥ് കോവിന്ദും ഇപ്പോൾ ദ്രൗപദി മുർമുവും. പ്രധാനമന്ത്രിമാരുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ദേവഗൗഡയായിരുന്നു പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി. രണ്ടാമത്തെയാൾ നരേന്ദ്രമോദിയും. മറ്റെല്ലാവരും തന്നെ ബ്രാഹ്മണ / കായസ്ഥ / ഇതര സവർണ ഹിന്ദു - സിക്ക് വിഭാഗക്കാർ. അങ്ങനെ സ്വാതന്ത്ര്യപ്രാപ്തി മുതൽ ബ്രാഹ്മണരാദി സവർണ വിഭാഗക്കാർ മാത്രം കൈയടക്കിവച്ചിരുന്ന സ്ഥാനത്തേക്കാണ് ഒഡിഷയിൽ നിന്നുള്ള ഒരു ആദിവാസി വനിത എത്തിച്ചേരുന്നത്. തീർച്ചയായും സാമൂഹ്യ വിപ്ളവത്തിന്റെ ഒരംശം അതിലുണ്ട്. ഒരാൾക്കും അതു നിഷേധിക്കാൻ കഴിയുകയില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബി.ജെ.പി 2017 ൽ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതും ഇപ്പോൾ ദ്രൗപദി മുർമുവിനെ അവതരിപ്പിക്കുന്നതും. ദളിത്, ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിയുടെ ശക്തി വർദ്ധിക്കുകയാണെന്ന് 2014 ലെയും 2019 ലെയും പാർലമെന്റ് തിരഞ്ഞെടുപ്പുകളും സമീപകാലത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നു. അതിന്റെ തുടർച്ച എന്ന നിലയ്ക്കുകൂടിയാണ് രാഷ്ട്രപതി സ്ഥാനത്തടക്കം പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളെ പാർട്ടി പരീക്ഷിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും ഒരു പരിധിവരെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായതുകൊണ്ട് അവിടെ ആഫ്രിക്കൻ വംശജർക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ, ഇവിടെ കെ.ആർ. നാരായണനും രാംനാഥ് കോവിന്ദും രാഷ്ട്രപതിമാരായതുകൊണ്ട് പട്ടികജാതിക്കാർക്ക് എന്തു പുണ്യമുണ്ടായി എന്നൊക്കെ ചോദിക്കുന്ന ദോഷൈകദൃക്കുകളുണ്ട്. ദ്രൗപദി മുർമു രാഷ്ട്രപതിയാകുന്നതു കൊണ്ട് ആദിവാസികൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഇക്കണ്ട കാലം മുഴുവൻ ബ്രാഹ്മണരെയും കായസ്ഥരെയും മാത്രം അധികാര സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരുന്നവരും അവരുടെ പിൻതലമുറക്കാരുമാണ് ഇത്തരം വിതണ്ഡവാദങ്ങൾ ഉന്നയിക്കുന്നത്. പട്ടികജാതി - പട്ടികവർഗക്കാർക്കും ഇതര ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും അത്യുന്നത സ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉണ്ടാകുന്നതു തന്നെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് അനിവാര്യമാണ്. അവർ ആ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് അതത് സമുദായങ്ങൾക്ക് എന്തു നേട്ടമുണ്ടായി എന്നത് മറ്റൊരു കാര്യമാണ്. 1964 ൽ രൂപീകൃതമായ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതനുണ്ടായത് 2022 ലാണെന്ന് ഓർക്കണം. നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ ഒരു പട്ടികജാതിക്കാരൻ മുഖ്യമന്ത്രിയായിട്ടില്ല എന്നതു പോകട്ടെ, ആഭ്യന്തരവകുപ്പോ വ്യവസായവകുപ്പോ വിദ്യാഭ്യാസ വകുപ്പോ ആരോഗ്യവകുപ്പോ ഒരിക്കലും കൈയാളിയിട്ടുമില്ല. പി.കെ. ചാത്തൻ മാസ്റ്റർ മുതൽ കെ. രാധാകൃഷ്‌ണൻ വരെ എല്ലാവർക്കും പതിച്ചുകിട്ടിയ വകുപ്പ് പട്ടികജാതി - പട്ടികവർഗ സംരക്ഷണം മാത്രമായിരുന്നു. അതിനു പുറമേ സ്പോർട്സോ യുവജനക്ഷേമമോ ദേവസ്വമോ മറ്റെന്തെങ്കിലുമോ കൂടി മാത്രം.

കോളനിവാഴ്ചക്കാലത്ത് വൈസ്രോയിയുടെ കൊട്ടാരമായിരുന്നു റെയ്‌സീന കുന്നുകളിലെ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി മന്ദിരം. ദോഷൈകദൃക്കുകൾ എന്തുതന്നെ പറഞ്ഞാലും ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിൽ നിന്നുള്ള ഒരു ആദിവാസി വനിത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ചരിത്രസംഭവം തന്നെയാണ്. തന്നിൽ അർപ്പിച്ച ഭാരിച്ച ചുമതല നിറവേറ്റാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DROUPADI MURMU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.