SignIn
Kerala Kaumudi Online
Friday, 26 April 2024 9.11 PM IST

ലഹരിക്കയത്തിനരികെ നമ്മുടെ കുട്ടികൾ ; തുറന്നിരിക്കട്ടെ ജാഗ്രതയുടെ കണ്ണുകൾ

chilldren

സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലും രാസലഹരികൾ പടരുന്ന വാർത്തകൾ മാതാപിതാക്കളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടികളെ എങ്ങനെ കെണികളിൽ നിന്ന് രക്ഷിക്കാമെന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങളുണ്ട്. കാർക്കശ്യത്തിന്റെ വാക്കുകളും സ്വാതന്ത്ര്യം മുട്ടിക്കുന്ന തരത്തിലുള്ള ശിക്ഷണ രീതികളും പ്രായോഗികമല്ലെന്ന് മാത്രമല്ല, പലപ്പോഴും വിപരീതഫലം ഉളവാക്കിയേക്കാം.


എങ്ങനെയാവണം

ബോധവത്കരണം
ഉപദേശരൂപത്തിലുള്ള പ്രഭാഷണങ്ങൾക്ക് പകരം കുട്ടികളെ പങ്കാളികളാക്കിയ ചർച്ചകളാണ് അഭികാമ്യം. ലഹരിക്ക് അടിമപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ ആളുകളുടെ അനുഭവകഥകൾ കുട്ടികളുമായി പങ്കുവയ്ക്കുന്നതും നല്ലതാണ്. കുട്ടികൾ സ്‌കൂളിൽപ്പോയി തുടങ്ങുന്ന പ്രായം മുതലേ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ചെറിയതോതിൽ ആരംഭിക്കാം.

പുകവലി , മദ്യപാനം തുടങ്ങി സമൂഹത്തിൽ പരസ്യമായി കാണപ്പെടുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാം. സംസാരം കുട്ടികൾക്ക് ബോദ്ധ്യപ്പെടുന്ന തരത്തിലാവണമെന്ന് മാത്രം.
പത്തുവയസിനു മുൻപ് തന്നെ ഗൗരവസ്വഭാവമുള്ള ലഹരി വസ്തുക്കളുടെ അപകടത്തെക്കുറിച്ച് സൂചന നല്കണം. കഞ്ചാവും മയക്കുമരുന്നുകളും അടക്കമുള്ള ലഹരിയുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനം തകരാറിലാക്കി വ്യക്തിയെ മാനസികരോഗിയാക്കി മാറ്റുന്നെന്ന വസ്തുത വിശദീകരിക്കണം. ചെറുപ്രായത്തിൽ തന്നെ ഇത്തരം ആശയങ്ങൾ മനസിൽ ആവർത്തിച്ചുറപ്പിക്കുന്നത് കുട്ടികളുടെ മനസിൽ ലഹരിയോട് വെറുപ്പുളവാക്കാൻ സഹായിക്കും.

പ്രേരണകളെ

തോൽപ്പിക്കാൻ
സമപ്രായക്കാരുടെ സമ്മർദ്ദം മറികടക്കാനുള്ള സ്വഭാവദൃഢത നേടാനുള്ള പരിശീലനം വീട്ടിൽത്തന്നെ തുടങ്ങണം. പരീക്ഷയിലെ തോൽവിയോ മാനസിക സംഘർഷങ്ങളോ ഉണ്ടായാൽ ലഹരിയിൽ അഭയം പ്രാപിക്കാതെ വീട്ടിൽ തുറന്നു സംസാരിക്കാനുള്ള അവസരം ഉറപ്പുനല്കണം.

ജീവിതത്തിൽ എന്തുസംഭവിച്ചാലും ആവശ്യമായ മാനസിക പിന്തുണ വീട്ടിൽനിന്ന് ലഭിക്കുമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിയണം. ഈ ഉറപ്പ് അവരെ ലഹരിയുടെ കെണികളെ പ്രതിരോധിക്കാൻ സഹായിക്കും.


കുട്ടികളെ

സംശയിക്കണോ?
കുട്ടികളുടെ ബാഗ് പരിശോധിക്കുക, മുറിയിൽ പരതി നോക്കുക തുടങ്ങിയ രീതികൾ ചില മാതാപിതാക്കൾക്കുണ്ട്. കുട്ടികളുടെ ലഹരി ഉപയോഗം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് ഈ മാതാപിതാക്കളുടെ ധാരണ. ചിലപ്പോഴൊക്കെ ലഹരി ഉപയോഗം കണ്ടെത്താൻ കഴിഞ്ഞെന്നും വരാം. എന്നാൽ ഇതിന്റെ മറുവശം ആലോചിച്ചു നോക്കൂ, സദാസമയം തങ്ങളെ സംശയത്തിന് നിഴലിൽ നിറുത്തുകയും ഏത് നേരവും നിരീക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നുമെന്ന് ഉറപ്പാണ്.

കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ അസ്വാഭാവികതകൾ കണ്ടാൽ തുറന്നു സംസാരിക്കുക. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് രഹസ്യമായി നിരീക്ഷിക്കാം.


എങ്ങനെ തിരിച്ചറിയാം?
ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അമിതദേഷ്യം, ശബ്ദങ്ങളോടുള്ള അസഹിഷ്ണുത, തലവേദന, ശരീരം മെലിയുക, കണ്ണുകൾ സദാസമയം ചുവന്നിരിക്കുക, ശരീരത്ത് രക്തം വരുന്നത് ഉൾപ്പെടെയുള്ള മുറിപ്പാടുകൾ, പഠനത്തിൽ പെട്ടെന്നുണ്ടാകുന്ന പിന്നാക്കാവസ്ഥ എന്നിവ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളാണ്. ദീർഘനേരം മുറിയടച്ചിരിക്കുക , മാതാപിതാക്കളോട് സംസാരിക്കാൻ വിസമ്മതിക്കുക, എന്നിവയും സൂചനകളാണ്. അതുവരെയില്ലാത്ത സുഹൃത്തുക്കൾ പ്രത്യക്ഷപ്പെടുക, അവരെക്കുറിച്ച് വെളിപ്പെടുത്താൻ വിസമ്മതിക്കുക എന്നിവയും സംശയിക്കണം. പ്രായത്തിനു യോജിക്കാത്ത തരത്തിൽ മുതിർന്ന സുഹൃത്തുക്കളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കുക.


ക്ലാസ് സമയത്ത് ഉറക്കം തൂങ്ങുന്നതും ക്ലാസിൽ ശ്രദ്ധിക്കാതെ ഇരിക്കുന്നതും അധ്യാപകർ ഗൗരവമായി കാണണം. നിസാരകാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുക, കൂട്ടുകാരോട് അടികൂടുക, നിസാരകാര്യങ്ങൾക്ക് കരയുക എന്നിവയും ലഹരി ഉപയോഗത്തിന്റെ സൂചനകളാണ്. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ മോശമാവുകയും ഇടയ്‌ക്കിടെ ക്ലാസിൽ വരാതിരിക്കുന്നതും അദ്ധ്യാപകരുടെ ജാഗ്രത ആവശ്യമുള്ള സന്ദർഭങ്ങളാണ്.


എങ്ങനെ

ഇടപെടണം?
കുട്ടികൾ ലഹരി ഉപയോഗിക്കുന്നെന്ന് സംശയം തോന്നിയാൽ കുറ്റപ്പെടുത്തുകയോ പ്രശ്നക്കാരായി മുദ്രകുത്തുകയോ അരുത്. അവരോട് തുറന്നു സംസാരിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറാകണം. തുറന്നു പറയാനുള്ള ആത്മവിശ്വാസം നൽകുക.

പലപ്പോഴും സമപ്രായക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങിയായിരിക്കും കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിച്ചാൽ പഠനം മെച്ചപ്പെടുമെന്ന് ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. മാനസികസമ്മർദ്ദം മറികടക്കാനുള്ള മാർഗമായും ലഹരി ഉപയോഗിച്ചതാകാം.

കുട്ടി സംസാരിക്കുമ്പോൾ അവനെ തടസപ്പെടുത്താതെ, ഇടയ്ക്കുകയറി ഉപദേശിക്കാതെ, പ്രശ്നങ്ങളെ നിസ്സാര വത്കരിക്കാതെ ശ്രദ്ധയോടെ കേൾക്കാം. തന്നെ മനസ്സിലാക്കാൻ ആരെങ്കിലുമുണ്ടെന്ന തിരിച്ചറിവ് ലഹരിയുടെ ലോകത്തുനിന്ന് തിരിച്ചുവരാൻ അവന് പ്രേരണയാകും. മറിച്ചായാൽ ലഹരിയുടെ വഴിയേ തന്നെ പോകാൻ തീരുമാനിച്ചുറപ്പിക്കും.

സഹപാഠികളിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നെങ്കിൽ അത് അധ്യാപകരെ അറിയിക്കാനുള്ള ഉത്തരവാദിത്വം കുട്ടികൾക്ക് നൽകണം. ആ കുട്ടിയെ രക്ഷപ്പെടുത്താനാണ് നാം ശ്രമിക്കുന്നതെന്നും അവരെ ബോധ്യപ്പെടുത്തണം. വിവരങ്ങൾ രഹസ്യമായി അദ്ധ്യാപകരെ അറിയിക്കാനുള്ള അന്തരീക്ഷം നിർബന്ധമായും വിദ്യാലയങ്ങളിലുണ്ടാവണം. സ്വന്തം അസ്തിത്വം വെളിപ്പെടുത്താതെ തന്നെ വിവരങ്ങൾ രഹസ്യമായി അറിയിക്കാനുള്ള പരാതിപ്പെട്ടികൾ സ്‌കൂളിൽ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

വേണം

സ്വഭാവ ദൃഢത
സമപ്രായക്കാരുടെ സമ്മർദ്ദം അതിജീവിക്കാനാവശ്യമായ സ്വഭാവദൃഢത പരിശീലനം കൗമാരം ആരംഭിക്കും മുമ്പ് തന്നെ കുട്ടികൾക്ക് നൽകേണ്ടത് അനിവാര്യമാണ്. തനിക്ക് അനാരോഗ്യകരമായ കാര്യം ചെയ്യാൻ സുഹൃത്തുക്കൾ നിർബന്ധിച്ചാൽ സൗഹൃദം മുറിഞ്ഞു പോകാതെ തന്നെ ' സാദ്ധ്യമല്ല' എന്ന് പറയാനുള്ള നിപുണതയാണ് സ്വഭാവ ദൃഢത.

ഇങ്ങനെ പറയുമ്പോൾ, തന്നെ കൂട്ടുകാർ ഒറ്റപ്പെടുത്തുമെന്ന് ശങ്കിച്ച് കൂട്ടുകാർക്കായി ഇഷ്ടമില്ലാത്ത കാര്യങ്ങൾപോലും ചെയ്തു പോകുന്ന സാഹചര്യം കൗമാരത്തിൽ സാധാരണയാണ്. ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പല കുട്ടികളും ലഹരി ഉപയോഗം ആരംഭിക്കുന്നത്. എന്നാൽ ചെറുപ്രായത്തിൽതന്നെ തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആര് നിർബന്ധിച്ചാലും ദൃഢമായ രീതിയിൽ അതിനെ എതിർക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം.
വിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി ' ജീവിത നിപുണത വിദ്യാഭ്യാസം' ആരംഭിക്കുക വഴി ഇത്തരം പല പരിശീലനങ്ങളും കുട്ടികൾക്ക് ക്ലാസ്സിൽത്തന്നെ ലഭിക്കാനുള്ള അവസരമൊരുങ്ങും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 20 മണിക്കൂർ വീതം പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ജീവിത നിപുണത പരിശീലനം ലക്ഷ്യംവച്ചുകൊണ്ട് ഈ ലേഖകൻ അടക്കമുള്ള ഒരു ടീം തയ്യാറാക്കിയ ' ഉല്ലാസ പറവകൾ' എണ്ണ മോഡ്യൂൾ തിരുവനന്തപുരം എസ്.സി.ഇ ആർ.ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരിശീലനം എല്ലാ വിദ്യാലയങ്ങളിലും നിർബന്ധിതമായി നടപ്പിലാക്കുക വഴി വലിയൊരളവ് കുട്ടികളെ ശാക്തീകരിക്കാം.


ലഹരി വിമോചനം

സാദ്ധ്യമാക്കാം
ഒരു കുട്ടി ലഹരിക്ക് അടിമപ്പെട്ടു അഥവാ ലഹരിവസ്തു ഉപയോഗിച്ചതിനെ തുടർന്ന് കാര്യമായ പെരുമാറ്റ പ്രശ്നങ്ങൾ കാണിക്കുന്നെങ്കിൽ അടിയന്തരമായി സൈക്യാട്രിസ്റ്റിനെ കാണിച്ച് ലഹരി വിമോചന ചികിത്സ ആരംഭിക്കണം..
തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവിനെ അളവ് വർദ്ധിക്കുന്നതാണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദ അനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണം കൊണ്ട് തന്നെയാണ് ലഹരിവസ്തുക്കൾ വീണ്ടും വീണ്ടും ഉപയോഗിക്കാനും അതിന് അടിമപ്പെടാനുമുള്ള സാഹചര്യം ഒരുങ്ങുന്നത്. ചില ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ ഡോപ്പമിൻ അളവ് ക്രമാതീതമായി വർദ്ധിക്കുകയും അത് ചിത്തഭ്രമലക്ഷണങ്ങൾക്കും അക്രമസ്വഭാവത്തിനും കാരണമാവുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് ലഹരിക്ക് അടിമപ്പെട്ടവർ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനും വരെ കാരണമാകുന്നത്.

വിദ്യാലയങ്ങളിലും കലാലയങ്ങളിലും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരുപറ്റം കൗമാരപ്രായക്കാരെ അണിനിരത്തി ലഹരി വിമോചന ക്ലബ്ബുകൾ തുടങ്ങേണ്ടതും അത്യാവശ്യമാണ്.


( തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ arunb.nair@yahoo.com )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG ABUSE IN STUDENTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.