SignIn
Kerala Kaumudi Online
Saturday, 27 April 2024 6.16 AM IST

കോളേജുകളിൽ തൊഴിൽ-സംരംഭക കേന്ദ്രങ്ങൾ വരും പഠനം, ഒപ്പം തൊഴിലും പണവും...!

eng

പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് വരുമാനം നേടുന്ന സമ്പ്രദായം വിദേശ രാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുൻപേയുണ്ട്. ഫീസും നിത്യ ചെലവുകൾക്കുള്ള വരുമാനവുമെല്ലാം വിദ്യാർത്ഥികൾക്ക് ഇങ്ങനെ കണ്ടെത്താനാവും. മാത്രമല്ല ചെറുപ്പത്തിലേ തൊഴിൽ സംസ്കാരം വളർത്താനുമാവും. കേരളത്തിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം ഏതാനും വർഷമായി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെങ്കിലും ഫലം കണ്ടിട്ടില്ല. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പാക്കാൻ സാങ്കേതിക സർവകലാശാല ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വ്യവസായ ശാലകളുടെ യൂണിറ്റുകൾ തുടങ്ങാനും അവിടെ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നേടാനും വരുമാനമുണ്ടാക്കാനുമുള്ള വിപ്ലവകരമായ പദ്ധതി ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്.

ഉന്നതവിദ്യാഭ്യാസം അക്കാഡമിക് വൃത്തത്തിൽ ചുരുങ്ങാതെ പ്രായോഗിക ജീവിതത്തിന് ഗുണപ്പെടുന്ന തരത്തിലാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നവരെപ്പോലും പുതിയ കാലഘട്ടത്തിന്റെ തൊഴിൽ ശാലകളിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് കമ്പനികളുടെ ഏറെക്കാലമായുള്ള പരാതിയാണ്. അടുത്ത അഞ്ചുവർഷം കൊണ്ട് ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം ഐ.ടി ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി സാദ്ധ്യമാക്കാൻ കഴിയുമെന്നും ഇതിലൂടെ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഐ.ടി, ഐ.ടി ഇതര വ്യവസായങ്ങളുടെ ആവശ്യത്തിനായി മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നല്ലെന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സ്കിൽ ട്രെയിനിംഗ് സെന്ററുകൾക്കും ഫിനിഷിംഗ് സ്കൂളുകൾക്കും തൊഴിലന്വേഷകർക്ക് മികച്ച പരിശീലനം നൽകുന്നതിൽ പരിമിതികളേറെയാണ്.

വൈദഗ്ദ്ധ്യമുള്ള തൊഴിൽ സേനയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് ഐ.ടി സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും ആറുമാസത്തെ പരിശീലന പരിപാടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ഇവർക്ക് പ്രതിമാസം 5000രൂപ സർക്കാർ നൽകും. ഇത്രയും തുകയെങ്കിലും സ്ഥാപനവും നൽകണം. പരിശീലനത്തിൽ മികവുകാട്ടിയാൽ അവിടെ നിയമനം നൽകുകയുമാവാം. ഇക്കൊല്ലം 5000പേർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. കമ്പനികൾക്ക് ആവശ്യമായ തരത്തിലുള്ള തൊഴിൽ പരിശീലനം ടെക്കികൾക്ക് നൽകാൻ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പരിശീലന പദ്ധതിയും നടപ്പാക്കും. ഇങ്ങനെ പലവിധ പരിശീലനങ്ങളിലൂടെ ഐ.ടിയിലും മറ്റ് വ്യവസായങ്ങൾക്കും വൈദഗ്ദ്ധ്യമുള്ളവരെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റമാണ് ലക്ഷ്യം. എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവയോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകളും സ്റ്റാർട്ട് അപ്പുകളും ഉത്പാദന കേന്ദ്രങ്ങളും സജ്ജമാക്കുന്നതോടെ, പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിലും വിദ്യാർത്ഥികളെ പങ്കാളികളാക്കാനാവും. കോളേജുകളോട് അനുബന്ധിച്ചുള്ള തൊഴിൽ-സംരംഭക കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നേടാം, വരുമാനമുണ്ടാക്കാം. പൂർവ വിദ്യാർത്ഥികളെയടക്കം ഇവയുമായി ബന്ധിപ്പിക്കും.

ഗവേഷണം നാടിന്റെ നന്മയ്ക്ക്

വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി മൂല്യവർദ്ധിത ഉത്പാദനവും ആഭ്യന്തര വരുമാനവും വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉത്പാദന മേഖലയ്ക്ക് ഗുണകരമാക്കും. ഇതിനായി സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ വികസിപ്പിക്കും. ഇവയോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ കേന്ദ്രങ്ങളുമുണ്ടാവും. കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ്, ഫിഷറീസ്, മെഡിക്കൽ, ടെക്നിക്കൽ, വെറ്ററിനറി, അഗ്രികൾച്ചർ സർവകലാശാലകൾക്ക് ഇതിനായി 20കോടി വീതം ആകെ 200കോടി അനുവദിച്ചിട്ടുണ്ട്. പഴഞ്ചൻ സിലബസുകളുള്ള കോഴ്സുകൾക്ക് പകരമായി സർവകലാശാലകളിൽ ആധുനിക ഹ്രസ്വകാല, പി.ജി കോഴ്സുകൾ പ്രോജക്ട് മോഡിൽ തുടങ്ങും. നോളഡ്ജ് ഇക്കണോമി മിഷനിൽ പങ്കാളികളായി കെ-ഡിസ്കുമായി സഹകരിച്ച് കോഴ്സുകൾ ഏറ്രെടുക്കുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ സഹായിക്കും.

അക്കാ‌ഡമിക്, ഗവേഷണം മെച്ചപ്പെടുത്താനും ഗവേഷണം നവകേരള സൃഷ്ടിക്ക് സഹായകമാക്കാനും 150പേർക്ക് ചീഫ് മിനിസ്റ്റേഴ്സ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. കേരള, എം.ജി, കുസാറ്റ്, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 1500 ഹോസ്റ്റൽ മുറികളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 250മുറികളും 100കോടി ചെലവിട്ട് നിർമ്മിക്കും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ 20ലക്ഷം തൊഴിൽ ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കും. ചെലവ് 350കോടി. ഓരോന്നിനും 15ഏക്കർ വരെ ഭൂമിയേറ്റെടുക്കാൻ കിഫ്ബി പണം നൽകും. പരിചയസമ്പന്നരായ സംരംഭകർക്ക് പ്രവർത്തന സൗകര്യമൊരുക്കാൻ സ്കിൽ പാർക്കുകളിലെ പകുതി സ്ഥലം നൽകും. ഭാവി സംരംഭകർക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യ 5വർഷം സബ്സിഡികൾ അനുവദിക്കും. കഴക്കൂട്ടം, കളമശേരി സ്കിൽപാർക്കുകളിൽ ഓഗ്‌മെന്റഡ്- വിർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കും. എല്ലാ കോളേജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സോളാർ മേൽക്കൂര, മാലിന്യ സംസ്കരണം, പച്ചക്കറി- പുഷ്പ കൃഷി എന്നിവ ലക്ഷ്യമിട്ട് ഹരിത കാമ്പസ് പദ്ധതി നടപ്പാക്കും.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പിന്തുണ

അഞ്ചുവർഷം കൊണ്ട് 20 ലക്ഷം തൊഴിൽ ഉറപ്പാക്കി കേരളത്തിന്റെ ശാപമായ തൊഴിലില്ലായ്മയെ നേരിടാനുള്ള മഹാദൗത്യം നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തൊഴിൽരഹിതർക്ക് പിന്തുണ നൽകുന്നതിനൊപ്പം മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനാവുന്ന തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിനാണ് (കെ-ഡിസ്ക്) ചുമതല. തൊഴിൽ ഉറപ്പാക്കൽ മാത്രമല്ല, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ ചലനമുണ്ടാക്കാനുള്ള നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മുപ്പതിനായിരം രൂപയെങ്കിലും വരുമാനമുള്ള ജോലികളായിരിക്കും ലക്ഷ്യം.

ഇത്രയും തൊഴിൽ വന്നാൽ കേരളത്തിന്റെ മുഖച്ഛായ മാറും. ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ നൈപുണ്യപരിശീലനം നൽകിയശേഷം തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുക. ആഗോളതലത്തിൽ 12ലക്ഷം, തദ്ദേശീയമായി എട്ടുലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാഗ്ദാനം 6000തൊഴിലാണ്. നൈപുണ്യപരീശീലനം, അടിസ്ഥാന സൗകര്യമൊരുക്കൽ, തൊഴിലിടങ്ങൾ സജ്ജമാക്കൽ എന്നിവയും സർക്കാർ നടത്തും. അഞ്ച് വർഷംകൊണ്ട് 35ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകും. പുതിയ തൊഴിലവസരങ്ങൾക്കായി വിപണിയെ മനസിലാക്കിയുള്ള നൈപുണ്യ, മൂല്യനിർണയ, മൈക്രോ പരിശീലനം, കരിയർ കൗൺസലിംഗ് എന്നിവ നൽകും.

തൊഴിൽരഹിതരായ അഭ്യസ്തവിദ്യർ

40ലക്ഷം

ജോലി മുടങ്ങിപ്പോയ വനിതകൾ

അഞ്ച് ലക്ഷം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷനുള്ളവർ

16ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EARNING WITH LEARNING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.