SignIn
Kerala Kaumudi Online
Sunday, 28 April 2024 10.09 AM IST

കനലണയാതെ കരുവന്നൂർ; പിടി ഇനിയും മുറുകും

crpf

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കരുവന്നൂർ സഹകരണ ബാങ്കിലും തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളിലുമായി രാവും പകലും നടത്തിയ മിന്നൽ 'ഓപ്പറേഷൻ' എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു. ആയുധധാരികളായ സി.ആർ.പി.എഫ് ഭടന്മാരും ഉന്നതഉദ്യോഗസ്ഥരും അടക്കം 75 ഓളം പേർ കരുവന്നൂരിലും പരിസരപ്രദേശങ്ങളിലും കുതിച്ചെത്തി, അതീവസുരക്ഷയോടെയും ഗൗരവത്തോടെയും പരിശോധന തുടർന്നതോടെ കരുവന്നൂരിൽ കനൽ അടുത്തൊന്നും അണയില്ലെന്ന് വ്യക്തമായി. മാദ്ധ്യമങ്ങളെ അകറ്റിനിറുത്തിയും അവധിയിലായിരുന്ന ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയും ബാങ്കിൽ പൂട്ടിവെച്ച രേഖകൾ പുറത്തെടുത്തും ഇ.ഡി. പരിശോധന കടുപ്പിച്ചു. നിരവധിരേഖകളും കൊണ്ടുപോയി. ഭൂരിഭാഗവും, അജ്ഞാതരുടെ പേരിൽ നൂറോളം വായ്പകൾ പാസാക്കാൻ ഉപയോഗിച്ച വ്യാജരേഖകൾ അടക്കമുള്ള വായ്പാത്തട്ടിപ്പുകളുടെ കൃത്യമായ തെളിവുകളായിരുന്നു. രേഖകളിലെല്ലാം പേരും വിലാസവും മറ്റുവിവരങ്ങളും തെറ്റായിരുന്നു. മരിച്ചവരുടെ പേരിൽപോലും രേഖകളുണ്ടാക്കിയെന്നും അവർക്ക് വ്യക്തമായി. ഭൂരിഭാഗം പേരുടെയും ഈടുവസ്തുക്കളും വ്യാജമായിരുന്നു. സംശയാസ്പദ ഇടപാടുകളുടെ പകർപ്പ് ഇ.ഡി ശേഖരിച്ചു. യഥാർത്ഥ രേഖകൾ ബാങ്കിനുള്ളിലെ മുറിയിൽ പൂട്ടി മുദ്രവച്ചു. ഡിജിറ്റൽ തെളിവുകളാണ് കൂടുതലും തേടാൻ ശ്രമിച്ചത്. ബാങ്കിന്റെ പ്രധാന ശാഖയിലും പ്രതികളുടെ വീടുകളിലും കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവയിലെ ഹാർഡ് ഡിസ്‌കും വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടതു തന്നെ പരിശോധനയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നുണ്ട്. ബാങ്കിൽ ക്രമക്കേടും അഴിമതികളും 1998ൽ തുടങ്ങിയതാണെന്ന് കാണിച്ചുള്ള റിപ്പോർട്ടിന്റെ പകർപ്പും ഇ.ഡി. സംഘം കൊണ്ടുപോയ രേഖകളിലുണ്ട്. എന്നാൽ ബാങ്കിൽ നിന്നൊഴികെ മറ്റൊരിടത്തു നിന്നും അസൽ രേഖകൾ കണ്ടെത്താൻ സാധിക്കാതെയാണ് ഇ.ഡി. മടങ്ങിയതെന്നാണ് വിവരം. ബാങ്കിൽനിന്ന് കസ്റ്റഡിയിലെടുത്ത ഹാർഡ് ഡിസ്‌കുകളിൽ കാര്യമായ വിവരങ്ങളുണ്ടായിരുന്നില്ല. തട്ടിപ്പ് നടത്തിയ സംഘം ഇതിലെ വിവരങ്ങൾ തക്കസമയത്തു തന്നെ നശിപ്പിച്ച് കളഞ്ഞിരുന്നു. വിദഗ്ധ ഐ.ടി. സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തി ഒരിക്കലും ഡാറ്റകൾ തിരിച്ചെടുക്കാനാവാത്ത രീതിയിൽ നശിപ്പിച്ചുവെന്ന് ചുരുക്കം. തട്ടിപ്പ് സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനും മാസങ്ങൾക്കു മുൻപേ പ്രതികൾ ഒളിവിൽ പോയത് എന്തിനെന്നും വ്യക്തം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് നോട്ടുനിരോധനക്കാലത്ത് കോടികളുടെ നിക്ഷേപമെത്തുകയും പിൻവലിക്കുകയും ചെയ്തതാണ് ഇ.ഡി. അന്വേഷിക്കുന്ന വിഷയങ്ങളിലൊന്ന്. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിൻവലിച്ചതെന്നും കണ്ടെത്താൻ കഴിയാത്ത തരത്തിൽ തെളിവുകളെല്ലാം പ്രതികൾ നശിപ്പിച്ചതായാണ് വിവരം. നിക്ഷേപിച്ച തുകയേക്കാൾ ഭീമമായ സംഖ്യ പിൻവലിക്കുകയും ചെയ്തതായി പറയുന്നു. എന്തായാലും കരുവന്നൂർ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കീഴ്‌ക്കോടതിയിൽ സമർപ്പിക്കുകയും ചെയ്ത സമയത്ത് ഇ.ഡി.മിന്നൽ പരിശോധനയ്ക്ക് എത്തിയത് സർക്കാരിനെ കൂടുതൽ അസ്വസ്ഥമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടിലെ വൈരുദ്ധ്യവും പ്രതിസന്ധിയായിട്ടുണ്ട്. 2019ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ 300 കോടിയുടെ തട്ടിപ്പാണിത്. പൊലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത് ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്. സഹകരണ വകുപ്പിലെ ഉന്നതതലസംഘം നടത്തിയ അന്വേഷണത്തിൽ 227 കോടിയുടെ തട്ടിപ്പാണ് പറയുന്നത്.

നടപടി വീണ്ടും?

കരുവന്നൂർ അടക്കം തൃശൂരിലെ ചില സഹകരണ ബാങ്കുകളുടെ ക്രമക്കേട് പ്രതിരോധത്തിലാക്കിയതോടെ സി.പി.എം ജില്ലാ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. കരുവന്നൂർ തട്ടിപ്പിന് പിന്നാലെ, ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെയും ഏതാനും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. കരുവന്നൂർ, മൂസ്‌പെറ്റ് തുടങ്ങിയ ബാങ്കുകളിലുണ്ടായ ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ എല്ലാ ബാങ്കുകളുടെയും പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയുടെ ഇടപെടൽ. കരുവന്നൂരിൽ ചികിത്സാചെലവ് കിട്ടാതെ നിക്ഷേപക ഫിലോമിന മരിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കോൺഗ്രസും ബി.ജെ.പിയും ഇത് മുതലെടുത്തുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കരുവന്നൂരിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ നേതാക്കൾക്കെതിരെയും ജീവനക്കാർക്കെതിരെയും സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാകമ്മിറ്റി അംഗങ്ങൾക്കെതിരെയും ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കെതിരെയുമായിരുന്നു നടപടി. സഹകരണ ബാങ്കുകളെ ചൊല്ലി നിരവധി പരാതികളാണ് ഇപ്പോഴുമുള്ളത്. പാർട്ടി കമ്മിറ്റികളിൽ ഇത് അഭിപ്രായഭിന്നതയ്ക്കും ഇടയാക്കി. കഴിഞ്ഞദിവസം കേസിലെ പ്രതികളും മുൻ ഭരണ സമിതി അംഗങ്ങളും പാർട്ടി ജില്ലാനേതൃത്വവും കരുവന്നൂർ വിഷയത്തിൽ പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രൻ കരുവന്നൂർ വിഷയത്തിൽ കുറ്റക്കാരനാണെന്നും വീഴ്ചയുള്ളതിനാലാണ് പാർട്ടി ശിക്ഷാനടപടി എടുത്തതെന്നും ജില്ലാ സെക്രട്ടറി തുറന്നുപറഞ്ഞിരുന്നു. സി.പി.എം നേതൃത്വത്തിലുള്ള ബാങ്ക് മുൻ ഭരണസമിതിയും പ്രസിഡന്റുമാണ് തട്ടിപ്പിന് ഉത്തരവാദികളെന്ന് സി.കെ. ചന്ദ്രനും മറുപടി നൽകിയിരുന്നു.

ഇനിയും കനലെരിയും

പ്രതികളുടെ കുടുംബാംഗങ്ങളും പാർട്ടിക്കെതിരെ കഴിഞ്ഞദിവസം പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. ഇ.ഡി പരിശോധനയുണ്ടായതും നേതാക്കൾക്കിടയിൽ ചർച്ചയായി. വായ്പാതട്ടിപ്പുകളുടെ രേഖകൾ അടക്കം ഇ.ഡി കൊണ്ടുപോയിട്ടുണ്ട്. ജനങ്ങളുമായി ബന്ധം പുലർത്തുന്ന സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായത് ഫലപ്രദമായി പരിശോധിക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സാധിച്ചില്ലെന്നതാണ് പാർട്ടി ഗൗരവമായി വിലയിരുത്തുന്നത്. സഹകരണബാങ്കുകളുടെ പ്രവർത്തനം ആഴത്തിൽ പരിശോധിക്കാൻ തൃശൂരിലെ സഹകരണ സംഘങ്ങളെ ഉടച്ചുവാർക്കാനും ബാങ്കുകളിലെ ജീവനക്കാർക്ക് പരിശീലനം നൽകാനും വീഴ്ച കണ്ടെത്തിയാൽ ഉടൻ നടപടിയും ഇടപെടലുമുണ്ടാവാനും ശ്രമമുണ്ടാകും. അതുകൊണ്ടുതന്നെ കരുവന്നൂർ കുറേക്കാലം കത്തിനിൽക്കുമെന്ന് വ്യക്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ED RAID IN KARUVANNUR BANK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.