
രാജ്യത്ത് അറുപത് വയസ് കഴിഞ്ഞവരുടെ എണ്ണം, ഏറ്റവും പുതിയ കണക്കനുസരിച്ച് 149 ദശലക്ഷമാണ്- ആകെ ജനസംഖ്യയുടെ 10.5 ശതമാനം! 65 പിന്നിട്ടവരാകട്ടെ, ജനസംഖ്യയുടെ 6.4 ശതമാനം വരും. ഈ മുതിർന്ന പൗരന്മാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകളും ദുരിതങ്ങളും വിവരണാതീതമാണ്. അത് തിരിച്ചറിഞ്ഞാകണം, മുൻ ചലച്ചിത്രതാരവും ഇപ്പോൾ പാർലമെന്റ് അംഗവുമായ ജയാ ബച്ചൻ ഇങ്ങനെ പറഞ്ഞത്: 'മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കുവാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ, 65 വയസിനു മുകളിൽ പ്രായമുള്ളവരെ കൊന്നുകളയുന്നതാണ് ഭേദം!"
വിവാദ പ്രസ്താവനയെന്ന് തോന്നിയേക്കാമെങ്കിലും മുതിർന്ന പൗരന്മാരുടെ തലമുറ അനുഭവിക്കുന്ന കഷ്ടതകളുടെ രൂക്ഷത വെളിപ്പെടുത്താൻ പര്യാപ്തമാണ് ആ പ്രതികരണം. 'എന്തിന് ഇങ്ങനെ ജീവിക്കുന്നു; ഇതിനേക്കാൾ ഭേദം മരണമാണെ"ന്ന് ചിന്തിക്കുന്ന എണ്ണമറ്റ മുതിർന്ന പൗരന്മാർ രാജ്യത്തുണ്ട്. ആരോഗ്യ പ്രശ്നങ്ങളാണ് വാർദ്ധക്യത്തിൽ നേരിടേണ്ടിവരുന്ന പ്രധാന ബുദ്ധിമുട്ട്. ഓർമ്മനഷ്ടം പോലെയുള്ള
ന്യൂറോളജി പ്രശ്നങ്ങളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും.വാർദ്ധക്യത്തിലെ ആരോഗ്യ, മാനസിക പ്രശ്നങ്ങൾ എല്ലാവർക്കും സംഭവിക്കുന്നതാണെന്ന വിവേകത്തോടെ പരിചരിക്കുകയാണ് വേണ്ടത്.
വയോജന കമ്മിഷൻ
എഴുപതു വയസ് കഴിഞ്ഞവർക്കു വേണ്ടി കേന്ദ്ര സർക്കാർ ഇപ്പോൾ 'ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന" എന്നൊരു സൗജന്യ ചികിത്സാ സംവിധാനം നടപ്പിലായാൽ പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. എന്നാൽ കേരളത്തിൽ ഈ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ സംസ്ഥാന വിഹിതം കേന്ദ്ര സഹായമായി ലഭിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അറുപതു വയസ് കഴിഞ്ഞവരുടെ ക്ഷേമം ലക്ഷ്യമാക്കി കേരള സർക്കാർ രൂപീകരിച്ച 'വയോജന കമ്മിഷൻ" ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. രാജ്യത്ത്, മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നത് ആദ്യമായി കേരളമാണ് എന്നിരിക്കെയാണ് ഈ അലംഭാവം.
ചികിത്സാ ചെലവും
ഇൻഷ്വറൻസും
ഇക്കാലത്തെ ദൈനംദിനച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്. ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ആശുപത്രിയെ സമീപിച്ചാലുള്ള അവസ്ഥ എല്ലാവർക്കും അറിവുള്ളതാണ്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ഒരു പരിധിവരെ ചെലവുകൾ ലഘൂകരിക്കുമെങ്കിലും, മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ കഠിന വ്യവസ്ഥകൾക്ക് വിധേയരാകണം.കമ്പനികളാകട്ടെ, പോളിസി എടുക്കുന്നവർക്ക് അവരുടെ ക്ളെയിം എങ്ങനെ നിഷേധിക്കാമെന്ന ചിന്തയിലുമാണ്. അർഹരായ മുതിർന്ന പൗരന്മാർക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഹെൽത്ത് ഇൻഷ്വറൻസ് ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. അല്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ സൗജന്യ ചികിത്സയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തണം.
മുതിർന്ന പൗരന്മാരുടെ ചികിത്സാ ചെലവ് ലഘൂകരിക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരിക, അവർക്ക് സാമ്പത്തികസഹായം ചെയ്യുക, ആശ്രയമില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ വാസസംവിധാനങ്ങൾ ഏർപ്പെടുത്തുക, പൊതുവാഹനങ്ങളിൽ യാത്രാ ഇളവുകൾ അനുവദിക്കുക, ട്രെയിനിലും വിമാനങ്ങളിലും കുറഞ്ഞ നിരക്കിൽ യാത്രാസംവിധാനം ഒരുക്കുക... തുടങ്ങിയവയെല്ലാം മുതിർന്ന പൗരന്മാരോട് പുലർത്തുന്ന ഏറ്റവും പ്രാഥമികമായ നീതിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |