SignIn
Kerala Kaumudi Online
Friday, 26 April 2024 10.28 PM IST

സമഗ്ര വിദ്യാഭ്യാസ നയം അനിവാര്യം

photo

സാമ്പത്തിക പിന്നാക്കാവസ്ഥയിലും വിദ്യാഭ്യാസ - ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള വികസനമാതൃക ലോകം ചർച്ച ചെയ്യുന്നത്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ മുന്നേറ്റം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വർദ്ധനയും വ്യവസായ-കാർഷിക സാങ്കേതിക ഉത്‌പാദന മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നതാണ് വികസിതരാജ്യങ്ങളുടെയും സമീപകാലത്ത് ചൈനയുടെയും അനുഭവങ്ങൾ തെളിയിക്കുന്നത്.
വിദ്യാഭ്യാസമേഖല ഉത്‌പാദന മേഖലയുടെയും അതുവഴി സാമ്പത്തികമേഖലയുടെയും വളർച്ചയ്‌ക്ക് പ്രേരകശക്തിയാവുന്നു. അതേ അവസരത്തിൽ ഉത്‌പാദന - സേവന മേഖലകൾ വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്‌ക്കും വൈവിദ്ധ്യവത്‌കരണത്തിനും ഉദ്ദീപന ശക്തിയാവുന്നു. ഉത്‌പാദനമേഖലയ്‌ക്കാവശ്യമായ മനുഷ്യവിഭവശേഷി നൽകേണ്ടത് വിദ്യാഭ്യാസ മേഖലയാണല്ലോ. കേരളത്തിൽ സംഭവിച്ചത് മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസമേഖല വളർന്നു പന്തലിച്ച കാലത്താണ് ഉത്‌പാദനമേഖല മുരടിച്ചു പോയത്. കേരളത്തിന്റെ സമ്പദ് ഘടന നേരിടുന്ന വെല്ലുവിളികൾ എറ്റെടുക്കാൻ പാകത്തിൽ വിദ്യാഭ്യാസമേഖലയെ പരിവർത്തനം ചെയ്യാൻ നമുക്കായില്ല. മാറിയ ലോകസാഹചര്യങ്ങൾക്കാവശ്യമായ കൂടുതൽ നൈപുണ്യങ്ങളും കഴിവുകളും വിദ്യാർത്ഥികൾക്ക് നൽകാനായില്ലെന്നു മാത്രമല്ല ശാരീരികാദ്ധ്വാനത്തോട് വിരക്തി ജനിപ്പിക്കുകയും പരമ്പരാഗതമായി ലഭിച്ചിരുന്ന കഴിവുകൾകൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിൽ വളർന്നുവന്നത്.

പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയുടെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനു പകരം എൻജിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ തൊഴിൽ സാദ്ധ്യത കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കും മറ്റ് തൊഴിലധിഷ്ംിത കോഴ്സുകളിലേക്കും കേരളം തിരിഞ്ഞു. കേരളത്തിൽ പഠനസൗകര്യം കുറവായതുകൊണ്ട് അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ കോളേജുകളിലേക്കുള്ള ഒഴുക്കായാണ് ഈ പ്രവണത ആരംഭിച്ചത്. പിന്നീട് കേരളത്തിൽ സ്വാശ്രയ കോളേജുകൾ വൻതോതിൽ സ്ഥാപിക്കാൻ തുടങ്ങി. കുട്ടികളുടെ അഭിരുചിയോ താത്പര്യമോ പരിഗണിക്കാതെ ജീവിത സുരക്ഷിതത്വക്കുറിച്ചുള്ള വികലധാരണകളുമായി മാതാപിതാക്കൾ പ്രൊഫഷണൽ കോഴ്സുകൾ മക്കളുടെമേൽ അടിച്ചേൽപ്പിക്കുന്നു. ഫലമോ വിദ്യാഭ്യാസ ഉത്‌പാദന മേഖലകൾ പരസ്പരം ഉദ്ദീപിപ്പിക്കുന്നതിന് പകരം ഒന്നിനെ മറ്റൊന്ന് തളർത്തുന്നതായി.

പൊതുവിദ്യാഭ്യാസമേഖലയിൽ നിന്നും പുറത്തുവരുന്ന ബിരുദധാരികൾ നേരിടുന്ന പ്രധാന പ്രശ്നം പുതിയ തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പര്യാപ്തമായ പരിശീലനം അവർക്ക് ലഭിക്കുന്നില്ലെന്നതാണ്. ബിരുദധാരികളുടെ തൊഴിൽലഭ്യതാ സാദ്ധ്യത കുറഞ്ഞു വരുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. ലോകമെമ്പാടും വിദ്യാസമ്പന്നർ സമൂഹത്തിന്റെ ആസ്തിയായിരിക്കുമ്പോൾ കേരളത്തിൽ മാത്രം അവർ ബാദ്ധ്യതയാവുന്നു. കേവലം ആശയവിനിമയ ശേഷിയുടെ കുറവുകൊണ്ടു മാത്രം നിരവധി തൊഴിലവസരങ്ങൾ ബിരുദധാരികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്, ആശയവിനിമയ ശേഷിക്കു പുറമേ, വിശകലന സാമർത്ഥ്യവും തൊഴിൽ ലഭ്യതയ്‌ക്ക് ആവശ്യമാണ്. പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഇത്തരം കഴിവുകൾ കുട്ടികൾക്ക് നൽകുന്നതിനുള്ള പഠനബോധന രീതികൾ ആവിഷകരിക്കേണ്ടതാണ്. സാമൂഹ്യ പിന്നാക്കാവസ്ഥയിലും ദരിദ്ര വിഭാഗത്തിലും പെട്ടവർ പഠിക്കുന്ന ഐ.ടി.ഐ, പോളിടെക്‌നിക്‌, വൊക്കേഷണൽ ഹയർ സെക്കൻഡറി, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, സർവകലാശാല ഡിപ്പർട്ടുമെന്റുകൾ തുടങ്ങിയവ നേരിടുന്ന അക്കാഡമിക്ക് ഭരണപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിലുറപ്പാക്കാനും അടിയന്തരമായി ശ്രദ്ധിക്കണം. യുവജനങ്ങളുടെ വ്യക്തിത്വവികസനം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയുടെ ഇന്ധനമായി മാറാനും വിദ്യാഭ്യാസമേഖലയ്‌ക്ക് കഴിയണം. സാർവദേശീയ - ദേശീയ നിലവാരമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങൾ സംസ്ഥാന കേന്ദ്രസർക്കാരുകൾക്ക് കീഴിൽ കേരളത്തിലുണ്ട്. സർവകലാശാലകളുടെ ഗവേഷണ സെന്ററുകളെന്ന പരിഗണന ഒഴികെ നമ്മുടെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവയ്‌ക്കുള്ള അക്കാദമിക്ക് ബന്ധം വളരെ പരിമിതമാണ്.

നവീന കോഴ്സുകൾ ആരംഭിക്കാനും ലൈബ്രറി, ലാബോറട്ടറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പങ്കിടാനും അദ്ധ്യാപനത്തിനും ഗവേഷണത്തിനും വിദഗ്ദ സേവനം പ്രയോജനപ്പെടുത്താനും സഹായകരമായ രീതിയിൽ സർവകലാശാലകളും കോളേജുകളും ഗവേഷണസ്ഥാപനങ്ങളും തമ്മിൽ ബന്ധം സ്ഥാപിയ്‌ക്കുക .

ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്ക് അക്കാഡമിക്ക് നേതൃത്വം നൽകേണ്ട സർവകലാശാലകൾ ധനപരവും ഭരണപരവും അക്കാഡമിക്കുമായ പ്രതിസന്ധി നേരിടുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് തയാറാക്കിയ സ്റ്റാറ്റിറ്റ്യൂട്ടിന്റെയും ആക്ടിന്റെയും ബലത്തിലാണ് സർവകലാശാലകളുടെ ഭരണം . സർവകലാശാലകളിൽ നിക്ഷിപ്തമായിട്ടുള്ള അക്കാഡമിക്ക് ലക്ഷ്യം നിറവേറ്റാൻ തീരെ പ്രാപ്തമല്ലാത്ത ഭരണരീതികളാണ് ഇപ്പോഴുള്ളത്. ചട്ടങ്ങളിലും നിയമങ്ങളിലും ഉചിതമായ മാറ്റം വരുത്തിയും ആധുനികവത്‌കരണം നടപ്പിലാക്കിയും സർവകലാശാലയിൽ നിക്ഷിപ്തമായ അക്കാദമിക്ക് അജണ്ട സാക്ഷാത്‌കരിക്കാൻ സഹായകരമായ ഭരണപരിഷ്‌കാരം നടപ്പിലാക്കേണ്ടതാണ്.
സിൻഡിക്കേറ്റ്, അക്കാഡമിക്ക് കൗൺസിൽ, സെനറ്റ് തുടങ്ങിയ സർവകലാശാല ഭരണസമിതികളുടെ ഘടന, അധികാരപരിധി, അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ നാളിതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ പരിശോധനയ്‌ക്ക് വിധേയമാക്കി അഭിപ്രായ സമന്വയത്തോടെ ഉചിതമായ മാറ്റത്തിന് വിധേയമാക്കണം. ഉത്‌പാദന സേവന മേഖലകളെയും കേരളം നേരിടുന്ന വെല്ലുവിളികളെയും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുത്തികൊണ്ടും വിജ്ഞാന ഉത്‌പാദനത്തിനു ഊന്നൽ നൽകിക്കൊണ്ടുമുള്ള സമഗ്രമായ വിദ്യാഭ്യാസനയം കേരളം കരുപ്പിടിപ്പിക്കേണ്ടിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധപ്രശ്നങ്ങൾ പഠിച്ച് അക്കാഡമിക്ക് സമൂഹം, വിദ്യാഭ്യാസ വിചക്ഷണർ, അദ്ധ്യാപക - വിദ്യാർത്ഥി സംഘടനകൾ, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ എന്നിങ്ങനെ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും സമഗ്രവും സമുചിതവുമായ ഉന്നത വിദ്യാഭ്യാസനയം ആവിഷ്‌കരിക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION POLICY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.